കൃത്യനിഷ്ഠ

July 11, 2012 സനാതനം

ലളിതാംബിക
ജീവിതം സ്ഥിരതയോടും കൃത്യനിഷ്ഠയോടും കൂടി വളര്‍ത്തികൊണ്ടു വന്നാല്‍മാത്രമേ അതിന് അനുസരിച്ച് ആദ്ധ്യാത്മിക ജീവിതത്തിലും സ്ഥിരചിത്തരായിത്തീരാന്‍ കഴിയുകയുള്ളൂ. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്ഥിരതയും കൃത്യനിഷ്ഠയും ഇല്ലാതായിത്തീരുമ്പോള്‍ നമുക്ക് യാതൊരു നിലയും വിലയും ഉണ്ടാവുകയില്ല. കൂടാതെ ഒന്നിലും പൂര്‍ണ്ണഫല പ്രാപ്തിയും സിദ്ധിക്കുന്നതല്ല. ഈ ഗുണങ്ങള്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ വളര്‍ത്തികൊണ്ടുവരേണ്ടതാണ്.

ആദ്യമായിത്തന്നെ സംസ്‌കൃതം പഠിക്കണമെന്ന ആഗ്രഹത്തോടും ഉദ്ദേശത്തോടുംകൂടി ഒരു കുട്ടി അതുപഠിച്ചുകൊണ്ടിരിക്കുകയും കുറേ കഴിയുമ്പോള്‍ ഇംഗ്ലീഷുപഠിക്കണമെന്നുതോന്നി അതില്‍ ശ്രദ്ധപതിപ്പിച്ച് ഇംഗ്ലീഷ് പഠിക്കുകയും അതില്‍ സാമാന്യ വിവരം നേടുമ്പോഴേക്കും ഹിന്ദി പഠിക്കണമെന്ന് മനസില്‍ ഉദിക്കുകയും അല്പകാലം അതുപഠിക്കുകയും ചെയ്യുന്നപക്ഷം ആ കുട്ടിക്ക് ഒരു വിഷയത്തിലും സാമാന്യജ്ഞാനം നേടാന്‍ കഴിയാതെ വരുന്നു.

അങ്ങനെയുള്ള പഠനംകൊണ്ട് ഭാവിയില്‍ ഒരു ഗുണവും വരാന്‍ പോകുന്നില്ല. ഒന്നില്‍തന്നെ സ്ഥിരചിത്തനായി ആ ഭാഷം നല്ലവണ്ണം പഠിക്കുകയാണെങ്കില്‍ അയാള്‍ക്ക് അതില്‍ പൂര്‍ണ്ണമായ അറിവ് ലഭിക്കുകയും ഭാവിയിലേക്ക് അത് ഉപകാരപ്രദമായിത്തീരുകയും ചെയ്യുന്നു.

പുതുതായി ഒരാള്‍ വ്യാപാരം തുടങ്ങുന്നു എന്നു ധരിക്കുക. കുറച്ചുകാലം ആ കച്ചവടം നടത്തി അതുകൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നത് എന്നറിയാതെ ദോഷമാണെങ്കില്‍ അതിന്റെ കാരണം മനസിലാക്കി വീണ്ടും അതുതന്നെ ഫലപ്രദമായ വിധത്തില്‍ നടത്താന്‍ ശ്രമിക്കാതെ, മറ്റൊരു വ്യാപാരത്തില്‍ പ്രവേശിക്കുകയും അതിന്റേയും ഗുണദോഷം മനസിലാക്കാതെ വീണ്ടും മറ്റൊന്നിലേക്ക് പ്രവേശിക്കുകയും ചെയ്താല്‍ വ്യാപാരം കൊണ്ട് യാതൊരു വരവും ഉണ്ടാകാതിരിക്കുന്നതുമാത്രമല്ല ആദ്യം മുതലിറക്കിയ സംഖ്യതന്നെ നശിച്ചുപോകാന്‍ ഇടവരികയും ചെയ്യുന്നു.

ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍ ഉദ്ധരിക്കാനുണ്ടാവുമെന്ന് എല്ലാവര്‍ക്കും ചിന്തിച്ചാലറിയാവുന്നതാണ്. അതുകൊണ്ട് സ്ഥിരതയും കൃത്യബോധവും ഇല്ലാത്ത ആളിന്റെ വാക്കും പ്രവര്‍ത്തിയും നിഷ്ഫലം ആവുമെന്നു മാത്രമല്ല ജനങ്ങള്‍ക്കും അവരെ കേവലം നിസാരന്മാരായി മാത്രമേ ഗണിക്കുവാനും കഴിയുകയുള്ളൂ.

നാം ഏതൊരു കാര്യത്തിനായി ഉദ്ദേശിക്കുമ്പോഴും ഏതൊരു മാര്‍ഗ്ഗത്തില്‍ കൂടി പോകുമ്പോഴും അതിന്റെ ഗുണദോഷങ്ങളെപ്പറ്റിയും ഫലപ്രാപ്തിയെക്കുറിച്ചും ആദ്യമായിത്തന്നെ ചിന്തിച്ചുറപ്പിച്ച് ജ്ഞാനികളുടെയും ഗുരുക്കന്മാരുടെയും ആദര്‍ശങ്ങളെ ലക്ഷ്യപ്പെടുത്തിയും അവരുടെ അഭിപ്രായത്തോടു യോജിച്ചും സ്ഥിരചിത്തനായി കൃത്യനിഷ്ടയോടുകൂടി പ്രവര്‍ത്തിച്ചാല്‍ വേഗം ഉദ്ദിഷ്ഠസ്ഥാനത്ത് എത്താന്‍ കഴിയും. അല്ലെങ്കില്‍ ജീവിതം തന്നെ വ്യര്‍ത്ഥമായിത്തീരുന്നതാണ്. ഈ ഒരു തത്വം തന്നെയാണ് നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്കും ഈശ്വരസാക്ഷാത്കാരത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാന വേഷങ്ങള്‍. നാം ഈശ്വരസാക്ഷാത്ക്കാരത്തിനായി സ്ഥിരചിത്തരായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ എളുപ്പം സുഖപ്രദമായ പരമപദത്തെ പ്രാപിക്കാന്‍ കഴിയുകയുള്ളൂ.

ചിലര്‍ ഇഷ്ടദൈവമായി ശിവനെ ഉപാസിച്ച് അതില്‍ മുഴുകിയിരിക്കുമ്പോള്‍ മഹാവിഷ്ണുവിനെ ഉപാസിക്കുന്നതാണ് ശ്രേഷ്ഠമെന്നുതോന്നി ഉടനെ അങ്ങനെ ചെയ്യുന്നു. കുറേകഴിയുമ്പോള്‍ സുബ്രഹ്മണ്യനെ ഉപാസിക്കുവാന്‍ തുടങ്ങുന്നു. പിന്നെ ഗ്രന്ഥപാരായണവും നാമസങ്കീര്‍ത്തനവും ആണ് എളുപ്പമെന്നു ധരിച്ച് കുറേ അങ്ങിനെയും ഈശ്വരലാഭാര്‍ത്ഥം സമയത്തെ വൃഥാവ്യയം ചെയ്യുന്നു. ജീവിതകാലം മുഴുവനും ഒന്നിലും പെടാതെ നിരര്‍ത്ഥകമായും നിരുപയോഗമായും നശിപ്പിക്കുന്നു.

അതുകൊണ്ട് നാം ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കനുസരിച്ചോ തന്റെ പരിതസ്ഥിതികള്‍ക്കനുസരിച്ചോ ഗുരുനാഥന്‍മാരുടെ മഹനീയ ഉപദേശങ്ങളെയും അടിസ്ഥാനപ്പെടുത്തി ഈശ്വരാരാധനം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ ആ മാര്‍ഗത്തില്‍ വിശ്വസിച്ചു സ്ഥിരചിത്തനായി ഗുരുവില്‍ക്കൂടി നമുക്ക് ഈശ്വരനെ കാണാം. ഗുരു ബ്രഹ്മാവാണെന്നും ഗുരു വിഷ്ണു ആണെന്നും ഗുരു മഹേശ്വരന്‍ ആണെന്നും ഗുരു സാക്ഷാല്‍ പരബ്രഹ്മമാണെന്നും നാം പാര്‍ത്ഥിക്കുന്നത് എത്രയോ യാഥാര്‍ത്ഥ്യമാണ് എന്ന് അപ്പോള്‍ നമുക്ക് മനസിലാവുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം