നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഡാറ്റാ ബാങ്ക് റദ്ദാക്കില്ലെന്ന് അടൂര്‍ പ്രകാശ്

July 9, 2012 കേരളം

തിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ നിലവിലെ ഡാറ്റാ ബാങ്ക് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഡാറ്റാ ബാങ്ക് പരിശോധന നടത്തി അപാകതകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ്.സുനില്‍കൂമാറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കൃഷിക്കാര്‍ അല്ലാത്തവര്‍ക്ക് നെല്‍വയല്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ച ഡാറ്റാ ബാങ്കിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതികള്‍ പരിഹരിച്ച് പുതിയ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഭൂമാഫിയക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരായ പ്രതിപക്ഷം നിയമസഭ ഇന്ന് ബഹിഷ്കരിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം