കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലെ മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

July 8, 2012 കേരളം

കല്ലൂപ്പാറ: ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി താഴികക്കുടം കവര്‍ച്ചചെയ്യപ്പെട്ട കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി സൗത്ത് സോണ്‍ കെ. ചന്ദ്രശേഖരന്‍, ഐജി ബി. സന്ധ്യ, ടെമ്പിള്‍ സ്‌ക്വാഡ് എസ്പി ഉണ്ണിരാജ, എസ്പി കെ. ബാലചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ടെമ്പിള്‍ സക്വാഡ് അറിയിച്ചു. കല്ലൂപ്പാറ ക്ഷേത്രം കേസ് പോലീസും ക്രൈം ഡിപ്പാര്‍ട്ട്‌മെന്റും ടെമ്പിള്‍ സ്‌ക്വാഡും ചേര്‍ന്നാണ് അന്വേഷിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്കു നല്കിയാല്‍ അത് കേസിനെ ബാധിക്കുമെന്നും ബി. സന്ധ്യ പറഞ്ഞു.

ക്ഷേത്രം മോഷണക്കേസുകളിലെ പ്രതികളെ ശാസ്ത്രീയമായ രീതിയില്‍ കണ്ടുപിടിക്കണമെന്നും അന്വേഷണത്തിനു നേതൃത്വം നല്കുന്ന ടെമ്പിള്‍ സ്‌ക്വാഡിന് ആവശ്യമായ വാഹനവും അനുബന്ധ സാധനസാമഗ്രികളും നല്കി സ്‌ക്വാഡ് വിപുലീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ കല്ലൂപ്പാറ ക്ഷേത്രത്തിലെ സംഭവത്തെപ്പറ്റി ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടനെ പിടികൂടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെമ്പിള്‍ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയതില്‍ പിന്നെ ക്ഷേത്രങ്ങളിലെ മോഷണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നു ഐജി ബി. സന്ധ്യ പറഞ്ഞു.

കൃത്യം നടത്തിയതിനുശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്നു പറയുന്ന ചേതക് സ്‌കൂട്ടര്‍ വാകത്താനം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചു വരികയാണ്. ക്ഷേത്രം കാവല്‍ക്കാരന്‍ ചന്ദ്രശേഖരന്‍പിള്ളയെ ഇന്നലെ രാവിലെ വിട്ടയച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം