അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം1)

July 15, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ജയ് സീതാരാം

1. ആനന്ദ തത്വ ശാസ്ത്രം

ആനന്ദസ്വരൂപനാണു ശ്രീരാമചന്ദ്രന്‍. രാമായണം അദ്ദേഹത്തിന്റെ അവതാരലീലയുടെ ചരിതവുമാകുന്നു. ആനന്ദലബ്ദിയുടെ താത്ത്വികവും പ്രായോഗികവുമായ അനുഭവതലങ്ങള്‍ അതില്‍ ആദ്യവസാനം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ആനന്ദമെന്നത് എന്താണ്?  അത് എവിടെ കുടികൊള്ളുന്നു? ആനന്ദം ലഭിക്കാനുള്ള മാര്‍ഗ്ഗമെന്താണ്. അതു വ്യക്തിജീവിതത്തില്‍ വരുത്തുന്ന അഭികാമ്യമായ മാറ്റങ്ങളെന്തൊക്കെയാണ്? സമൂഹത്തിലും രാഷ്ട്രജീവിതത്തിലും ലോകമെമ്പാടും ആനന്ദാനുഭവം വരുത്തുന്ന പരിണതതികളെന്തൊക്കെ? മാനവരാശി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അതെങ്ങനെ പരിഹരിക്കുന്നു?  ആനന്ദിയായ മനുഷ്യന്റെയും കുടുംബത്തിന്റെയും ലോകത്തിന്റെയും സ്വരൂപമെന്താണ്? അവര്‍ എങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു? ജീവതത്തെ എങ്ങനെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്?  ആനന്ദതത്ത്വശാസ്ത്രം പ്രായോഗികമാണോ? മുതലായ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ സമാധാനം ശ്രീരാമചന്ദ്രന്റെ ജീവിതരേഖയായ രാമായണത്തിലുണ്ട്.

ഈ ലോകത്ത് ആനന്ദം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. മനുഷ്യര്‍മാത്രമല്ല, മൃഗങ്ങളും പക്ഷികളും വൃക്ഷലതാദികളുമെല്ലാം ആനന്ദമാഗ്രഹിക്കുന്നു. ആരുംതന്നെ ദുഃഖം ഇഷ്ടപ്പെടുന്നില്ല. ഉറുമ്പുകള്‍ ഓടിനടക്കുന്ന വഴിയില്‍ ഒരു കനല്‍ക്കട്ട വന്നുപെട്ടാല്‍ അവ ഒഴിഞ്ഞുമാറുന്നത് അതുകൊണ്ടാണ്. ദൂരെനിന്നു ഓടിവരുന്ന വാഹനത്തിന്റെ കമ്പനം അനുഭവപ്പെടുന്നമാത്രയില്‍ത്തന്നെ അബദ്ധവശാല്‍ റോഡില്‍വന്നുപെട്ട പുഴു ഇഴഞ്ഞുമാറാന്‍ ശ്രമിക്കുന്നതും വേറൊരു കാരണത്താലല്ല.

വളവും വെള്ളവും നല്‍കി വളര്‍ത്തുന്ന കര്‍ഷകന്റെ സാമീപ്യത്തില്‍ സസ്യങ്ങള്‍ ആനന്ദിക്കുന്നതും കോടാലിയുമായെത്തുന്നവന്റെ മുന്നില്‍ ഭയന്നു പോകുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആനന്ദജനകമായ സംഗീതത്തോടു ജന്തു-സസ്യ സമൂഹങ്ങളുടെ പ്രതികരണവും അതേവിധം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിന്റെ വിശ്വദര്‍ശനത്തില്‍ ഇതെല്ലാം സ്പഷ്ടമായി കാണുകയും ചെയ്യാം.

ആനന്ദമാണ് ജീവരാശികളെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. മനുഷ്യരുള്‍പ്പെടെ സമസ്ത ചരാചരങ്ങളുടെയും പ്രവര്‍ത്തികളുടെ പരമലക്ഷ്യം ആനന്ദപ്രാപ്തിയാണെന്നു വ്യക്തമാണ്. നല്ലവിളവ് സന്തോഷം നല്‍കുമായിരുന്നില്ലെങ്കില്‍ കാര്‍ഷികാദ്ധ്വാനത്തിന്റെ ക്ലേശം ആരും ഏറ്റെടുക്കുമായിരുന്നില്ല. ഉയര്‍ന്ന ഡിഗ്രികളും തന്മൂലം ലഭിക്കുന്ന ഉന്നത ജോലികളും മെച്ചപ്പെട്ട വരുമാനവും സന്തോഷം പകരുകയില്ലായിരുന്നെങ്കില്‍ ആരും പഠനത്തിന്റെ ബുദ്ധിമുട്ട് സ്വയം സ്വീകരിക്കുമായിരുന്നില്ല. ഫാക്ടറികളിലും മറ്റു ജോലി സ്ഥലങ്ങളിലും നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ സഹിക്കുവാനുള്ള വരുമാനം ദുഃഖത്തെ കുറേയെങ്കിലും ശമിപ്പിച്ച്  ആനന്ദമേകുന്നതുകൊണ്ടാണ്.

ഇങ്ങനെ ഏവരും ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ആനന്ദം എവിടെ ഇരിക്കുന്നു? സമ്പത്തിലും അധികാരത്തിലും സ്ഥാനമാനങ്ങളിലും മണിമാളികകളിലും പുതുപുത്തന്‍ വാഹനങ്ങളിലും  സ്വര്‍ണ്ണാഭരണങ്ങളിലുമെല്ലാം ആനന്ദമിരിക്കുന്നു എന്നാണു പൊതു ധാരണ. ആഗ്രഹിച്ച പദാര്‍ത്ഥങ്ങള്‍ ലഭിക്കുമ്പോഴും ആഗ്രഹിച്ചതു നടക്കുമ്പോഴും ആനന്ദാനുഭവമുണ്ടാകുന്നതിനാല്‍ ഇങ്ങനെ ചിന്തിച്ചു പോകുന്നതു സ്വാഭാവികം.

ആഗ്രഹത്തിനു വിപരീതം സംഭവിക്കുമ്പോള്‍ ദുഃഖമുണ്ടാകുന്നതു ഈ ധാരണയെ ബലപ്പെടുത്തുന്നു. എന്നാല്‍ ആനന്ദത്തിന്റെ ഉറവിടം ഭൗതികപദാര്‍ത്ഥങ്ങളൊന്നുമല്ലെന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. നമുക്കു പരിചയമുള്ള ഏതു സംഭവം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമായിക്കൊള്ളും.

കൊച്ചുകുട്ടികള്‍ക്കു മൂന്നുവീലുള്ള സൈക്കിള്‍ ഏറെ ഹരമാണെന്നു ഏവര്‍ക്കുമറിയാം. അതു കിട്ടിയാല്‍ അവര്‍ക്കു ലഭിക്കുന്ന ആനന്ദത്തിനു പരിധിയുണ്ടാവുകയില്ല. അതുമായി അവര്‍ വീടിനു ചുറ്റും ഉത്സവമൊരുക്കും. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അതു വാങ്ങിക്കൊടുക്കാന്‍ കഴിയാതെ വന്നാലോ ? സമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്ര ദുഃഖമുണ്ടാവുകയില്ല. അത്രയേറെ അവര്‍ വേദനിക്കും. ഒരിക്കല്‍ അങ്ങനെ കരയുന്ന ഒരു മൂന്നുവയസ്സുകാരന്റെ അമ്മാവന് വിദേശത്തു ജോലികിട്ടി. അവധിക്കു വരുമ്പോള്‍ നല്ലൊരു ഫോറിന്‍ ത്രീവീലര്‍ സൈക്കിള്‍ വാങ്ങിക്കൊണ്ടുവന്നു കൊടുക്കാമെന്ന് യാത്രപുറപ്പെടുന്നേരം അയാള്‍ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ മറന്നില്ല.

പക്ഷേ പതിനഞ്ചുവര്‍ഷം കഴിഞ്ഞാണ് അയാള്‍ക്കു നാട്ടില്‍ മടങ്ങിവരാനായത്. ബന്ധുജനങ്ങള്‍ക്കോരോരുത്തര്‍ക്കും നല്ല നല്ല സമ്മാനങ്ങള്‍ കരുതുന്ന കൂട്ടത്തില്‍ തന്റെ അനന്തരവന്റെ കാര്യവും അയാള്‍ മറന്നില്ല. കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ അനന്തരവന് ത്രീവീലര്‍ സൈക്കിള്‍ സമ്മാനമായി സ്‌നേഹപൂര്‍വ്വം നല്‍കിയാല്‍ എന്തായിരിക്കും അയാളുടെ പ്രതികരണം?  ഇന്ന് അയാള്‍ കൊച്ചുകുട്ടിയല്ല; പതിനെട്ടുവയസ്സുള്ള യുവാവായി മാറിക്കഴിഞ്ഞിരിക്കുന്നു.

മൂന്നുവയസ്സുള്ളപ്പോള്‍ ആനന്ദമേകുന്ന ത്രീവീലര്‍ എന്തുകൊണ്ടു പതിനെട്ടുകാരനു സന്തോഷം പകരുന്നില്ല? ആനന്ദം സൈക്കിള്‍ എന്ന ഭൗതികപദാര്‍ത്ഥത്തില്‍ കുടികൊള്ളുന്ന ഗുണമാണെങ്കില്‍ അത് എക്കാലവും സന്തോഷദായകമായിരിക്കണമല്ലൊ? പഞ്ചസാരയുടെ സ്വഭാവമായ മാധുര്യവും കാഞ്ഞിരത്തിന്റെ സ്വഭാവമായ കയ്പ്പും ആര്‍ക്കും ഏതു പ്രായത്തിലും യഥാക്രമം മാധുരമായും കയ്പ്പായുമാണല്ലോ അനുഭവപ്പെടുന്നത്. ഉത്തരം സ്പഷ്ടം. ആനന്ദത്തിന്റെ ഉറവിടം ത്രീവീലര്‍ സൈക്കിളല്ല. സമ്പത്തോ സ്ഥാനമാനങ്ങളോ അധികാരമോ യാതൊന്നുമല്ല.

ഭൗതിക പദാര്‍ത്ഥങ്ങളിലൊന്നിലും ആനന്ദമിരിപ്പില്ല. ആനന്ദത്തിന്റെ ഉറവിടം അവരവരുടെ ഹൃദയകമലം തന്നെയാണ്. അവരവരുടെ സ്വരൂപം തന്നെയാണ് ആനന്ദമെന്ന് അദ്ധ്യാത്മരാമായണം വ്യക്തമാക്കിത്തരും. അതാണ് ആ മഹാഗ്രന്ഥത്തിന്റെ ദര്‍ശനവൈഭവം. ആനന്ദത്തിന്റെ  യഥാര്‍ത്ഥമായ ഉറവിടമറിയാതെ  കസ്തൂരിമൃഗത്തെപ്പോലെ നാം ലോകമെല്ലാം അന്വേഷിച്ചു തളരുന്നെന്നുമാത്രം. ദുഃഖങ്ങള്‍ക്കു കാരണമതാണ്. ഉറവവറ്റാത്ത ആനന്ദാനുഭൂതി ആഗ്രഹിക്കുന്നവര്‍ക്ക് ഗുരുപരമ്പര കനിഞ്ഞു നല്‍കിയ നിധിയാണ് അദ്ധ്യാത്മരാമായണം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം