ഭാഗവതകഥകള്‍

July 10, 2012 സനാതനം

ജനാര്‍ദ്ദനന്‍ നായര്‍
ശൗനകനും സൂതനും
ഒരിക്കല്‍ നൈമിശം എന്ന വനത്തില്‍വച്ച് ശൗനകന്‍ തുടങ്ങിയ മുനിമാര്‍ ഒരു മഹായാഗം തുടങ്ങി. അവിടെ എത്തിയ സൂതനെ ശൗനകാദികള്‍ സര്‍ക്കരിച്ചിരുത്തി. ആദരവോടെ ചോദിച്ചു. ‘സൂതാ, അങ്ങ് പുരാണങ്ങളും ഇതിഹാസങ്ങളും പറയുകയും ധര്‍മ്മശാസ്ത്രങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അങ്ങ് എല്ലാമറിയുന്ന വേദവ്യാസന്റെ ശിഷ്യനുമാണ്.

മനുഷ്യര്‍ക്ക് അനശ്വരമായ ശ്രേയസ് ഉണ്ടാകുന്നത് എങ്ങിനെയാണെന്ന് ഞങ്ങളോട് പറയണം. ദൈവാസനുഗ്രഹം കിട്ടുവാന്‍വേണ്ടി ഞങ്ങള്‍ ശ്രദ്ധയോടെ ഇരിക്കുകയാണ്. ഭജിക്കുന്നവരെ രക്ഷിക്കുന്ന ഭഗവാന്‍ കൃഷ്ണന്‍ എന്തിനുവേണ്ടി വസുദേവന്റെ പുത്രനായി ദേവകിയില്‍ ജനിച്ചു? സര്‍വേശ്വരനായ വിഷ്ണുവിന്റെ മത്സ്യം തുടങ്ങിയ അവതാരകഥകള്‍ എന്തൊക്കെയാണ്? ശ്രീകൃഷ്ണന്റെ മാധുര്യമേറിയ കഥകള്‍ എത്ര കേട്ടാലും മതിവരുകയില്ല. ജീവിതമാകുന്ന സമുദ്രത്തിന്റെ മറുകരയെത്തുവാന്‍ ആഗ്രഹിക്കുന്ന ഞങ്ങള്‍ക്ക് ഈശ്വരന്‍ അങ്ങയെ കാണിച്ചുതന്നു.’

സൂതന്‍ തന്റെ ഗുരുവായ ശുകബ്രഹ്മര്‍ഷിയേയും മഹാവിഷ്ണുവിനേയും സരസ്വതിദേവിയേയും വ്യാസമഹര്‍ഷിയേയും വന്ദിച്ചശേഷം പറയുവാന് തുടങ്ങി. ‘അല്ലയോ മുനിമാരെ’ നിങ്ങള്‍ ശ്രീകൃഷ്ണഭഗവാന്റെ ചരിതം അറിയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. ഭഗവാന്റെ സല്‍കഥ പറയുന്നരുടെയും കേള്‍ക്കുന്നവരുടെയും മനസ്സിനെ സന്തോഷിപ്പിക്കുന്നു. ജനങ്ങള്‍ക്ക് ശ്രീകൃഷ്ണനില്‍ ഇളകാത്ത ഭക്തി ഉണ്ടായാല്‍ ആ പ്രവൃത്തിയാണ് ശാശ്വതമായ ഫലം ഉളവാക്കുന്ന പരമധര്‍മ്മം. ഭഗവാനില്‍ ഭക്തി ഉറയ്ക്കുന്തോറും മറ്റു വിഷയങ്ങളില്‍ ആഗ്രഹം ഉണ്ടാകാതെ മനസ്സ് പരിശുദ്ധമാകുന്നു. ഭഗവാന്റെ കഥകളില്‍ താല്പര്യമുണ്ടായാലേ മനസ് പരിശുദ്ധമാവുകയുള്ളൂ അല്ലെങ്കില്‍ ആ പ്രയത്‌നം നിഷ്ഫലമാകും. അതുകൊണ്ട് ഹേ മഹര്‍ഷിമാരേ! ഭഗവാന്‍ കൃഷ്ണനെ സന്തോഷിപ്പിക്കുവാനുള്ള ആരാധനം തന്നെയാണ് സുപ്രധാനം.

ഭഗവാനെക്കുറിച്ച് നിത്യവും കേള്‍ക്കുകയും കീര്‍ത്തിക്കുകയും പൂജിക്കുകയും ധ്യാനിക്കുകയും വേണം. അവിടത്തെ കഥിയിലുള്ള താല്‍പര്യം അഹങ്കാരത്തെ ശമിപ്പിക്കുന്നു. ഭക്തന്മാരുമയുള്ള ഒത്തുചേരല്‍ കൊണ്ടും, ഭാഗവതം വായിക്കുന്നതുകൊണ്ടും കേള്‍ക്കുന്നതുകൊണ്ടും മനസ്സിലുള്ള ചീത്തവാസനകള്‍ നശിക്കുമ്പോള്‍ ശ്രീകൃഷ്ണനില്‍ ഇളകാത്ത ഭക്തിയുണ്ടാകും വേദത്തിനു തുല്യവും ഭഗാവന്റെ അവതാരകഥകള്‍ അടങ്ങിയതുമായ ഭാഗവതം സര്‍വജ്ഞനായ വ്യാസമഹര്‍ഷിയാണ് രചിച്ചത്. വ്യാസന്‍, ഈ ഭാഗവതം തന്റെ പുത്രനായ ശുകബ്രഹ്മര്‍ഷിയെ കേള്‍പ്പിച്ചു. ശ്രീശുകനാകട്ടെ രാജാവായ പരീക്ഷിത്തിനെ ഗ്രഹിപ്പിച്ചു ഗംഗാതീരത്ത് മഹര്‍ഷിമാരുടെ സാന്നിദ്ധ്യത്തിലാണ് ശ്രീശുകന്‍. ഭാഗവതം ഉപദേശിച്ചത്. അവരുടെയിടയിലിരുന്ന് ഞാനും ഭാഗവതം മനസ്സിലാക്കി’. ഭാഗവതത്തെപ്പറ്റി ഇതാ ഒരുശ്ലോകം.

‘നിഗമകലപ്തരോര്‍ഗളിതം ഫലം
ശുകമുഖാദമൃതദ്രവ സംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാഃ ഭുവി ഭാവുകാഃ

സുദീര്‍ഘമായ യാഗത്തില്‍ ഏര്‍പ്പെട്ടിരുന്ന മഹര്‍ഷിമാരുടെ കുലപതിയായ ശൗനകന്‍ സൂതനോടു ചോദിച്ചു. ശ്രീശുകന്‍ പറഞ്ഞുകൊടുത്ത ഭാഗവതകഥ ഏതു യുഗത്തില്‍ ഏതു സ്ഥാനത്തുവച്ച് എന്തുനിമിത്തമാക്കി ആരംഭിച്ചതാണ്? ഭാഗവതം നിര്‍മ്മിക്കാന്‍ ആരാണ് വ്യാസനെ പ്രേരിപ്പിച്ചത്? ശ്രീശുകന്‍ മഹായോഗിയും സമദൃഷ്ടിയും ഏകാഗ്രചിത്തനുമാണെങ്കിലും മൂഢനെ പോലെയാണല്ലോ കാണപ്പെടുന്നത്? സൂതന്‍ മറുപടി പറഞ്ഞു.

ശ്രീശുകന്‍ ബ്രഹ്മവുമായി, പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ച മഹായോഗിയായിരുന്നു. ശ്രീശുകനെ കാണാതെ ഒരിക്കല്‍ വിരഹാര്‍ത്തനായ വ്യാസന്‍ മകനേ… എന്നു നീട്ടി വളിച്ചപ്പോള്‍ വൃക്ഷലതാദികളാണ് വിളികേട്ടത്. അതാണ് ശ്രീശുകന്റെ പ്രകൃതിയുമായുള്ള തന്മയീഭാവം. ഒരിക്കല്‍ അപ്‌സരസ്ത്രീകള്‍ കുളിച്ചുകൊണ്ടിരുന്ന ഒരു തടാകത്തിന്റെ തീരത്തിലൂടെ ശ്രീശുകന്‍ മുമ്പിലും വേദവ്യാസന്‍ പിന്നിലുമായി പോവുകയായിരുന്നു. അപ്‌സരസ്ര്തീകള്‍ ശ്രീശുകനെ കണ്ടിട്ട് ലജ്ജിക്കുകയോ വസ്ത്രം ധരിക്കുകയോ ചെയ്തില്ല. വേദവ്യാസനെ കണ്ട് അവര്‍ ലജ്ജിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തു. ഇതിന്റെ കാരണം വ്യാസന്‍ അവരോടു ചോദിച്ചു. ദിവ്യജ്ഞാനിയായ അങ്ങയുടെ മകന് സ്ത്രീപുരുഷഭേദമില്ല. അങ്ങക്ക് അതുണ്ട്. അതാണ് കാരണം.

നാരദ മഹര്‍ഷിയുടെ വരവ്
സൂതന്‍ തുടര്‍ന്നു. ദ്വാപരയുഗത്തില്‍ പരാശര മഹര്‍ഷിക്ക് സത്യവതിയില്‍ വേദവ്യാസന്‍ ജനിച്ചു. ഒരു ദിവസം വ്യാസന്‍ ഏകാന്തതയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ നാരദമഹര്‍ഷി ആശ്രമത്തില്‍ വന്നുചേര്‍ന്നു. വേദവ്യാസന്‍ നാരദനെ എതിരേറ്റ് സല്‍ക്കരിച്ചിരുത്തി. നാരദമഹര്‍ഷി വ്യാസനോടു പറഞ്ഞു. അങ്ങ് വേദങ്ങള്‍ നാലായി പകുത്തു സര്‍വാര്‍ത്ഥപൂര്‍ണ്ണമായ മഹാഭാരതം അങ്ങെഴുതി അറിയേണ്ടത് അറിഞ്ഞു. എന്നിട്ടും അസംതൃപ്തനായിക്കാണുന്നതെന്താണ്? വ്യാസന്‍, അതുകേട്ട് അതിനുള്ളകാരണം ഭക്തോത്തമനും ലോകസഞ്ചാരിയുമായ നാരദനോട് ആരാഞ്ഞു. ‘എന്റെ കുറവിനെപ്പറ്റി അങ്ങുതന്നെ പറഞ്ഞു തരണം. അതുകേട്ട് നാരദന്‍ അങ്ങ് ഭഗവാനെപ്പറ്റി അധികം എഴുതിയിട്ടില്ല. അതാണ് സംതൃപ്തിയുണ്ടാകാത്തത്. പുരുഷാര്‍ത്ഥങ്ങള്‍ എത്രതന്നെ വര്‍ണ്ണിച്ചാലും ശ്രീകൃഷ്ണകഥ വര്‍ണ്ണിച്ചില്ലെങ്കില്‍ ന്യൂനത ഉണ്ടാകും. ഭക്തിയോടുകൂടിയല്ലാത്ത ജ്ഞാനം ശോഭനമാവുകയില്ല. അതുകൊണ്ട് സംസ്‌കാര ബന്ധവും ജീവിതക്ലേശവും ഇല്ലാതാവും. ഈ കാണുന്നതെല്ലാം ഭഗവാന്റെ സ്വരൂപമാണ്. അത് അങ്ങേക്കറിയാമല്ലോ. ഭഗവല്‍കഥാവര്‍ണ്ണനം ആണ് ഉത്തമധര്‍മ്മം.

ഭക്തിയുടെ മാഹാത്മ്യം
നാരദന്‍ തുടര്‍ന്നു: ഒരു ദാസിയുടെ പുത്രനായി ജനിച്ച ഞാന്‍ ബാല്യത്തില്‍ തന്നെ, ചാതുര്‍മ്മാസ്യവ്രതം അനുഷ്ഠിച്ചുകൊണ്ടിരുന്ന വേദജ്ഞരായ മഹര്‍ഷിമാരെ സേവിക്കാനിടയായി. അവരുടെ എല്ലാ ആജ്ഞകളും ഞാന്‍ അനുസരിച്ചു. അല്പ ഭാഷിയും സേവകനുമായ എന്നില്‍ അവര്‍ ദായലുക്കളായി. അവിടെവച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകള്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നു. ഞാന്‍ കൃഷ്ണഭക്തനായിത്തീര്‍ന്നു. എന്റെ മനസ്സ് കൃഷ്ണനില്‍ ുറച്ചു. എപ്പോഴും കൃഷ്ണനാമങ്ങള്‍ ജപിക്കുവാന്‍ തുടങ്ങി. ഭക്തിനാള്‍ക്കുനാള്‍ വളര്‍ന്നു. ചാതുര്‍മ്മാസ്യം കഴിഞ്ഞ് യാത്രയായ ണഹര്‍ഷിമാര്‍, പാപമറ്റ എനിയ്ക്ക തത്വജ്ഞാനം ഉപദേശിച്ചു. അങ്ങനെ ഭഗവാന്റെ മായാവിലാസങ്ങള്‍ അറിയുവാന്‍ ഇടയായി. ഭക്തിയോടു ചേര്‍ന്ന ജ്ഞാനമാണ് ഉത്തമം. എന്റെ ദൃഢനിശ്ചയത്തെ അറിഞ്ഞ് അവര്‍ എനിക്കു ജ്ഞാനവും ഐശ്വര്യവും തന്ന് അനുഗ്രഹിച്ചു. ഭഗവല്‍ ഭക്തി ഒന്നുമാത്രമാണ് ദുഃഖ നിവൃത്തിക്കുള്ള ഔഷധം.

ഏകമകനായ എന്നില്‍ അമ്മയ്ക്ക് വളരെയധികം സ്‌നേഹമുണ്ടായിരുന്നു. അവര്‍ എന്നെ വളര്‍ത്തുവാന്‍ അശക്തയായിരുന്നു. ഒരിക്കല്‍ അമ്മ, പശുവിനെ കറക്കുവാന്‍ പോയപ്പോള്‍ പാമ്പുകടിയേറ്റു പ്രാണന്‍ വെടിഞ്ഞു. ഞാന്‍ താമസിച്ചിരുന്ന ഗൃഹംവെടിഞ്ഞ് വടക്കുദിക്കുനോക്കി യാത്രയായി. ഗ്രാമങ്ങള്‍, വനങ്ങള്‍, നഗരങ്ങള്‍, പര്‍വ്വതങ്ങള്‍, പൊയ്കകള്‍ മുളക്കൂട്ടങ്ങള്‍ ഇവയെല്ലാം കണ്ടു കണ്ടു നടന്നു. വിശപ്പും ദാഹവുംകൊണ്ട് വലഞ്ഞ് ഒരു ആല്‍മരച്ചോട്ടില്‍ ഇരുന്നു.

പരമാത്മാവിനെ ധ്യാനിച്ചുകൊണ്ട് ഭഗവത്ചരണങ്ങളെ സ്മരിച്ചുകൊണ്ട് കണ്ണുനീര്‍ വാര്‍ത്ത് ഇരിക്കുമ്പോള്‍ ഉള്ളില്‍ മഹാവിഷ്ണു പ്രത്യക്ഷമായി ശരീരം കോരിത്തരിച്ചു. ഞാന്‍ ആനന്ദസാരത്തില്‍ ആറാടി. ബോധം ഇല്ലാതായി. പക്ഷെ ഭഗവാന്റെ രൂപം പെട്ടെന്ന് അപ്രത്യക്ഷമായി. ഞാന്‍ അസ്വസ്ഥനായി എഴുന്നേറ്റു. ഭഗവാന്റെ മനോമോഹനരൂപംം വീണ്ടും കാണുവാനുള്ള ആഗ്രഹത്തോടെ അതൃപ്തനും ദുഃഖിതനുമായിത്തീര്‍ന്നു. അപ്പോള്‍ ഞാന്‍ ഒരു അശരീരി ശ്രവിച്ചു. ‘ഈ ജന്മത്തില്‍ എന്നെ കാണുവാന്‍ സാധ്യമല്ല. ഒരിക്കല്‍ എന്റെ രൂപം കാണിച്ചത് എന്നും അതു കാണുവാനുള്ള ആഗ്രഹം ഉണ്ടാക്കുവാന്‍ വേണ്ടിയാണ്. ആ ആഗ്രഹം അഹങ്കാരത്തെ നശിപ്പിക്കും. സത് സംഗം കൊണ്ടാണ് നിനക്ക് എന്നില്‍ ബുദ്ധിയുറച്ചത്. എന്റെ അനുഗ്രഹംകൊണ്ട് എപ്പോഴും എന്റെ സ്മൃതിയുണ്ടാകും. ‘ അതിനുശേഷം ഞാന്‍ എപ്പോഴും ലജ്ജകൂടാതെ ശ്രീകൃഷ്ണനാമങ്ങള്‍ ജപിക്കുകയും ആ രൂപത്തെത്തന്നെ ഓര്‍ക്കുകയും ചെയ്തുകൊണ്ട് നിരാഹാരനായി നിര്‍മ്മത്സരനായി ഭൂമിയില്‍ ചുറ്റിസഞ്ചരിച്ചു. കാലം ചെന്നപ്പോള്‍ എന്റെ ദേഹം നിലംപതിച്ചു.

പ്രളയകാലത്തില്‍ മഹാവിഷ്ണുവിന്റെ ഉള്ളിലേയ്ക്ക് പ്രാണനോടുകൂടെ പ്രവേശിച്ചു. വീണ്ടും സൃഷ്ടി ആരംഭിച്ചപ്പോള്‍ മരീചി മുതലായ മഹര്‍ഷിമാരും പ്രാണങ്ങളില്‍ നിന്ന് ഞാനും ജനിച്ചു. മഹാവിഷ്ണുവിന്റെ അനുഗ്രഹത്തില്‍ മൂന്നുലോകങ്ങളിലും തടസ്സം കൂടാതെ നാദബ്രഹ്മാലംകൃതമായ ‘ദേവദത്ത’ എന്ന വീണയും വായിച്ച് ഹരിനാമവും പാടി ഞാന്‍ സഞ്ചരിക്കുകയാണ്. ഹരിനാമം സംസാരസാഗരം കടക്കുവാന്‍ പോന്നതാണ്. ഇതാണ് എന്റെ കര്‍മ്മരഹസ്യം ഇത് അങ്ങയ്ക്ക് ആത്മസംതൃപ്തിക്കു കാരണമാകും.

ഭാഗവതം ജനിക്കുന്നു
നാരദമഹര്‍ഷി അപ്രത്യക്ഷനായതിനു ശേഷം വ്യാസന്‍ എന്തു ചെയ്തു എന്ന് ശൗനകന്‍ ചോദിച്ചപ്പോള്‍ സൂതന്‍ പറഞ്ഞു. സരസ്വതീ നദിതീരത്തിലുള്ള ‘ശമ്യാപ്രാസം’ എന്നു പേരായ ആശ്രമത്തില്‍ ഇരുന്നുകൊണ്ട് ഭഗവദ്ധ്യാനത്തില്‍ മുഴുകി. ഭക്തിയുടെ വിശ്വോത്തരമായ മഹിമയെ വെളിപ്പെടുത്താന്‍ വേണ്ടി വേദമാകുന്ന കല്പവൃക്ഷത്തിന്റെ പരിപക്വഫലമായ ഭാഗവതത്തെ വ്യാസമഹര്‍ഷി നിര്‍മ്മിച്ചു. ലോകാനുഗ്രഹ തല്പരനായ മുനി ഭാഗവതം സ്വപുത്രനും ബ്രഹ്മജ്ഞനുമായ ശ്രീശുകനെ പഠിപ്പിച്ചു. ഭഗവല്‍ഗുണങ്ങളാല്‍ ആകൃഷ്ടനായ ശ്രീശുകന്‍ താപത്രയ പീഡിതന്മാരെ ഭാഗവതാമൃതത്താല്‍ തണുപ്പിക്കാന്‍ തുടങ്ങി. നിര്‍ഗുണബ്രഹ്മമായിരുന്നു അദ്ദേഹം. കലിയുഗത്തിലെ മനുഷ്യരുടെ ജന്മം സഫലമാകുന്നതിന് നാരായണ സ്മരണ ആവശ്യമായതിനാല്‍ ഭാഗവതം ശ്രദ്ധയോടുകൂടി മനസ്സിലാക്കി. പരീക്ഷത്തു മഹാരാജാവിനെ നിമിത്തമാക്കികൊണ്ട് ഏഴുദിവസംകൊണ്ട് നമുക്ക് പറഞ്ഞുതന്നിരിക്കുകയാണ്.

ആദൗ ദേവകിദേവിഗര്‍ഭജനനം
ഗോപീഗൃഹേ വര്‍ദ്ധനം
മായാപൂതന ജീവിതാപഹരണം
ഗോവര്‍ദ്ധനോദ്ധാരണം
കംസഛേദന കൗരവാദിമഥനം
കുന്തീതനൂജാവനം
ഏതത് ഭാഗവതം പുരാണ കഥിതം
ശ്രീകൃഷ്ണലീലാമൃതം

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം