സ്വാതിയുടെ ആരോഗ്യനിലയില്‍ പുരോഗതി

July 17, 2012 കേരളം

കൊച്ചി: കരള്‍ മാറ്റിവച്ച സ്വാതി കൃഷ്ണയുടെ ആരോഗ്യനിലയില്‍ പുരോഗതി. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു വരുന്നതായി സ്വാതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്തരാവയവങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ട്. രക്തസമ്മര്‍ദം, പള്‍സ് എന്നിവ സാധാരണഗതിയിലായി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വാസോച്ഛാസം സാധ്യമാകുന്നുണ്ട്. ഇന്നലെ സ്വാതിക്ക് ഏതാനും വാക്കുകള്‍ ഉച്ചരിക്കാനുമായി. കരളിലേക്കുള്ള രക്തസഞ്ചാരം തൃപ്തികരമാണെന്നു സ്കാനിംഗിലൂടെ വ്യക്തമായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

താന്‍ പഠിക്കുന്ന പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരായ സിജി, മേരി എന്നിവരുമായി സ്വാതി ഇന്നലെ ഫോണില്‍ സംസാരിച്ചു. സ്വാതിയുടെ ആഗ്രഹപ്രകാരമാണ് അധ്യാപകര്‍ ഫോണില്‍ സംസാരിച്ചതെന്നു പിതാവ് കൃഷ്ണന്‍കുട്ടി പറഞ്ഞു. സ്വാതിയുടെ ശബ്ദം വ്യക്തമായി തിരിച്ചറിയാനാകുന്നുണ്െടന്ന് അധ്യാപകര്‍ പറഞ്ഞു. അമ്മ രാജിയോടും സ്വാതി ഇന്നലെ സംസാരിച്ചിരുന്നു.
വൃക്കദാനം നടത്തിയ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി ഇന്നലെ സ്വാതിയെയും കരള്‍ദാതാവ് റെയ്നിയെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 13നായിരുന്നു സ്വാതിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം