കൊച്ചി മെട്രോ ഡിഎംആര്‍സിക്ക്

July 10, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്(ഡിഎംആര്‍സി) തന്നെയായിരിക്കുമെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. കൊച്ചി മെട്രോ പദ്ധതിക്ക് ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ തന്നെ നേതൃത്വം നല്‍കുമെന്നും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം ആര്യാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയുട്ടുള്ളതാണെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കി പദ്ധതി വൈകിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും ആര്യാടന്‍ പറഞ്ഞു. കൊച്ചി മെട്രോയ്ക്ക് ഇ.ശ്രീധരന്റെ സേവനം ആവശ്യമാണ്. ഇ.ശ്രീധരന് എന്തു റോള്‍ കൊടുക്കാനും സര്‍ക്കാര്‍ തയാറാണ്. പുതിയ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പുതിയ ബോര്‍ഡില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും അഞ്ചു പ്രതിനിധികള്‍ വീതമുണ്ടാകും. ബോര്‍ഡ് ചെയര്‍മാനെ കേന്ദ്ര സര്‍ക്കാരും എംഡിയെ സംസ്ഥാന സര്‍ക്കാരും നിയമിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാവുമെന്ന് മന്ത്രിയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇ.ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയില്‍ നിന്ന് വിരമിച്ചുവെങ്കിലും കൊച്ചി മെട്രോ പദ്ധതി മുന്നില്‍ക്കണ്ട് ഡിഎംആര്‍സി തന്നെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി മെട്രോ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നതില്‍ യാതൊരു തടസവുമുണ്ടാവില്ലെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിനുശേഷമുള്ള ആദ്യ ബോര്‍ഡ് യോഗമായിരുന്നു ഇന്ന് ചേര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇ. ശ്രീധരന്‍, കൊച്ചി മെട്രോ എംഡി ടോം ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം