കുവൈത്തില്‍ നിയമം ലംഘിക്കുന്നവരെ നാടുകടത്തും

July 10, 2012 രാഷ്ട്രാന്തരീയം

കുവൈത്ത്: കുവൈത്തില്‍ നിലവിലുള്ള നിയമം ലംഘിക്കുന്ന വിദേശികളെ നാട് കടത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. അതിനായി ‘അഡ്മിനിസ്‌ട്രേറ്റിവ് ഡീപോര്‍ട്ടേഷന്‍ നിയമം’ നടപ്പാക്കും. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാഹനം ഓടിക്കുമ്പോള്‍ ‘റെഡ് ട്രാഫിക് ലൈറ്റ്’ മറി കടക്കുന്നവരെയും രാജ്യത്തെ സര്‍വീസ് ചാര്‍ജുകള്‍ അടയ്ക്കാത്തവരെയും കര്‍ശന ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടുകടത്തുമെന്ന് സര്‍ക്കാര്‍ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.
നടപടി പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച്  ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായും പ്രസ്തുത സമിതിയുടെ നിര്‍ദേശപ്രകാരം കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുന്നതിന് സമിതി നിര്‍ദേശിക്കുമെന്നും വക്താവ് വിശദീകരിച്ചു.  ആരോഗ്യം, നിയമം, മുനിസിപ്പാലിറ്റി, തൊഴില്‍, ഗതാഗതം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പു നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ കണ്ടെത്തി എത്രയും വേഗം ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കി നാട് കടത്തുന്നതിനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം