ടി.പി വധം: രണ്ടു പേര്‍ കൂടികീഴടങ്ങി

July 10, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ കെ ഷിനോജ്, സി.കെ രജികാന്ത് എന്നിവര്‍ വടകര കോടതിയില്‍ കീഴടങ്ങി. ചന്ദ്രശേഖരനെ വധിച്ച സംഘത്തില്‍പ്പെട്ടയാളാണ് ഷിനോജ്. കൊലയാളിസംഘം സഞ്ചരിച്ചിരുന്ന ഇന്നോവയ്ക്ക് മുന്നില്‍ ബൈക്കില്‍ സഞ്ചരിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയ ആളാണ് രജികാന്ത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിലായി.കീഴടങ്ങിയ ഇരുവരെയും വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഭിഭാഷകനൊപ്പമാണ് വൈകീട്ട് മൂന്നിന് ഇരുവരും കോടതിയില്‍ എത്തിയത്.

ചന്ദ്രശേഖരനെ കൊന്നശേഷം മടങ്ങിയ സംഘാംഗങ്ങള്‍ കൂത്തുപറമ്പില്‍ വച്ച് മൂന്നു സംഘങ്ങളായി പിരിഞ്ഞിരുന്നു. രണ്ട് സംഘങ്ങളായി ഒളിവില്‍ പോയവരെല്ലാം അറസ്റ്റിലായി. എന്നാല്‍ മൂന്നാമത്തെ സംഘത്തിലുള്ള ഷിനോജിനെയും രജികാന്തിനെയും പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കൊടിസുനി, സിജിത്ത്, ഷിനോജ് എന്നിവര്‍ ചേര്‍ന്നാണ് ടി.പിയെ വെട്ടിയതെന്ന് നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഷിനോജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി നേരത്തെ തള്ളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം