നെല്‍വയല്‍ വില്പനയ്ക്കു നിയന്ത്രണം കൊണ്ടുവരും: ഉമ്മന്‍ചാണ്ടി

July 13, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നെല്‍വയല്‍ കൃഷിയാവശ്യത്തിനല്ലാതെ വാങ്ങി മറിച്ചുവില്‍ക്കുന്നത് നിയന്ത്രിക്കുന്നതിനു നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ കളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു സെന്റ് നെല്‍വയല്‍പോലും ഇനി നഷ്ടമാകാന്‍ അനുവദിക്കില്ലെന്നതാണു സര്‍ക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പറഞ്ഞു.

കരഭൂമിയെ അപേക്ഷിച്ചു നെല്‍വയലിന് വില കുറവാണെന്നതു സമ്പന്നരെ നെല്‍വയല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇങ്ങനെ വാങ്ങുന്ന ഭൂമി കാലങ്ങളോളം തരിശിടുകയാണ്. നെല്‍വയല്‍ വാങ്ങിയാല്‍ ആറുമാസത്തിന കമോ ഒരു വര്‍ഷത്തിനകമോ കൃഷി ചെയ്യണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാകും നിയമം നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കലും മാലിന്യനിര്‍മാര്‍ജനവുമാണ് ഇന്നു സംസ്ഥാനം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിര്‍ബന്ധപൂര്‍വം ജനങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുക്കാനാവില്ല. ദേശീയപാതാവികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനാകാത്ത അവസ്ഥയാണുള്ളത് ഈ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണേണ്ടതുണ്ട്. സേവനാവകാശനിയമം ഈ സമ്മേളനത്തില്‍ തന്നെ നടപ്പാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സേവനാവകാശനിയമം നടപ്പാക്കുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ക്കു വലിയ പങ്ക് വഹിക്കാനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ താലൂക്കിലും ന്യായവില ഹോട്ടലുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികളുമായി മുന്നോട്ടുപോയേ മതിയാകൂ. ഹോട്ടലുകള്‍ അമിതവില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഗുണനിലവാരം പരിശോധിക്കുകയും വേണം. റേഷന്‍ കാര്‍ഡ് ഉടനടി അനുവദിക്കുകയും പിന്നീട് അന്വേഷണങ്ങള്‍ നടത്തുകയും വേണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തിട്ടും ചിലയിടങ്ങളില്‍ കാര്‍ഡ് നല്‍കാന്‍ വൈകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പകര്‍ച്ചപ്പനി നേരിടുന്നതിന് എന്താവശ്യമുണ്ടെങ്കിലും അടിയന്തിരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാര്‍ വിഷയത്തിലും കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്പു നടത്തിയ പ്രശ്‌നത്തിലും ശബരിമല ഉത്സവ നടത്തിപ്പിലും മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വിലയിരുത്തി. യോഗത്തില്‍ മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ്, കെ.പി.മോഹനന്‍, പി.കെ.ജയലക്ഷ്മി, എ.പി.അനില്‍കുമാര്‍, കെ.ബി.ഗണേഷ്‌കുമാര്‍, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം