എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

July 9, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: അബുദാബി-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ 122  യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണ്. സാങ്കേതിക തകരാറു മൂലമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. പുലര്‍ച്ചെ 3.37നാണ് സംഭവം.

എയര്‍ബസ് എ 319 ആണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും തകരാറിലായതോടെ കോക്ക്പിറ്റില്‍ അപായലൈറ്റ് തെളിയുകയും പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി വാങ്ങുകയുമായിരുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.നവാബ്ഷാ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ യാത്രക്കാരെയും ജീവനക്കാരെയും ഇന്ത്യയിലെത്തിക്കാനായി എയര്‍ ഇന്ത്യ മറ്റൊരു വിമാനമയയ്ക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് പര്‍വേസ് ജോര്‍ജ് അറിയിച്ചു.

ഇതിനായി എയര്‍ ഇന്ത്യ വിമാനം രാവിലെ പത്തരയ്ക്ക് ഡല്‍ഹിയില്‍ നിന്നു പുറപ്പെടും.വിമാനത്തിന്റെ തകരാറുകള്‍ പരിഹരിക്കാനായി എട്ട് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെയും എയര്‍ ഇന്ത്യ നവാബ്ഷാ വിമാനത്താവളത്തിലേക്ക് അയയ്ക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍