സര്‍ക്കാരിന്റെ ചില നിലപാടുകളോടാണ് എതിര്‍പ്പുള്ളതെന്ന് സുകുമാരന്‍ നായര്‍

July 8, 2012 മറ്റുവാര്‍ത്തകള്‍

കൊല്ലം: യു.ഡി.എഫ് സര്‍ക്കാരിനോടല്ല മറിച്ച് സര്‍ക്കാരിന്റെ ചില നിലപാടുകളോടാണ് എതിര്‍പ്പുള്ളതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. മലപ്പുറം എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നം പരിഹരിക്കാന്‍ കെ.പി.സി.സിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്നാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ അവഗണിച്ചാലും എന്‍.എസ്.എസ് അതിനെ അവഗണനയായിത്തന്നെ കാണും. പക്ഷെ, ഭൂരിപക്ഷ അവകാശങ്ങളെ ഹനിച്ചാല്‍ ചോദിക്കാനും പറയാനും ആരുമില്ലെന്ന സാഹചര്യമാണ് ഉള്ളത്. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. ഇതിനെതിരേ ശബ്ദമുയര്‍ത്താനാണ് എസ്.എന്‍.ഡി.പിയുമായി യോജിക്കാന്‍ തീരുമാനിച്ചത്.

ഭൂരിപക്ഷ താത്പര്യങ്ങള്‍ക്കെതിരേ നിലപാടു തുടര്‍ന്നാല്‍ എന്തു വിലകൊടുത്തും എസ്.എന്‍.ഡി.പിയുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറുമായുളള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഗണേശ് താല്‍പര്യം കാട്ടിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സിയും വഞ്ചനാപരമായ നിലപാടാണ് കൈക്കൊണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍