ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളം ചാമ്പ്യന്മാര്‍

July 16, 2012 കായികം

ബാംഗ്ലൂര്‍: ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍  കേരളം ചാമ്പ്യന്മാര്‍. 216 പോയന്റുമായാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ കേരളം ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഹരിയാണയ്ക്ക് 125.5 പോയന്റ് മാത്രം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായി. 75 പോയന്റുമായി കേരള ആണ്‍കുട്ടികള്‍ ജേതാക്കളായപ്പോള്‍ 74.5 പോയന്റുമായ ഹരിയാണ തൊട്ടു പിന്നിലെത്തി. പെണ്‍കുട്ടികള്‍ 141 പോയന്റുമായാണ് ജേതാക്കളായത്. രണ്ടാം സ്ഥാനത്തെത്തിയ കര്‍ണാടകത്തിന് 56 പോയന്റ് ലഭിച്ചു.
പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പി.ടി. ഉഷയുടെ ശിഷ്യയായ ജെസി ജോസഫ് ലുധിയാന സ്‌കൂള്‍ മീറ്റിലെ സുവര്‍ണ നേട്ടം ആവര്‍ത്തിച്ചത് മീറ്റ് റെക്കോഡോടെയാണ്. രണ്ട് മിനിറ്റ് 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജെസി ബംഗാളിന്റെ ജൂമാ ഖാട്ടൂണിന്റെ രണ്ട് മിനിറ്റ് 11.30 സെക്കന്‍ഡ് റെക്കോഡാണ് തകര്‍ത്തത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മഹാരാഷ്ട്രയുടെ മന്ദീപ് ഗോയത് (1 മിനിറ്റ് 52.66 സെ.) ദേശീയ റെക്കോഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്. മൂവായിരം മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്വദേശി പി.യു. ചിത്ര  10 മിനിറ്റ് 17.28 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം ചൂടി. കേരളത്തിന്റെ തന്നെ എം.വി. വര്‍ഷ 10 മിനിറ്റ് 24.81 സെക്കന്‍ഡുമായി വെള്ളി നേടി. ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ എം. കിഷോര്‍ (9.05.93 സെ.) വെള്ളിയും പി.ആര്‍. രാഹുല്‍ (9.31.61 സെ.) വെങ്കലവും കേരളത്തിനു വേണ്ടി നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം