ടി.പി.വധം: വാര്‍ത്ത ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം

July 11, 2012 കേരളം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്ത ചോര്‍ത്തി നല്‍കുന്നതിനുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഎം സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ടി.പി. കൊല്ലപ്പെട്ട മെയ് നാലു മുതല്‍ എട്ട് വരെ ഡിവൈഎസ്പി ജോസി ചെറിയാന്‍ കോഴിക്കോട്ടെ ചില മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്. തെറ്റായ സത്യവാങ്മൂലം നല്‍കിയതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയും സര്‍ക്കാരും വിശദീകരണം നല്‍കണമെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം