ലാവലിന്‍ കേസ്: പിണറായി ഇന്നും ഹാജരായില്ല

July 10, 2012 കേരളം

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഏഴാം പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. ഒന്‍പത് പ്രതികളില്‍ മൂന്ന് പേര്‍ മാത്രമാണ് കോടതിയില്‍ നേരിട്ട് ഹാജരായത്. രണ്ടാം പ്രതി കെ.ജി.രാജശേഖരന്‍നായര്‍, അഞ്ചാം പ്രതി പി.എ.സിദ്ധാര്‍ഥ മേനോന്‍ എട്ടാം പ്രതി എ.ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണ് കോടതിയില്‍ നേരിട്ട് ഹാജരായത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കി.
ആറാം പ്രതി ക്ലൗസ് ടെന്റിലിനും ഒമ്പതാം പ്രതി ലാവലിന്‍ കമ്പനിക്കും ഇതുവരേക്കും കോടതി ഉത്തരവിട്ട വാറന്റ്് നടപ്പിലാക്കാന്‍ കഴിയാത്തത് സംബന്ധിച്ച് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. തുടര്‍ന്ന് പിണറായിയുടെ അഭിഭാഷകനും കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശ്രീധരന്‍നായര്‍ ഇത് സിബിഐയുടെ വൈകിപ്പിക്കല്‍ തന്ത്രമാണെന്നും ഇത് മനപൂര്‍വമാണെന്നും കേസ് നീട്ടിക്കൊണ്ട് പോകാനാണ് സിബിഐ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐ മനപൂര്‍വമായി യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും കാനഡയില്‍ ഒട്ടോവയില്‍ അറിയിച്ചിട്ടുണ്ടെന്നും അവിടത്തെ നിയമ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജാനറ്റ് ഹെന്‍ജിയെയും അറിയിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സിബിഐ കോടതി ജഡ്ജി ടി.എസ്.പി മൂസത് ഓഗസ്റ്റ് 10ലേക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം