എതിര്‍പ്പ് സര്‍ക്കാരിന്റെ നിലപാടുകളോട്: ജി. സുകുമാരന്‍ നായര്‍

July 9, 2012 കേരളം

ശാസ്താംകോട്ട: സര്‍ക്കാരിനോടല്ല, സര്‍ക്കാരിന്റെ നിലപാടുകളോടാണ് എന്‍.എസ്.എസിന് എതിര്‍പ്പെന്ന്  എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.  എന്തു വിട്ടുവീഴ്ചചെയ്തും ഭൂരിപക്ഷത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി. ഐക്യം തുടരുമെന്ന്  അദ്ദേഹം പറഞ്ഞു.  സംവരണത്തിന്റെ പേരില്‍ ഭൂരിപക്ഷ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ്. ഒരു സമുദായത്തിനും എതിരല്ല. മുസ്‌ലിം ലീഗിന് ഒരു മന്ത്രിയെക്കൂടി കൊടുക്കുന്നതിലും എന്‍.എസ്.എസ്സിന് എതിര്‍പ്പില്ല. സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നുമാത്രമാണ് എന്‍.എസ്.എസ്. പറഞ്ഞത്.  എന്‍.എസ്.എസ്. വര്‍ഗ്ഗീയമായി ചിന്തിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഒരു സമുദായത്തോടും അമിതമായ താത്പര്യമോ താത്പര്യക്കുറവോ കാണിക്കരുതെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ എന്‍.എസ്.എസ്സിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി. ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്. കുന്നത്തൂര്‍ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ നടന്ന നായര്‍മഹാസംഗമവും കരയോഗ പ്രവര്‍ത്തക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ള അധ്യക്ഷത വഹിച്ചു. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം