കാലദേശപരിധിയില്ലാത്ത യോഗീശ്വരന്‍

July 11, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

അപഞ്ചീകൃതപഞ്ചഭൂതങ്ങളെ കൂട്ടിയിണക്കിയും കല്പകാലാന്തത്തില്‍ വീണ്ടും വിയോജിപ്പിച്ചും നിലനില്ക്കുന്ന അവസ്ഥാവ്യത്യാസങ്ങളെ കുറിക്കുന്നതാണ് കാലമായി പരിഗണിക്കുന്നത്. അണുകങ്ങളുടെ ചലനവ്യത്യാസം സമയമായി പരിഗണിക്കപ്പെടുന്നു. ദ്യണുകം, ത്രുണുകമെന്നിങ്ങനെ പറയപ്പെടുന്ന ഈ പൗരാണികസമയകല്പന ഇന്നത്തെ സാധാരണ സെക്കന്റുകളായി മാറുന്നതിന്തന്നെ നാല്പതിനായിരം ചലനങ്ങളുടെ സമ്പാദ്യം ആവശ്യമായി വരുന്നു. എന്നാല്‍ ഇതിലും സൂക്ഷ്മമായി സമയവ്യവസ്ഥ ചലനവ്യത്യാസം ഒരണുവില്‍തന്നെ സ്വയംസംഭവിക്കുന്നുണ്ട്. ഒരണുവിന്റെ കേന്ദ്രസത്തയായ ചൈതന്യത്തെ ആസ്പദിച്ച് അണുവിന്റെ ശരീരഘടകങ്ങള്‍ നിലനില്ക്കുകയും വേര്‍പെടുകയും ചെയ്യുന്നു. ഇവിടെ ആണവസിദ്ധാന്തവാദികള്‍ക്കും വേര്‍പെടുകയും ചെയ്യുന്നു.

ഇവിടെ ആണവസിദ്ധാന്തവാദികള്‍ക്കും ഒരണുവിലെ പരിണാമവ്യത്യാസം കൊണ്ടുലഭിക്കുന്ന സമയത്തെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ പരിമിതിയും പരിമിതികള്‍ സൃഷ്ടിക്കുന്ന അഭ്യൂഹങ്ങളുമാണ് ഇന്നും ഭൗതിക പരിണാമവ്യവസ്ഥയുടെ നൂലാമാലകളായി നിലകൊളളുന്നത്. ഈശ്വരന്‍ അഥവാ ചൈതന്യമെന്ന കേന്ദ്രസത്തയെ ആസ്പദമാക്കി സൃഷ്ടിക്കുന്നചലനം ഇന്നും ശാസ്ത്രവിധേയമല്ല. ഈ സത്യം വസ്തുഘടനയേയും ഉല്പത്തിയേയും വ്യാഖ്യാനിക്കുന്നവര്‍ക്കും കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ല.

അനുഭവസ്ഥനായ ഗുരുവിനുമാത്രമേ മേല്‍പറഞ്ഞ ചലനസംവിധാനക്രമം അറിയുവാന്‍ കഴിയുകയുള്ളു. ഗുരുവചനങ്ങളെ വ്യാഖ്യാനിക്കുന്നതിലൂടെ താല്ക്കാലികമായി കിട്ടുന്ന അറിവ് ഒരു വിഷയബോധമല്ലാതെ അനുഭവമായി മാറുന്നില്ല. അനുഭവമായി മാറുന്നതിന് സാധന അത്യാവശ്യമാകുന്നു. അനസ്യൂതമായ ജിജ്ഞാസയും വിരാഗതയും വിശേഷബുദ്ധിയോടുകൂടിയ പരിശ്രമവും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാകുന്നു. ഒരു കൃഷിക്കാരന്‍ വരമ്പുമുറിക്കുമ്പോള്‍ ജലം മുകളില്‍ നിന്ന് താഴത്തേക്ക് പ്രവഹിക്കുംപോലെ, പ്രകൃതിധര്‍മവും സൂക്ഷ്മതയില്‍ നിന്നും സ്ഥൂലത്തിലേക്കുള്ള പ്രവാഹമാണ്.

സൂക്ഷ്മത ഉയര്‍ന്നതലവും സ്ഥൂലം താഴ്ന്നതലവുമാണ്. എന്നാല്‍ ഭൗതികവാദത്തില്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങള്‍കൊണ്ട തെറ്റായ ബോധമാണ് ലഭിക്കുന്നത്. സംഭരണവ്യവസ്ഥ ഭൗതികത്തിലെ ഔന്നത്യം സൃഷ്ടിക്കുന്നത് ഈ തെറ്റായ ധാരണകൊണ്ടുമാത്രമാണ്. ദൃശ്യലോകത്തില്‍ നാം കാണുന്ന സമസ്ത സമരരംഗങ്ങളും ഇതുമൂലം സംഭവിക്കുന്നതുമാണ്. പ്രകൃതിധര്‍മം, പരിണാമപരമ്പരാരൂപത്തിലുള്ള ഒരു പ്രവാഹമാണ്. ഇതറിയുവാനും അനുഭവിക്കാനുമുള്ള സന്ദര്‍ഭങ്ങളെ തടസ്സപ്പെടുത്തുന്ന മാധ്യമങ്ങളെ ഭേദിക്കുന്നതാണ് യോഗികളുടെ പരിശീലന സിദ്ധാന്തം.

”നിമിത്തമ പ്രയോജക പ്രകൃതീനാം, വരണഭേദസ്തു തത: ക്ഷേത്രികവല്‍” – ‘കൃഷിക്കാരനെപ്പോലെ (കര്‍ഷകന്‍ ഒരു വയലില്‍നിന്ന് മറ്റൊന്നിലേക്ക് ജലത്തെ നീക്കിക്കൊണ്ടുപോകുന്നില്ല. വെള്ളത്തിന്റെ ഒഴുക്കിന് ബാധയാകുന്ന തടസ്സങ്ങളെ നീക്കുക മാത്രമേ ചെയ്യുന്നൂള്ളൂ). ധര്‍മാധര്‍മങ്ങള്‍ പ്രകൃതിപരിണാമമാകുന്ന ഒഴുക്കിനുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കംചെയ്യുന്നു’.

പ്രകൃതിയില്‍ ധര്‍മാധര്‍മങ്ങളുടെ ആവിര്‍ഭാവത്തിന് (ജാത്യന്തര പരിണാമത്തിന്) നിമിത്തം പ്രയോജനമാണ്. എന്നാല്‍ അതില്‍നിന്ന് കൃഷിക്കാരനെന്നപോലെ തടസ്സങ്ങളെ ഭേദിക്കണം. പതഞ്ജലി മഹര്‍ഷി സിദ്ധാന്തിച്ചിരിക്കുന്നതത്ത്വം ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജീവിതത്തില്‍ സ്വന്തം ജ്ഞാനശക്തിയെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന പ്രതിഭാസമായിരുന്നു. മഹായോഗികള്‍ക്ക് അവരുടെ ചൈതന്യത്തെ കേന്ദ്രീകരിച്ച് ഒരു ബ്രഹ്മാണ്ഡത്തിന്റെ പരിണാമവ്യവസ്ഥകളെ നോക്കിക്കാണുവാന്‍ കഴിയും. തന്മൂലം ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ കഴിഞ്ഞുപോയ ബന്ധങ്ങളും പരിണാമപരിക്രമവും അറിയുവാന്‍ കഴിയുന്നു.

ഓരോ വ്യക്തിയിലും ജീവനെ കേന്ദ്രീകരിച്ച് നിലനില്ക്കുന്ന ജീവാണുക്കളുടെ പരിണാമത്തെ എക്‌സ-റേയിലൂടെ ശരീരാന്തര്‍ഭാഗങ്ങളെ കാണുന്നതുപോലെ യോഗിക്ക് ദൃശ്യമാത്രയില്‍ത്തന്നെ കാണുവാന്‍ കഴിയും. സ്ഥൂലദൃശ്യത്തെക്കൂടാതെതന്നെ പരമാണുക്കളുടെ പ്രയാണഗതിയെ പിന്തുടരുന്നതുകൊണ്ട് വരാനിരിക്കുന്ന ഫലങ്ങളേയും അതിന്റെ പരിവര്‍ത്തനങ്ങളേയും മനസ്സിലാക്കുവാന്‍ കഴിയും. ഇവിടെ ഭൂതവും ഭാവിയും യോഗി എന്ന വര്‍ത്തമാനസത്തയില്‍ സദാപി പ്രതിഫലിച്ചു കൊണ്ടേയിരിക്കുന്നു. തന്മൂലം യോഗിക്ക് സാധാരണക്കാരന് തോന്നുന്ന ഭൂതകാലചിത്തയോ ഭാവികാല സങ്കല്പമോ വേര്‍തിരിഞ്ഞു. നില്ക്കുന്നില്ല. ചുരുക്കത്തില്‍ ”സദാഭാസതി ഭാസതി” എന്ന നിത്യചൈതന്യമല്ലാതെ മറ്റൊന്നും അതില്‍നിന്നന്യമായി നിലനല്ക്കുന്നില്ല.

അവസ്ഥാത്രയമെന്നുള്ള തോന്നലും ഭൂതകാലഭാവികാലപരിണാമങ്ങളും അണുചലനംതൊട്ടുതുടങ്ങി മാഹാകല്പകാലംവരെ ചെന്നെത്തുന്ന കാലത്രയത്തെ അടിസ്ഥാനമാക്കി നില്ക്കുന്നു. എന്നാല്‍ യോഗിയെ സംബന്ധിച്ച് പ്രപഞ്ചം തന്റെ അറിവില്‍ പ്രതിബിംബിക്കുന്ന (കണ്ണാടിയില്‍ ഛായപോലെ) പ്രതിഭാസം മാത്രമാണ്. സാധാരണക്കാരന് കഴിഞ്ഞതിനെപ്പറ്റിയുള്ള അറിവില്ലായ്മയും വരാനിരിക്കുന്നതിനെക്കുറിച്ചുള്ള അജ്ഞതയും സ്വാഭാവികമാണ്. എന്നാല്‍ യോഗിക്ക് പ്രപഞ്ചത്തിന്റെ ഭൂതഭാവികള്‍ മുഴുവന്‍ സ്വാഭാവികമായും ജ്ഞാതമായിത്തീരുന്നു.

സ്വാമിജിയുടെ ജീവിതത്തെ ആസ്പദിച്ചുള്ള അനുഭവങ്ങളെല്ലാംതന്നെ അത്ഭുതങ്ങളായി സാധാരണക്കാരന് അനുഭവപ്പെടുന്നത് മേല്പറഞ്ഞ കാലപരിധിക്കുളളിലെ വിസ്മൃതിമൂലമാണ്. ദൂരസ്ഥലങ്ങളായ വസ്തുക്കളെക്കാണാനും സംഭവങ്ങളെ അറിയാനുമുള്ള അനുഭവം സ്വാമിജിയുടെ സാധാരണസ്വഭാവമായിരുന്നു. ഒരു നിമിഷം പോലും ആലോചിക്കേണ്ട ആവശ്യം സ്വാമിജിക്കുണ്ടായിരുന്നില്ല. ”പ്രകാശം മാത്രമേ ഉള്ളടോ, ഇരുട്ട് വെറും തോന്നലാണ്” എന്ന് സ്വാമിജി ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. എന്റെ ഒരു സംശയം ദൂരീകരിക്കാനായിരുന്നു ആ ഉത്തരം ലഭിച്ചത്. ജ്ഞാനസൂര്യന്റെ മുന്നില്‍ ഇരുട്ടില്ലെന്നുള്ളത് സത്യം മാത്രമാണ്. ഇനിയും സൂചിപ്പിക്കേണ്ട അനേകം സംഭവങ്ങള്‍ മേല്‍പറഞ്ഞ സത്യത്തിന് നിര്‍വചനമായിത്തീരാം.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ