പുതിയ നിര്‍ദേശം ശബരിമലയില്‍ അപ്രായോഗികം: കുമ്മനം രാജശേഖരന്‍

July 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോട്ടയം: വനത്തിനുള്ളിലെ ക്ഷേത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയത്തിന്റെ പുതിയ നിര്‍ദേശം ശബരിമലയില്‍ അപ്രായോഗികമാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജേഖരന്‍ പറഞ്ഞു. അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ വനം നശിപ്പിക്കുന്നില്ല. പൂങ്കാവനം വാഴും അയ്യനേ ! എന്നു ഭക്തിയോടെയാണ് അയ്യപ്പന്മാര്‍ വിളിക്കുന്നത്. അയ്യപ്പന്മാര്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാറുണ്ട്. പക്ഷി-മൃഗാദികള്‍ക്കു ഭക്ഷണം നല്‍കുന്നുണ്ട്. കാടിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്നില്ല. വനം മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതിനുശേഷമേ ശബരിമലയെ ഏതൊക്കെ തരത്തില്‍ ബാധിക്കുവെന്നു മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.

അഗസ്ത്യകൂടം സന്ദര്‍ശിക്കുന്നതിന് ഇപ്പോള്‍ പണം ഈടാക്കുന്നുണ്ട്. അന്ന് അതിനു നിര്‍ദേശം ഉണ്ടായപ്പോള്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ത്തിരുന്നു. അഗസ്ത്യമുനി തപസുചെയ്ത സ്ഥലം എന്ന നിലയിലാണ് അവിടെ ഇപ്പോഴും പ്രസക്തി. സഹ്യപര്‍വതത്തിലെ ഒരു കൊടുമുടിയായി ആണ് രാമായണത്തില്‍ അഗസ്ത്യകൂടം പരാമര്‍ശിക്കപ്പെടുന്നത്.

ശബരിമലയെയും ടിക്കറ്റ് വച്ചുളള തീര്‍ഥാടന സംസ്‌കാരത്തിലേക്കു തള്ളിവിടരുത്. തീര്‍ഥാടകര്‍ അവിടെ വനം നശിപ്പിക്കുന്നില്ല. ടൂറിസ്റ്റുകളാണ് പരിസ്ഥിതിക്കു  നാശം വരുത്തുന്നത്. ശബരിമലയില്‍ വികസനമല്ല വേണ്ടത്. അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് വേണ്ടത്. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ  ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിച്ചാല്‍ മറ്റു ക്ഷേത്രത്തിലും പിന്നാലെ ഈ നിര്‍ദേശങ്ങള്‍ വരും- കുമ്മനം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം