കര്‍ക്കടക വാവുബലിക്ക് തിരുനെല്ലിയില്‍ വിപുലമായ ഒരുക്കം

July 10, 2012 ക്ഷേത്രവിശേഷങ്ങള്‍

മാനന്തവാടി: കര്‍ക്കടക വാവുബലിക്ക് തിരുനെല്ലിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ജൂലായ് 18ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പാപനാശിനിക്കരയില്‍ ബലിതര്‍പ്പണം തുടങ്ങും.
ബലിതര്‍പ്പണത്തിനുള്ള സാധനങ്ങളുടെ വിതരണത്തിനായി കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാപനാശിനിയിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ വാദ്ധ്യന്മാരെയും ഏര്‍പ്പെടുത്തും.
സബ് കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി.  വിവിധ ഡിപ്പോകളില്‍ നിന്നും മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്കും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളും പ്രിയദര്‍ശിനി ബസ്സുകളും സര്‍വീസ് നടത്തും. സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളത്ത് തടയും. അവിടെനിന്നും കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് നടത്തും. കഴിഞ്ഞവര്‍ഷം ഇങ്ങനെ ചെയ്തതിനാല്‍ വര്‍ഷങ്ങളിലായി ഉണ്ടായിരുന്ന തിരക്ക് ഒഴിവാക്കാന്‍ സാധിച്ചിരുന്നു.
പുലര്‍ച്ചെ മൂന്നിന് തുടങ്ങുന്ന ബലിതര്‍പ്പണം രണ്ട് മണിവരെയുണ്ടാകും. കൂടുതല്‍ പായസവിതരണ കൗണ്ടറുകളും തുറന്ന് പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍