ഷുക്കൂര്‍ വധം: പി ജയരാജനെ ചോദ്യംചെയ്തു

July 9, 2012 കേരളം

കണ്ണൂര്‍: എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷൂക്കൂര്‍ കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പോലീസ് വീണ്ടും ചോദ്യംചെയ്തു. പയ്യാമ്പലം ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ചോദ്യംചെയ്യലിനായി എം.വി ജയരാജനൊപ്പമാണ് പി ജയരാജന്‍ ഹാജരായത്.

ചോദ്യംചെയ്യുന്ന സമയത്ത് പി ജയരാജനൊപ്പം തന്നെയും അകത്തിരുത്തണമെന്ന് എം.വി ജയരാജനാവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതു സമ്മതിച്ചില്ല. കണ്ണൂരില്‍ പോലീസ്‌കാവലും ശക്തമാക്കിയിട്ടുണ്ട്. പയ്യാമ്പലം ഗസ്റ്റ്ഹൗസ് പരിസരത്തും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണമുണ്ട്. സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പോലീസ്‌കാവല്‍.

രണ്ടാമത് ചോദ്യംചെയ്യാനായി ജൂണ്‍ 22ന് ഹാജരാകാനാണ് ജയരാജന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നടുവേദനയും കടുത്ത ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നതിനാല്‍ രണ്ടാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം അറിയിച്ചാല്‍ ഹാജരാകാമെന്നാണ് ജയരാജന്‍ അറിയിച്ചത്. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന പ്രതീതിയില്ലാതെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ജയരാജന്‍ സക്രിയമായത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ജൂലായ് അഞ്ചിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഒമ്പതിനേ ഹാജരാകാന്‍ കഴിയൂ എന്ന് ജയരാജന്‍ വീണ്ടും അറിയിച്ചതിനെത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.

ഏറ്റവുമടുത്ത ദിവസംതന്നെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ.യേയും ചോദ്യംചെയ്യാനാണ് സാധ്യത. നിയമസഭ കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് രാജേഷ് അറിയിച്ചത്. എന്നാല്‍, ജയരാജന്റെ മൊഴി അനുസരിച്ചാവും ഇക്കാര്യത്തിലുള്ള അന്തിമതീരുമാനം അന്വേഷണസംഘം സ്വീകരിക്കുന്നത്. എസ്.പി.രാഹുല്‍ ആര്‍.നായര്‍, ഡിവൈ.എസ്.പി. പി.സുകുമാരന്‍, സി.ഐ. യു.പ്രേമന്‍ എന്നിവരാണ് ജയരാജന്റെ മൊഴിയെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം