സാഹിത്യത്തില്‍ ആധ്യാത്മികതക്കുള്ള പ്രസക്തി

July 14, 2012 സനാതനം

*സുകുമാരന്‍ നായര്‍*
അധ്യാത്മം എന്ന വാക്കിന് പരമാത്മാവ്, ജീവാത്മാവ്, സൂക്ഷ്മശരീരം എന്നൊക്കെ ആണ് അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുള്ളത്. ആത്മാവില്ലാത്ത ശരീരം ജഡ തുല്യമാണല്ലോ സാഹിത്യത്തിന്റെയും അവസ്ഥ മറിച്ചാവാന്‍ തരമില്ല. സമൂഹത്തിന് അമൃത് പകര്‍ന്നു കൊടുക്കേണ്ട സാഹിത്യം തന്നെ മൃതമായാലുള്ള അവസ്ഥയെക്കുറിച്ചു ചിന്തിച്ചുനോക്കൂ. അത് അന്തരീക്ഷത്തെയാകെ മലീമസമാക്കും. നാം ശ്വസിക്കുന്ന വായു വിഷലിപ്തമായിത്തീരും. ദൗര്‍ഭാഗ്യവശാല്‍, അത്തരം ഒരു പരിതഃസ്ഥിതിയിലാണ് നാമിന്നെത്തി നില്‍ക്കുന്നത്.

മനുഷ്യമനസ്സിനെ ആകര്‍ഷിക്കാന്‍ സാഹിത്യത്തോളം കെല്‍പ്പുള്ള മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഒരു ജനസമൂഹത്തെ ഏതു വഴിയ്ക്കും നയിച്ചുകൊണ്ടുപാകാന്‍ സാഹിത്യത്തിന് കഴിയും.

ഭാരതീയസാഹിത്യം വേദങ്ങളുടേയും ഉപനിഷത്തുകളുടെയും പുരാണങ്ങളുയെടും അമൃതുണ്ടു വളര്‍ന്നതാണ് അതുകൊണ്ട് അതു നിത്യചൈതന്യമാര്‍ന്നതാണ്. ആ സാഹിത്യത്തിന്റെ മുലപ്പാല്‍ നുണയുന്ന സമൂഹം അമൃതമായ ഒരു ലോകത്തേയ്ക്കാണ് ആനയിക്കപ്പെടുക. ഇത്തരമൊരന്തരീക്ഷത്തില്‍ വളരുന്ന മനുഷ്യര്‍ അമൃതപുത്രന്മാരായിരിക്കും. അവര്‍ കരുത്തിന്റെ സന്തതികളായിരിക്കും സഹസ്രാബ്ദങ്ങളായി ഉജ്ജ്വലമായ ദാര്‍ശനികതയേയും അധ്യാത്മചിന്തയുടെയും രാജപാത വെട്ടിത്തുറന്ന ഭാരതം മുഷ്യവര്‍ഗത്തെ തമോമയമായ ലോകത്തുനിന്നും പ്രകാശത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്കാണാനയിച്ചിട്ടുള്ളത്. ലോകം ഒരു കുടുംബമെന്നും സമസ്തലോകവും സുഖമായിരിക്കട്ടെ എന്നും നമ്മെ പഠിപ്പിക്കുന്ന ഒരു ദര്‍ശനമാണ് ഭാരതീയ മനീഷിമാര്‍ സംഭാവനചെയ്തിട്ടുള്ളത്.

ഈ മഹത്തായ ദര്‍ശനത്തിന് നേര്‍ക്കു കണ്ണുചിമ്മിയടച്ചുകൊണ്ടാണ് സ്ഥിതസമത്വവാദത്തിന്റെ പ്രത്യയശാസ്ത്രവുമായി ചിലര്‍ മുന്നോട്ടുവന്നത്. ആ പ്രത്യയശാസ്ത്രം മനുഷ്യരെ രണ്ടു വര്‍ഗ്ഗങ്ങളായി വിഭജിച്ചു. തൊഴിലാളികളെന്നും മുതലാളികളെന്നുമുള്ള രണ്ടു വര്‍ഗ്ഗങ്ങള്‍ സ്ഥിതിസമത്വം കൈവരിക്കാന്‍വേണ്ടി ഈ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ നിരന്തരമായി സംഘട്ടനം നടത്താന്‍ ആഹ്വാനം നല്കി. അങ്ങനെ സമാധാനത്തിന്റെയും സുരക്ഷിതത്ത്വമില്ലായ്മയുടേതുമായ ഒരന്തരീക്ഷം സൃക്ഷ്ടിക്കപ്പെട്ടു. അര നൂറ്റാണ്ടിലേറെക്കാലം നമ്മുടെ സാഹിത്യകാരന്മാരും ബുദ്ധിജീവികളും വര്‍ഗസംഘര്‍ഷത്തിനാക്കം കൂട്ടാന്‍വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. എന്നിട്ട് ഒടുവില്‍ എന്തു സംഭവിച്ചു? അതു നാം കണ്ടറിഞ്ഞു. ഇത്രയും കാലം സമത്വത്തിന് വേണ്ടി പടപൊരുതിയ ഒരു വലിയ വിഭാഗം ജനങ്ങളുടെ ആത്മവീര്യം എന്നെന്നേയ്ക്കുമായി കെടുത്തിക്കളയാനാണതുപകരിച്ചത്. തലമുറകളായി കാത്തുസൂക്ഷിച്ചുപോന്ന ഒരു സംസ്‌കാരത്തെ പിഴുതെറിഞ്ഞു ഭയാനകമായ മൂല്യച്യുതിയിലേക്കു അവരെ വലിച്ചിഴച്ചു. എന്നിട്ടിപ്പോള്‍ മാറിനിന്നു തങ്ങള്‍ക്കു തെറ്റുപറ്റി എ്‌നു പറഞ്ഞു പശ്ചാത്തപിക്കുന്നു.

ഇതില്‍നിന്നൊരു കാര്യം മനസ്സിലാക്കാം. തിന്മയുടെ പ്രചാരണമല്ല. സാഹിത്യം നടത്തേണ്ടത്. കരുത്തും ആത്മവിശ്വാസവുമാണ് പകര്‍ന്നുകൊടക്കേണ്ടത്. ‘ഞാന്‍ ആത്മാവാണ്. വാളിനെന്നെ മുറിയ്ക്കുവാന്‍ വയ്യ. ആയുധങ്ങള്‍ക്കൊന്നും എന്നെ തളയ്ക്കാന്‍ വയ്യ. തീ എന്നെ എരിയ്ക്കില്ല. ഞാന്‍ സര്‍വശക്തനാണ്.’ ഈ വാക്കുകള്‍ ഉരുവിട്ടുപഠിച്ചാല്‍ നമുക്കെന്തും ചെയ്യാന്‍ കഴിയും. ഉനിഷത്തുകളില്‍നിന്നും നമുക്കുകിട്ടുന്ന കരുത്തിതാണ്.

സമസ്തലോകത്തിന്റെയും ശ്രേയസ്സും പ്രേയസ്സും കാംക്ഷിക്കുന്ന ഒരു സംസ്‌ക്കാരം വെളിച്ചം കടക്കാത്ത ഇരുണ്ട പാതയിലൂടെ നടക്കാന്‍ ആരെയും പ്രേരിപ്പിക്കുകയില്ല.

വെളിച്ചം ലോകത്തില്‍ കൊണ്ടുവരിക, ഓരോരുത്തനും വെളിച്ചം വന്നുചേരട്ടെ. ദരിദ്രന്മാര്‍ക്ക് വെളിച്ചം കൊടുക്കുക. ധനികന്മാര്‍ക്ക് അതിലും കൂടുതല്‍ കൊടുക്കുക, ദരിദ്രന്മാരേക്കാള്‍ അവര്‍ക്കാണ് വെളിച്ചം കൂടുതല്‍ വേണ്ടത്. പഠിപ്പില്ലാത്തവര്‍ക്ക് വെളിച്ചം നല്ക്കുക. പഠിപ്പുള്ളവര്‍ക്കതിലുമേറെ നല്‍കുക. കാരണം ഇക്കാലത്തെ പഠിപ്പിലുള്ള പൊള്ളത്തരം വമ്പിച്ചതാണ്. അങ്ങനെ എല്ലാവര്‍ക്കും വെളിച്ചം വിതരണം ചെയ്യുക. ‘എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഒരു തരത്തിലുള്ള അന്ധവിശ്വാസവും അജ്ഞതയും ആരും വച്ചുപുലര്‍ത്തരുത് എന്ന അര്‍ത്ഥത്തിലാണ്. എല്ലാ ജനങ്ങളിലും ഈ വെളിച്ചം എത്തിച്ചുകൊടുക്കാന്‍ സാഹിത്യത്തിനുമാത്രമേ കഴിയൂ. വേദകാലം മുതലിങ്ങോട്ട് ആ സാഹിത്യധര്‍മ്മം നിറവേറ്റിയിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍, സാഹിത്യത്തിലെ പുരോഗമനക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ മനുഷ്യരെ കേവലഭൗതീകവാദികളാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തിയത്. ആത്മാവെന്നൊന്നില്ലെന്നും ആത്മാവിനെപ്പറ്റി പറയുന്നതൊക്കെ തെറ്റാണെന്നും പറഞ്ഞു പ്രചരിപ്പിച്ച് അവര്‍ ഒരു നല്ല വിഭാഗം ജനങ്ങളെ ആത്മീയചിന്തകളില്‍ നിന്നും പിന്തിരപ്പിക്കാന്‍ ശ്രമിച്ചു. ഇല്ലാത്തവനെ ഉള്ളവനാക്കിത്തീര്‍ക്കു. എന്നല്ല ഉള്ളവനെ ഇല്ലാത്തവനാക്കിത്തീര്‍ക്കു എന്ന മുദ്രാവാക്യമാണ് ഇവര്‍ മുഴക്കിയത്.

ആഹാരം, നിദ്ര, മൈഥുനം, എന്നീ മൂന്നു ഭൗതികാവശ്യങ്ങള്‍കൊണ്ട് തൃപ്തിയടയുന്നവയാണ് മൃഗങ്ങള്‍. അതില്‍ക്കവിഞ്ഞ് മറ്റൊരാവശ്യങ്ങളും അവയ്ക്കില്ല. ഭൗതീകവാദിയായ മനുഷ്യനും ഈ ഭൗതീകാവശ്യങ്ങളില്‍ കവിഞ്ഞ് മറ്റൊന്നും വേണമെന്നില്ലല്ലോ അപ്പോള്‍ മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം എവിടെയാണ്?

ഒരു യഥാര്‍ത്ഥ മനുഷ്യന്‍ തീര്‍ച്ചയായും ഈ ഭൗതികാവശ്യങ്ങള്‍ നിറവേറ്റപ്പെട്ടതുകൊണ്ടുമാത്രം സംതൃപ്തനായിരിക്കുകയില്ല. പഞ്ചേന്ദ്രിയങ്ങള്‍ക്കനുഭവവേദ്യമായ ഈ ഭൗതീക ജീവിതത്തിന്നപ്പുറം ആധ്യാത്മികമായ മറ്റൊരു തലമുണ്ടെന്നവന്‍ വിശ്വസിക്കുന്നു. ആ തലത്തിലെത്തിച്ചേര്‍ന്നെങ്കില്‍ മാത്രമേ മനുഷ്യന്‍ മൃഗത്തിന്റെ അവസ്ഥയില്‍ നിന്നുയര്‍ന്ന് യഥാര്‍ത്ഥ മനുഷ്യനായിത്തീരുകയുള്ളൂ. അല്ലെങ്കില്‍ തിന്നും കുടിച്ചും രമിച്ചും ഉറങ്ങിയും അവന്‍ മൃഗത്തിനു തുല്യമായ ജീവിതം നയിക്കും. എവിടെയും അവന് സുരക്ഷിതത്വബോധമുണ്ടായിരിക്കുകയില്ല. കൊന്നും, വെന്നും പടവെട്ടിയും അന്യന്റെ മുതല്‍ കവര്‍ന്നെടുത്തും അവനങ്ങനെ ജീവിക്കും. എപ്പോഴും ഭയാശങ്കകളോടെയായിരിക്കും അവന്‍ കാതോര്‍ത്തുകഴിയുന്നത്. ഇന്നത്തെ അവസ്ഥ അതുതന്നെയാണല്ലോ. നിരപരാധികളെ കൊന്നൊടുക്കാന്‍ ഇന്നാര്‍ക്കുമൊരു മടിയുമില്ല. രാജ്യത്തെവിടെയങ്കിലും കൂട്ടക്കുരിതികള്‍ നടന്നതായ വാര്‍ത്തയില്ലാത്ത ഒരു വര്‍ത്തമാനപത്രവും നമുക്കിന്നു സ്വപ്‌നം കാണാന്‍ കൂടി കഴിയുന്നില്ല. ബസ്സിലോ ട്രെയിനിലോ യാത്രചെയ്യുന്നവരെയും ഉത്സവം തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരെയും വീട്ടില്‍ സമാധാനമായി കിടന്നുറങ്ങുന്നവരെയുമാണ് അക്രമികള്‍ കടന്നുവന്നു നിഷ്‌കരുണം കൊന്നൊടുക്കുന്നത്.

ആധ്യാത്മികമായ ശിക്ഷണത്തിന്റെ അഭാവം കൊണ്ടാണ് മനുഷ്യന്‍ ഇത്രമാത്രം ആധഃപതിക്കുന്നത്. മസ്തിഷ്‌കത്തെ പതപ്പെടുത്തുകയും ഉയര്‍ന്നതും ഉദാരവുമായ ചിന്തകള്‍ മസ്തിഷ്‌ക്കത്തില്‍ സന്നിവേശിപ്പിക്കുകയുമാണ് സാഹിത്യത്തിലൂടെ നിര്‍വഹിക്കേണ്ടത്.

പക്ഷെ, ഇന്നു സാഹിത്യത്തെ വെറും കച്ചവടച്ചരക്കാക്കി മാത്രമാണ് ഒരുകൂട്ടര്‍ കാണാന്‍ ശ്രമിക്കുന്നത്. അമിതമായ ലൈംഗികാസക്തി വളര്‍ത്തുകയും മയക്കുമരുന്നുകളുടെ മാസ്മരികലോകത്തേക്കു അനുവാചകരെ കൊണ്ടെത്തിക്കുകയും അധമവികാരങ്ങള്‍ മനസ്സില്‍ കുത്തിനിറയ്ക്കുകയും ചെയ്തുകൊണ്ടു ധാര്‍മ്മികബോധമില്ലാതെ സാഹിത്യരചനകള്‍ നടത്തുന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ആദര്‍ശസമ്പന്നരായ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാന്‍ കഴിയുക? അത്തരം ഒരു സമൂഹത്തില്‍ സ്ത്രീകളുടെ ചാരിത്ര്യം എങ്ങനെ കാത്തുസൂക്ഷിക്കപ്പെടും? നമ്മുടെ സനാതനമൂല്യങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടും.?

ധാര്‍മ്മികമായ നീതിസംഹിതകളും സ്മൃതികളും പുരാണങ്ങളും എല്ലാം ചുട്ടെരിക്കാനാണ് പുരോഗമനത്തിന്റെ ഭ്രാന്തികളായ ഒരു കൂട്ടമാളുകള്‍ വെമ്പല്‍ കൊള്ളുന്നത്.

ആധ്യാത്മികമായ നീരക്ഷരത്വമുള്ളപ്പോള്‍ ശാരീരികമായ കര്‍മ്മദക്ഷതയും ബുദ്ധിപരമായ ഉണര്‍വും ആപല്‍ക്കരങ്ങളായേക്കാമെന്നു അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നുവെന്ന് നമുക്കിപ്പോള്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നമ്മുടെ സംസ്‌ക്കാരവും സാഹിത്യവും ആധ്യാത്മികതയുടെ തെളിനീര്‍കുടിച്ച് പരിപുഷ്‌കലമായിട്ടുള്ളതാണ്. മനസ്സില്‍ കൊളുത്തിവച്ച ഈ ആധ്യാത്മികചിന്തയുടെ ദീപം തിരിതാഴ്ത്താന്‍ എറെക്കാലത്തെ ശ്രമഫലമായികഴിഞ്ഞു. പക്ഷെ, ആ ദീപം അണക്കാന്‍ കഴിഞ്ഞിട്ടില്ല. ആരെക്കൊണ്ടും അതൊട്ടുണക്കാന്‍ കഴിയുകയുമില്ല.

വെളിച്ചം ദുഃഖമണെന്നും തമസ്സ് സുഖപ്രദമാണെന്നും പറയേണ്ടിവന്ന ഒരു കാലഘട്ടത്തിലേക്ക് നാം എത്തിച്ചേര്‍ന്നു. നമ്മുടെ മനീഷിമാര്‍ എപ്പോഴും പ്രാര്‍ത്ഥിച്ചിട്ടുള്ളത് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ എന്നാണ്. പിന്നെന്തു കൊണ്ടാണ് വെളിച്ചം ദുഃഖമാണെന്നും തമസ്സ്, സുഖപ്രദമാണെന്നും പറയേണ്ടിവന്നത്? ഈ തമോമയലോകത്തു നിന്നുകൊണ്ട് നോക്കിയാല്‍ അതുവളരെ സുഖപ്രദമായിത്തോന്നും. ഭ്രാമകമായ വെളിച്ചത്തു നിന്നുകൊണ്ടും ചുറ്റും നോക്കിയാല്‍ കാണുന്നത് ഘോരതമസ്സാണ്. അത് ദുഃഖദായകവുമാണ്.

നാം ഇരുട്ടിനെ ഭയപ്പെട്ടിട്ടു കാര്യമില്ല. നമ്മുടെ മനസ്സില്‍ മങ്ങിക്കത്തുന്ന ആധ്യാത്മികതയുടെ തിരിനീട്ടിയാല്‍ മതി. സമൂഹത്തിനു പ്രയോജകീഭവിക്കത്തക്ക രീതിയിലുള്ള സാഹിത്യ സൃഷ്ടി നടത്തണമെങ്കില്‍, നമ്മുടെ സംസ്‌ക്കാരവും ദര്‍ശനങ്ങളും മനസ്സിലാക്കിയിരിക്കണം. എഴുത്തുകാരനില്‍ സ്വാധീനം ചെലുത്തിയ ഒരു ദര്‍ശനം തീര്‍ച്ചയായും അയാളുടെ കൃതികളില്‍ പ്രതിഫലിക്കുന്നു.

ഇന്ന് എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് കൊലവിളികളും ആര്‍ത്തനാദങ്ങളുമാണ്. ഇവിടെ നിന്നും ശാന്തിമന്ത്രം ഉരുവിടുന്ന ആ കാലഘട്ടത്തിലേക്ക് നമുക്ക് മടങ്ങിപ്പോകാം.

ആധ്യാത്മികതയുടെ തിളക്കം നഷ്ടപ്പെട്ട സാഹിത്യം മുത്തുനഷ്ടപ്പെട്ട ചിപ്പിപോലെയാണ്. ആ മുത്തുകളും രത്‌നങ്ങളും കൊണ്ട് വീണ്ടും നമുക്ക് സാഹിത്യത്തെ തിളക്കമുള്ളതാക്കി തീര്‍ക്കാം ഇനിയെങ്കിലും നമ്മുടെ സാഹിത്യകാരന്മാരുടെശ്രമം അതിന് വേണ്ടിയാകട്ടെ. ആ ശ്രമം ഫലവത്താക്കണമെങ്കില്‍ സാഹിത്യകാരന് ധാര്‍മ്മികമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. സാഹിത്യം ഒരു വില്പനചരക്കായി കണ്ടുകൊണ്ട്, കുത്തകവ്യവസായികളെയും ഉപഭോക്താക്കളെയും തേടിയലഞ്ഞാല്‍ സാഹിത്യത്തിന്റെ പരമമായ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കേണ്ടിവരും. അവിടെ വ്യവസായികളുടെയും ഉപഭോക്താക്കളുടെയും തല്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടി വരുന്നത്. ധാര്‍മ്മികമൂല്യങ്ങള്‍ക്കോ ദര്‍ശനങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ലാതായിത്തീരും.

ഒരു കാലഘട്ടത്തില്‍ , ആധ്യാത്മികതയെ നിഷേധിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകന്‍മാരായിരുന്നു സാഹിത്യകാരന്മാര്‍, ആ പ്രത്യയ ശാസ്ത്രം വളര്‍ന്നു പന്തലിക്കാന്‍ ഏറ്റവും അനുകൂലമായ കാലാവസ്ഥയും വളക്കൂറുള്ള മണ്ണില്‍പ്പോലും അതു വേരോടുകയില്ലെന്ന് ബോധ്യമായപ്പോള്‍ പലരും പേന താഴെ വച്ചു. ഇപ്പോള്‍ സാഹിത്യത്തില്‍ മയക്കുമരുന്നുകള്‍ ചേര്‍ത്തു പുതിയ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് . ഒരുകൂട്ടം ആളുകളുടെ സിരകളില്‍ ലഹരി പകര്‍ന്നുകൊണ്ട് അവര്‍ ഉപഭോക്താക്കളെ മയക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇതും മാരകമായ സ്ഥിതിവിശേഷം സമൂഹത്തില്‍ സംജാതമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെയും കെടുതികള്‍ നാം അനുഭവിച്ചേ തീരൂ.

സാഹിത്യം ഒരു തൊഴിലായും ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായും കരുതുന്ന കാലത്തോളം നമ്മെ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഓര്‍ഡര്‍ അനുസരിച്ച് അഡ്വാന്‍സ് വാങ്ങിക്കൊണ്ട് കട്ടിലും മേശയും കസേരയും പണിതുകൊടുക്കുന്ന ലാഘവത്തോടെ കൃത്യമായ സമയപരിധിക്കുള്ളില്‍ പണിതീര്‍ത്തു കൊടുക്കാവുന്നതാണോ സാഹിത്യകൃതികള്‍? തീര്‍ച്ചയായും അല്ല അത്തരം സൃഷ്ടികളെ പിന്നെന്തു പേര് വിളിക്കണം? എന്തു പേരുവിളിച്ചാലും വിരോധമില്ല. ഈ പ്രക്രിയയെ സാഹിത്യരചന എന്നുവിളിച്ച് സാഹിത്യത്തെ അവഹേളിക്കരുതെന്നു മാത്രം.

സമൂഹത്തിന് വെളിച്ചം പകരേണ്ടവനാണ് സാഹിത്യകാരന്‍, വായനക്കാര്‍ക്ക് എന്തു കൊടുക്കണമെന്ന് സാഹിത്യകാരന് വ്യക്തമായ ബോധമുണ്ടായിരിക്കണം. ആയുധധാരികളായ പട്ടളാത്തിന്റെയും പോലീസിന്റെയും സഹായമില്ലാതെ തന്നെ ധര്‍മ്മാധര്‍മ്മങ്ങളെ വിവേചിച്ചറിഞ്ഞ് ധര്‍മ്മത്തിന്റെ പാതയിലൂടെ നടക്കുവാന്‍ സ്വയം പ്രേരിതരാകുന്ന ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജന സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സാഹിത്യകാരന്മാര്‍ മുന്നോട്ടുവരണം. ഇന്നും ഒരു വലിയ ജനത ധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതു നിയമത്തിനേയോ പോലീസിനേയോ ഭയപ്പെട്ടിട്ടില്ല. തെറ്റു ചെയ്യാതിരിക്കാനുള്ള ഒരു സംസ്‌കാരം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ്. അമ്മയെ അമ്മയായി കാണാനും സഹോദരിയെ സഹോദരിയായി കാണാനും മകളെ മകളായും ഭാര്യയെ ഭാര്യയായും കാണാനും ലോകത്തെമ്പാടുമുള്ള മനുഷ്യരെ പഠിപ്പിച്ചത് പോലീസും പട്ടാളവും കോടതിയുമൊന്നുമല്ല. നമ്മുടെ സഞ്ചിത സംസ്‌കാരമാണ് നമ്മെ അതു പഠിപ്പിച്ചത് ആ സംസ്‌കാരത്തിന്റെ അതിര്‍ വരമ്പുകള്‍ നാം ലംഘിക്കാറില്ല.

ഇത്തരം നീതിബോധമുള്ള സമൂഹത്തെ സാഹിത്യകാരന്‍ വിഭാവന ചെയ്യാന്‍ കഴിയണമെങ്കില്‍ ആധ്യാത്മികമായ ഒരുണര്‍വ്വ് നേടിയിരിക്കണം. അങ്ങനെയുള്ള ഒരു സാഹിത്യകാരനു മാത്രമേ ജനങ്ങള്‍ക്ക് കര്‍മ്മശേഷിയും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുക്കാനും അവയെ അമൃതമയമായ ഒരു ലോകത്തേക്ക് നയിക്കാനും കഴിയൂ.

സാഹിത്യത്തില്‍ ആധ്യാത്മികതയുടെ പ്രസക്തി നഷ്ടപ്പെടുമ്പോള്‍ സമൂഹത്തില്‍ സാഹിത്യത്തിന്റെയും പ്രസക്തി ഇല്ലാതായിത്തീരുന്നു. ഊര്‍ജ്ജസ്വലതയും കര്‍മ്മശേഷിയുമുള്ള ഒരൂ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അധ്യാത്മികത്തിന്റെ സാഹിത്യകാരന്മാര്‍ക്ക് അവരുടെ മഹത്തായ സാഹിത്യകൃതികളിലൂടെ സാധിക്കുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം