സിറിയയിലെ പ്രശ്‌ന പരിഹാരത്തിന് ഇറാന്‍ ഇടപെടണമെന്ന് കോഫി അന്നന്‍

July 12, 2012 രാഷ്ട്രാന്തരീയം

ബയ്‌റൂട്ട്: സിറിയയിലെ പ്രശ്‌ന പരിഹാരത്തിന് ഇറാന്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് യുഎന്‍ സമാധാന ദൂതന്‍ കോഫി അന്നന്‍. ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹിയുമായി ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്‍ സിറിയന്‍ വിഷയത്തില്‍ ഇടപെടുന്നത് പാശ്ചാത്യരാജ്യങ്ങള്‍ എതിര്‍ക്കുന്നതിനിടെയാണ് കോഫി അന്നന്റെ ഈ പ്രസ്താവന. സിറിയയിലെ സമാധാനശ്രമങ്ങള്‍ക്ക് ഇറാന്‍ സര്‍ക്കാര്‍ പൂര്‍ണ സഹകരണവും പ്രോത്സാഹനവും വാഗ്ദാനം ചെയ്തതായും അന്നന്‍ അറിയിച്ചു. സിറിയയിലെ ആഭ്യന്തര പ്രശ്‌നം അതിരുവിട്ട് വ്യാപകമായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അചിന്തനീയമായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ടെഹ്‌റാനിലെ ചര്‍ച്ചയ്ക്കു ശേഷം ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുമായി അന്നന്‍ ബാഗ്ദാദില്‍ കൂടിക്കാഴ്ച നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം