ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍

July 13, 2012 സനാതനം

*പ്രൊഫ. ടോണിമാത്യു*
ആധുനികകേരളം കണ്ട അപ്രതിമനായ ഋഷീശ്വരനാണ് ശ്രീചട്ടമ്പിസ്വാമികള്‍. സനാതനധര്‍മ്മത്തിന്റെ അമൂല്യങ്ങളായ സന്ദേശങ്ങളെ പൂര്‍വ്വാധികം തേജസോടെ പ്രസരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. നിരന്തരമായ തീവ്ര തപസിലൂടെയും സാധനയിലൂടെയും നേടിയെടുത്ത സിദ്ധികള്‍ മൂലം അദ്ദേഹം കേരളീയരുടെ ആദ്ധ്യാത്മക ഗുരുവായി മാറി.

1029 ചിങ്ങമാസം 2-ാം തീയതി ഭരണി നക്ഷത്രത്തിലാണ് ചട്ടമ്പിസ്വാമികള്‍ ഭൂജാതനായത്. തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂര്‍ ഗ്രാമത്തില്‍ താമരശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയും ഉള്ളൂര്‍കോട്ട് കുടുംബത്തിലെ നങ്ങമ്മപ്പിള്ളയുമാണ് മാതാപിതാക്കള്‍. കുഞ്ഞന്‍ എന്നും അയ്യപ്പന്‍ എന്നുമാണ് ചെറുപ്പത്തില്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ദരിദ്രകുടുംബമായിരുന്നതിനാല്‍ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഭാഗ്യം ലഭിച്ചില്ല.

കൗമാരത്തിലേക്ക് കാലൂന്നിയപ്പോഴാണ് ആരുടെയൊക്കെയോ സഹായത്താല്‍, പേട്ടയില്‍ രാമന്‍പിളള ആശാന്റെ അടുക്കല്‍ സംസ്‌കൃതവും സംഗീതവും അഭ്യസിക്കാനെത്തിച്ചേര്‍ന്നത്. ക്ലാസിലെ ചട്ടമ്പിയായി കുഞ്ഞന്‍പിള്ളയെ തിരഞ്ഞെടുത്തു. അന്നുമുതലാണ് കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന പ്രചാരത്തിലായത്. സാമ്പത്തികക്ലേശം മൂലം പഠനം തുടരാനായില്ല. ഒരു ജോലി കണ്ടെത്തിയേ പറ്റൂ എന്നായി. അങ്ങനെയിരിക്കെയാണ് കൊല്ലൂര്‍ മഠത്തിലെ കണക്കപ്പിള്ളയായി ഉദ്യോഗം ലഭിച്ചത്. മഠത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ വന്ന പണ്ഡിതനില്‍ നിന്ന് സംസ്‌കൃതമഭ്യസിക്കാനുള്ള ഭാഗ്യമുണ്ടായി.

സംസ്‌കൃതഭാഷയുമായുള്ള പരിചയം, അദ്ദേഹത്തിന്റെ സഹജമായുള്ള വിജ്ഞാനതൃഷ്ണയെ പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചു. അതിനെ ശമിപ്പിക്കാനായി നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. പഴയ തറവാടുകുളിലെ ഗ്രന്ഥപ്പുരകളില്‍ വെളിച്ചം തട്ടാതെകിടന്ന അമൂല്യങ്ങളായ താളിയോലകളും മറ്റും അദ്ദേഹം ഹൃദസ്ഥമാക്കി. കാവ്യം, ശാസ്ത്രം, തര്‍ക്കം, വേദാന്തം എന്നീ വിജ്ഞാന ശാഖകളിലൊക്കെ പ്രാവീണ്യം നേടി.

ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ വീണ്ടും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. വിജ്ഞാനദാഹം തീര്‍ക്കുന്നിതനോടൊപ്പം വിശപ്പടക്കുന്നതിലുള്ള യത്‌നത്തിലും ഏര്‍പ്പെടേണ്ടയിരുന്നു. കൂലിവേലക്കാരനായും കണക്കെഴുത്തുകാരനായും ആധാരമെഴുത്തുകാരനായും വക്കീല്‍ ഗുമസ്തനായുമൊക്കെ പണിയെടുക്കേണ്ടിവന്നു. പക്ഷെ, അവിടെയൊന്നും ഉറച്ചു നില്‍ക്കാനായില്ല. അസ്വസ്തമായ മനസ് എന്തിനോ വേണ്ടി ഉഴലുകയായിരുന്നു. അമ്മയുടെ നിര്യാണശേഷം, വീടുമായുണ്ടായിരുന്ന ബന്ധത്തെ പൂര്‍ണ്ണമായി വിച്ഛേദിക്കുകയും ചെയ്തു.

സമൂഹത്തില്‍ നിലവിലിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ആദ്യം ഏര്‍പ്പെട്ടത്. സനാതതന ധര്‍മ്മത്തിനു സംഭവിച്ചുകൊണ്ടിരുന്ന അപചയങ്ങളും അദ്ദേഹത്തിന്റെ മനസിനെ വ്രണപ്പെടുത്തിക്കൊണ്ടിരുന്നു. കര്‍മ്മത്തിന്റെ കുരുക്ഷേത്രത്തിലേക്ക് പാഞ്ചജന്യവും മുഴക്കി, സ്വാമികള്‍ കാലെടുത്തുവച്ചും നവോത്ഥാനത്തിന്റെ കാഹളധ്വനി ഹിന്ദു സമുദായത്തെ ആകെയൊന്നുണര്‍ത്തി.

സ്വസമുദായാംഗങ്ങളില്‍ ഗുപ്തമായി കിടന്നിരുന്ന വീര്യത്തെ തൊട്ടുണര്‍ത്താനായിരുന്നു അദ്യത്തെ ശ്രമം. ബ്രാഹ്മണരുടെ പരിചാരകന്മാര്‍ എന്ന സ്ഥാനമേ അന്നുവരെ നായന്‍മാര്‍ക്കുണ്ടായിരുന്നുള്ളൂ. ആ ദാസ്യമനോഭാവവും അപകര്‍ഷതാബോധവും നായര്‍സമുദായത്തെ ജഡവും ജീര്‍ണ്ണവുമാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. അടിമത്തത്തിന്റെ ഈ കാല്‍ച്ചങ്ങലയെ പൊട്ടിച്ചെറിയാന്‍ ചട്ടമ്പിസ്വാമികളാണ് നായര്‍ സമുദായത്തെ പ്രേരിപ്പിച്ചത്.

സ്വാമിയുടെ ‘പ്രാചീന മലയാളം’ എന്ന കൃതിയിലെ അപൂര്‍വ്വമായ കണ്ടെത്തലുകളും കാഴ്ചപ്പാടുകളുമാണ് ഒരു സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിനിവിടെ കളമൊരുക്കിയത്. കേരളം, പരശുരാമന്‍ നിര്‍മ്മിച്ച് ബ്രഹ്മണര്‍ക്ക് ഇഷ്ടദാനമായി കൊടുത്തതാണെന്ന ഐതിഹ്യകഥയെ, യുക്തിയുടെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം നിരാകരിച്ചു. കേരളത്തിലെ ആദിമനിവാസികള്‍ ദ്രാവിഡരാണെന്നും നായന്മാരും അതിലുള്‍പ്പെടുമെന്നും അതിപ്രാചീനമായ സാംസ്‌ക്കാരിക പാരമ്പര്യത്തിനുടമകളവരെന്നും സ്വാമി സ്ഥാപിച്ചു. നായന്മാര്‍ നായകന്മാരാണെന്ന ഭാഷ്യം, ആലസ്യത്തിലാണ്ടുകിടന്ന സമുദായാംഗങ്ങള്‍ക്ക് ഉണര്‍വും ഉത്തേജനവുമേകി.

‘ശുദ്രമാക്ഷരസംയുക്തം ദൂരതഃ പരിവര്‍ജ്ജയേല്‍’ എന്ന ചൊല്ലിന്റെ നിരര്‍ത്ഥതയെ തുറന്നുകാണിച്ച മഹര്‍ഷിവര്യനായിരുന്നു ചട്ടമ്പിസ്വാമികള്‍. ആദ്ധ്യാത്മികജ്ഞാനം ആഹാരംപോലെ ആര്‍ക്കും അത്യന്താപേക്ഷിതമാകയാല്‍ അതു നിഷേധിക്കുന്ന ഏതൊരു ശക്തിയോടും പൊരുതാന്‍ ഓരോ മനുഷ്യനും ബാദ്ധ്യസ്ഥാനാണെന്ന് അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുവേണ്ടിയാണ് ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥം രചിച്ചത്. വേദം പഠിക്കാനുള്ള ആരുടേയും ആഗ്രഹത്തെ മറ്റാര്‍ക്കും തടയാനാവില്ല. അതിനുള്ള അവകാശവും അധികാരവും ആര്‍ക്കുമില്ല. അതു മനുഷ്യരുടെ മൗലികാവകാശമാണ്.

ബ്രാഹ്മണര്‍ക്കുമാത്രമല്ല ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കുമെല്ലാം വേദാഭ്യാസത്തിലും അനുഷ്ഠാനങ്ങളിലും ഏര്‍പ്പെടാമെന്ന് പ്രാചീനഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്ന സിദ്ധാന്തത്തെയും സ്വാമി നിരാകരിക്കുന്നു. അവ മനുഷ്യനിര്‍മ്മിതങ്ങള്‍തന്നെ. നിരന്തരമായ ഏകാന്തധ്യാനത്തിലൂടെ ഋഷിമാര്‍ ദര്‍ശിച്ച സനാതനസത്യങ്ങളാണവ. മാനവരാശിയുടെ പൊതുസ്വത്താണത്. ആര്‍ക്കും കുത്തക അവകാശപ്പെടാനാവുകയില്ല.

‘അഹിംസാ പരമോ ധര്‍മ്മഃ’ എന്ന ചിന്തനസൂക്തത്തെ അടിവരയിട്ടു പറയുവാനും ലളിതമായി വ്യാഖ്യാനിക്കാനുമാണ് ‘ജീവകാരുണ്യ പദ്ധതി’ എഴുതിയത്. അഹിംസയുടെ കാര്യത്തില്‍ ചട്ടമ്പിസ്വാമികള്‍ ഒരഭിനവ ബുദ്ധന്‍ തന്നെയായിരുന്നു. ചിലക്ഷേത്രങ്ങളില്‍ നടന്നിരുന്ന ജന്തുബലിയെ അദ്ദേഹം നിര്‍ദാക്ഷണ്യം എതിര്‍ത്തു. പക്ഷിമൃഗാദികളെ ഭക്ഷിക്കുന്നതിനോടും തികഞ്ഞ വിയോജിപ്പായിരുന്നു. പ്രകൃതി വിരുദ്ധമായ ഒരു നടപടിയായിട്ടാണ് ഹിംസയെ അദ്ദേഹം വിലയിരുത്തിയത്. പാമ്പ്, പട്ടി തുടങ്ങിയ ജന്തുജാലങ്ങളോട് സ്വാമിക്കുണ്ടായിരുന്ന സവിശേഷപരിഗണന പല ജീവിതചരിത്രകാരന്മാരും എടുത്തു പറഞ്ഞിട്ടുണ്ട്. പരിസ്ഥിതിയെക്കുറിച്ചുള്ള സൂക്ഷ്മബോധം അദ്ദേഹത്തിനുണ്ടായിരുന്നു.

തമിഴിലെ സുപ്രസിദ്ധമായ വേദാന്തകൃതികള്‍ക്ക് സ്വാമി നല്‍കിയ തര്‍ജമയാണ് ‘നിജാനന്ദവിലാസം’. ഗുരുശിഷ്യസംവാദ രൂപത്തിലാണ്, ഗഹനമായ വേദാന്തസിദ്ധാന്തങ്ങളെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപാരപാണ്ഡിത്യമുണ്ടാിരുന്ന ഒരു ചരിത്ര ഗവേഷകന്‍ കൂടിയായിരുന്ന സ്വാമിജി ‘ആദിഭാഷ’ എന്ന പ്രൗഢപ്രബന്ധത്തില്‍ വിപ്ലവാത്മകങ്ങളായ പല നിഗമനങ്ങളിലും അദ്ദേഹം എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തിലെ ദേശനാമങ്ങളെയും സ്വാമി പഠനവിഷയമാക്കിയിട്ടുണ്ട്. ഭജനഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. അദൈ്വതചിന്താപദ്ധതി, ചിദാകാശലയം, അദൈ്വതപഞ്ജരം, ക്രിസ്തുമതസാരം, ക്രിസ്തുമതച്ഛേദം ബ്രഹ്മതത്വനിര്‍ഭാസം, വേദാന്തസാരം, മോക്ഷപ്രദീപഖണ്ഡനം തുടങ്ങിയവയും സ്വാമിയുടെ പ്രസിദ്ധകൃതികളാണ്.

സര്‍വ്വകലാവല്ലഭനും സര്‍വ്വമതസാരഗ്രാഹിയുമായിരുന്നു ചട്ടമ്പിസ്വാമികള്‍. ഗീതം, വാദ്യം, ചിത്രകല, ഹഠയോഗം, ആയൂര്‍വേദം, മര്‍മ്മചികിത്സ, പക്ഷിമൃഗാദികളെ അടക്കിനിര്‍ത്തല്‍ തുടങ്ങിയവയില്‍ നിഷ്ണതനായിരുന്നു അദ്ദേഹം.

ബൈബിള്‍ ആമൂലാഗ്രം പഠിച്ച്, ക്രിസ്തുമതത്ത്വങ്ങളെക്കുറിച്ച് അഗാധജ്ഞാനമര്‍ജിക്കാനും സ്വാമിക്കു കഴിഞ്ഞു. അതിന്റെ ഫലമാണ് ‘ക്രിസ്തുമതസാരം’ എന്ന കൃതി. അക്കാലത്തെ പാതിരിമാരും മിഷണറിമാരും ഹിന്ദുമതതത്വങ്ങളെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും പക്ഷെ, കണ്ടില്ലെന്നു നടിക്കാന്‍ സാനതനധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായ അദ്ദേഹത്തിനു കഴിഞ്ഞില്ല. മഹാക്ഷേത്രങ്ങളുടെ മുമ്പില്‍നിന്ന് ‘പാപികളേ, വിഗ്രഹാരാധികളേ’ എന്നു വിളിച്ചവര്‍ക്കു മറുപടി കൊടുക്കാതിരിക്കാന്‍ അദ്ദേഹത്തിനായില്ല. അങ്ങനെയാണ് ക്രിസ്തുമതച്ഛേദം എഴുതേണ്ടിവന്നത്. ബൈബിളിലെ ചില യുക്തിഭംഗങ്ങളെയും വൈരുദ്ധ്യങ്ങളെയുമാണ് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വെച്ച് ഒരു മുസ്ലീം പണ്ഡിതന്റെ സഹായത്തോടെ, ഇസ്ലാംമത സിദ്ധാന്തങ്ങളെക്കുറിച്ച് മനസിലാക്കാനും സ്വാമിക്കു കഴിഞ്ഞിരുന്നു.

‘ഏകം സദ്വിപ്രാ ബഹുധാ വദന്തി’ സത്യം ഒന്നുമാത്രം പണ്ഡിതന്മാര്‍ അതിനെ പലതായി വ്യവഹരിക്കുന്നു എന്ന ഋഗ്വേദസൂക്തത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. ബഹുദൈവവിശ്വാസത്തെ സ്വാമി നിരസിച്ചു. ഏകയോഗക്ഷേമമായിരുന്നു ആ ആര്‍ഷദാസന്റെ ലക്ഷ്യം.

ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും തമ്മില്‍ അഗാധസ്പര്‍ശിയായ ആത്മബന്ധം പുലര്‍ത്തിയിരുന്നു. അവരിരുവരും അവധൂതന്മാരായി സഞ്ചരിച്ചിരുന്നു. ശ്രീനാരായണനെ തൈക്കാട് അയ്യാവുമായി പരിചയപ്പെടുത്തിയത് ചട്ടമ്പിസ്വാമികളാണ്. അയ്യാവില്‍ നിന്നാണ് ഇരുവരും യോഗമുറകള്‍ അഭ്യസിച്ചത്. ചട്ടമ്പിസ്വാമികളെ ഗുരുതുല്യനായാണ് ഗുരുദേവന്‍ പരിഗണിച്ചരുന്നത്. അവര്‍ കത്തിടപാടുകളും നടത്തിയിട്ടുണ്ട്. സമാധിയടുക്കാറായ ചട്ടമ്പിസ്വാമികളെ കാണാന്‍ ശ്രീനാരായണ ഗുരു വന്നിരുന്നു. സ്വാമിയുടെ അസാധാരണങ്ങളും അമാനുഷികങ്ങളുമായ കഴിവുകളെ പ്രകീര്‍ത്തിക്കുന്ന ഏതാനും ശ്ലോകങ്ങളും ഗുരുദേവന്‍ രചിച്ചിട്ടുണ്ട്.

സര്‍വ്വകലാവല്ലഭനും സര്‍വ്വമതസാരഗ്രാഹിയും സര്‍വശാസ്ത്രപാരംഗതനുമായതുകൊണ്ടാണ്, ,സ്വാമികള്‍ക്ക് വിദ്യാധിരാജന്‍ എന്ന നാമം ലഭിച്ചത്. സ്വാമിയുടെ സന്യാസിമാര്‍ഗത്തെ അവലംബിക്കുന്നവരെ തീര്‍ത്ഥപാദസമ്പ്രദായക്കാര്‍ എന്നാണു പറയുക. തിരുവനന്തപുരം, വാഴൂര്‍, എഴുമറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ത്ഥപാദസന്യാസാശ്രമങ്ങളുണ്ട്. പ്രസിദ്ധമായ ചെറുകോല്‍പുഴ ഹിന്ദുമതപരിഷത്ത് ചട്ടമ്പിസ്വാമികളുടെ സ്മരണയോടെയാണ് നടത്തിവരുന്നത്.

1068ല്‍ സ്വാമി വിവേകാനന്ദനെ കണ്ടു സംസാരിക്കാനുള്ള ഭാഗ്യവും ചട്ടമ്പിസ്വാമികള്‍ക്കുണ്ടായി. സംസ്‌കൃതഭാഷയിലാണ് അവര്‍ സംസാരിച്ചത്. പരസ്പരസ്‌നേഹവും ബഹുമാനവും ആ യോഗിവര്യന്മാരുടെ സംവാദത്തില്‍ നിറഞ്ഞുനിന്നിരുന്നു. ചിന്മുദ്രകാണിച്ച് വിവേകാനന്ദ സ്വാമിയെ വിസ്മയിപ്പിക്കാന്‍ ചട്ടമ്പിസ്വാമികള്‍ക്കു കഴിഞ്ഞു. ‘ഞാന്‍ കേരളത്തില്‍ ഒരു അതുഭതു പ്രതിഭാശാലിയെ കണ്ടു’ എന്ന് പില്‍ക്കാലത്ത് വിവേകാനന്ദ സ്വാമി പറഞ്ഞത് ശ്രീ ചട്ടമ്പിസ്വാമിയെക്കുറിച്ചായിരുന്നു!

കൊല്ലൂര്‍ ക്ഷേത്രത്തിലെ ധ്യാനശീലനായിരുന്ന ഒരവധൂതസന്യാസിയില്‍ നിന്നു ലഭിച്ച സുബ്രഹ്മണ്യമന്ത്രമാണ്, കുഞ്ഞന്‍പിള്ളയിലെ ആധ്യാത്മിക തേജസിനെ ഉജ്ജ്വലിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. തൈക്കാട്ട് അയ്യാവ്, സ്വാമിനാഥദേശികന്‍, സുബ്ബയാ ജടാപാഠി, ആത്മാനന്ദസ്വാമി എന്നീ ഗുരുക്കന്മാരില്‍ നിന്ന് വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും ഷ്ടദര്‍ശനങ്ങളുമെല്ലാം പഠിച്ചു. ജീവിതത്തിന്റെ പൊരുള്‍തേടി ദേശാന്തരങ്ങളില്‍ സഞ്ചരിച്ചു. ബഹുഭാഷാപാണ്ഡിത്യവും ഉണ്ടായിരുന്നു. സന്യാസിമാര്‍ സാധാരണ ധരിക്കുന്ന കാവിവസ്ത്രം അദ്ദേഹം ഉപയോഗിച്ചില്ല. ശുഭ്രവസ്ത്രത്തോടായിരുന്നു താല്‍പര്യം. വേദികളില്‍നിന്ന് പ്രസംഗിക്കുന്നതിനോടും യോജിപ്പില്ലായിരുന്നു. ഗൃഹസ്ഥന്മാരെ ചെന്നുകണ്ട് ഉപദേശിക്കുകായിരുന്നു പതിവ്. വ്യക്തിയും കുടുംബവും നന്നായാല്‍ സമൂഹം ശുദ്ധമാകും എന്ന ദര്‍ശനമായിരുന്നു സ്വാമിയുടേത്.

ജാതിമതമോ, വര്‍ണ്ണവര്‍ഗ്ഗമോ പരിഗണിക്കാതെ എല്ലാ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അയിത്തമുള്ള വീടുകളില്‍ സ്വാമി പ്രവേശിക്കുന്നത് യാഥാസ്ഥിക നായര്‍പ്രമാണികളെ ക്ഷുഭിതരാക്കി. അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. നവോത്ഥാനത്തിന്റെ ആ പ്രവാചകനെ കണ്ടെത്താനുള്ള ദീര്‍ഘവീക്ഷണം അവര്‍ക്കില്ലാതെ പോയി കഷ്ടം!

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സനാതന ധര്‍മ്മസന്ദേശത്തിന്റെ ദീപശീഖയുമായി നടന്ന് സാമൂഹികവും സാംസ്‌ക്കാരികവും ആദ്ധ്യാത്മികവുമായ നവോത്ഥാനത്തിനു നാന്ദികുറിച്ച ആ പരിവ്രാജകന്‍ 1099 മേടം 23ന് പന്‍മനയില്‍ വച്ച് മഹാസമാധിയടഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം