ശബരിമല ദേവപ്രശ്‌നം: കേസ് ഹൈക്കോടതി റദ്ദാക്കി

July 13, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: ശബരിമലയില്‍ നടന്ന ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദുചെയ്തു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവില്ല. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍, കന്നഡ നടി ജയമാല എന്നിവരുടെ ഹര്‍ജി പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്. കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്.

2006 ജൂണ്‍ 16 മുതല്‍ 19 വരെ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നമാണ് കേസിന് അടിസ്ഥാനം. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് കന്നഡ സിനിമാനടി ജയമാല സന്നിധാനത്തെത്തിയെന്നും അയ്യപ്പ വിഗ്രഹം സ്പര്‍ശിച്ചെന്നുമുള്ള വെളിപ്പെടുത്തലും ഏറെ വിവാദമായിരുന്നു. ജ്യോത്സ്യന്റെ പരാമര്‍ശം സാധൂകരിക്കാനായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം