പൂനയിലെ പട്ടാളക്യാമ്പില്‍

July 18, 2012 പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ആശ്രമത്തില്‍ നിന്ന് അധികമകലെയല്ലാത്ത സ്ഥലമാണ് വട്ടപ്പാറ. തിരുവനന്തപുരത്തു നിന്ന് എം.സി. റോഡുവഴി പോകുമ്പോള്‍ വട്ടപ്പാറ വഴിവേണം പോകുവാന്‍. വട്ടപ്പാറയില്‍ ചിറ്റാഴ എന്നൊരു ഗ്രാമപ്രദേശത്ത് താമസിച്ചിരുന്ന അപ്പുക്കുട്ടന്‍നായരുടെ അനുഭവമാണ് വിവരിക്കുന്നത്. ശ്രീ അപ്പുക്കുട്ടന്‍നായര്‍ ഇന്ത്യന്‍ കരസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം അവധിയില്‍ വന്ന സമയത്ത് ആശ്രമത്തിലെത്തി ഗുരുനാഥനെ വന്ദിച്ചു.

അവധി കഴിഞ്ഞ് പോകുമ്പോള്‍ ആശ്രമത്തിലെത്തിയ അപ്പുക്കുട്ടന്‍നായരോട് ”ഞങ്ങളും വരുന്നെടോ” എന്നു പറഞ്ഞ് യാത്രയാക്കി. ”ശ്രദ്ധയായിരിക്കണം”, ”ഞങ്ങളും വരുന്നുണ്ട്” എന്നീ വാക്കുകളുപയോഗിക്കുമ്പോള്‍ സധാരണയറിയാവുന്ന ഭക്തജനങ്ങള്‍ പരിഹാരങ്ങളാവശ്യപ്പെടുകയും വിഷമങ്ങള്‍ എന്തെന്ന് ചോദിച്ചറിയുകയും പതിവുണ്ട്. അപ്പുക്കുട്ടന്‍നായര്‍ സ്വാമിജിയുടെ വാക്കുകളെ ശ്രദ്ധാപൂര്‍വ്വം ഓര്‍മിച്ചുകൊണ്ട് അന്നത്തെയും ഇന്നത്തെയും പട്ടാളകേന്ദ്രമായ പൂനയിലെത്തി. അവിടെ സംഘടിപ്പിച്ചിരുന്ന ഒരു ക്യാമ്പിന്റെ ചുമതല ശ്രീമാന്‍ അപ്പുക്കുട്ടന്‍നായര്‍ക്കായിരുന്നു. ആഴ്ചകള്‍ നീണ്ടുനിന്ന ക്യാമ്പിനാവശ്യമായ ജലസംഭരണിയും അതോടൊത്ത് നിര്‍മിച്ചിരുന്നു. ജലസംഭരണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ അപ്പുക്കുട്ടന്‍നായര്‍ വെളിയിലേക്കിറങ്ങിയപ്പോള്‍ സ്വാമിജിയെകണ്ടു.

നാല്പത്തിയഞ്ചു വര്‍ഷക്കാലം ആശ്രമവളപ്പില്‍ നിന്നു പുറത്തുപോകാതെ ഉഗ്രതപ്പസനുഷ്ഠിച്ച ആ മഹായോഗി ശാരീരികമായി പുറത്തുപോയ അറിവ് ആര്‍ക്കുമില്ല. അപ്പുക്കുട്ടന്‍ നായര്‍ കുളിക്കുന്നതിനുള്ള പാത്രവുമായാണിറങ്ങിയത്. സ്വാമിജി തന്റെ കൈയിലിരുന്ന തുവര്‍ത്ത് നനച്ച് ചുരുട്ടി തിരികെക്കയറാനാജ്ഞാപിക്കുന്ന രീതിയില്‍ അപ്പുക്കുട്ടന്‍നായരുടെ മുതുകിലൊരടി കൊടുത്തു.

അപ്പുക്കുട്ടന്‍നായര്‍ ഉടന്‍തന്നെ കുളിക്കാതെ മുകളില്‍ കയറി. അദ്ദേഹം താമസിക്കുന്നതിനടുത്ത് വയസ്സായ ഒരമ്മയുണ്ടായിരുന്നു. ഭക്തയായ ആ മാതാവിനോട് സ്വാമിജിയുടെ ചരിത്രം പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ടായിരുന്നു. ആ അമ്മ പുലര്‍ച്ചയില്‍ അപ്പുക്കുട്ടന്‍നായരെ കാണുന്നതിനെത്തി. ”മക്കളെ, നീയെന്നോട് പറഞ്ഞ ആ സ്വാമിയുടെ രൂപം ഇന്നലെ ഞാനാ പിച്ചിച്ചെടിയുടെ അടുത്തു കണ്ടു. അതു പറയാനാണ് ഞാനിങ്ങോട്ടു വന്നത്. അതുകൂടി കേട്ടപ്പോള്‍ അപ്പുക്കുട്ടന്‍ നായര്‍ കാര്യങ്ങള്‍ വിശദീകരിച്ചു ”കുളിയ്ക്കാന്‍ പോകുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ട് മക്കളെ. അത് നീ ശ്രദ്ധിക്കണം” എന്നായിരുന്നു അമ്മയുടെ മുന്നറിയിപ്പ്. ”ഏതായാലും എനിക്ക് മഹാഭാഗ്യം തന്നെ സിദ്ധിച്ചു”. വീണ്ടും പല കാര്യങ്ങള്‍ പറഞ്ഞ് ആ അമ്മ തിരികെപ്പോയി.

ക്യാമ്പിന്റെ ചുമതല വഹിക്കുന്ന മറ്റൊരു ജവാന്‍ കുളിക്കുവാനുള്ള ടാങ്ക് ആദ്യമായി തുറക്കുന്നതിന് ക്യാമ്പിന്റെ ചുമതലക്കാരനായ അപ്പുക്കുട്ടന്‍നായരെ ക്ഷണിച്ചു. ശ്രീ നായര്‍ക്ക് ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാനോ സഞ്ചരിക്കുവാനോ കഴിഞ്ഞില്ല.  അസുഖങ്ങളൊന്നും തോന്നിയുമില്ല. പെട്ടെന്ന് സ്വാമിജിയേയും അദ്ദേഹം കാണിച്ച ആംഗ്യത്തെയും ശ്രീ നായര്‍ ഓര്‍ത്തു. ഇപ്പോള്‍ വരുന്നില്ലെന്ന് ഖണ്ഡിതമായി പറഞ്ഞു. ”സാര്‍ വരുന്നില്ലെങ്കില്‍ ഞാനും പോകുന്നില്ലെന്ന് പറഞ്ഞ്” രാഘവനെന്നുപേരുള്ള മറ്റൊരുദ്യോഗസ്ഥനും കൂടി ശ്രീ നായരുടെ അടുത്തു കൂടി. മറ്റുള്ളവര്‍ അനുവാദത്തോടുകൂടി കുളിക്കുന്നതിനുവേണ്ടി പോയി. അല്പസമയത്തിനുള്ളില്‍ ഒരു പൊട്ടല്‍ശബ്ദം കേട്ടു. ടാങ്ക് പൊട്ടിക്കഴിഞ്ഞിരുന്നു. പാവപ്പെട്ട അനേകം ജവാന്മാരുടെ മരണത്തിന് ഈ സംഭവം ഇടയാക്കി.

മാസങ്ങള്‍ കഴിഞ്ഞ് അപ്പുക്കുട്ടന്‍നായര്‍ അവധിക്ക്് വന്നപ്പോള്‍ ആശ്രമത്തിലെത്തി. ആശ്രമത്തിനു വെളിയിലുള്ള അരയാലിന്‍ചുവട്ടില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തലകുനിച്ചിരുന്നു. അപ്പോള്‍ സ്വാമിജി അടുക്കളയില്‍ നില്‍ക്കുകയായിരുന്നു. അടുക്കളയില്‍നിന്നാല്‍ വെളിയിലുള്ള അരയാലോ മറ്റുസംഭവങ്ങളോ കാണാമായിരുന്നില്ല. അടുത്തിനിന്ന എന്നോട് സ്വാമിജി ഇപ്രകാരം കല്പിച്ചു ”എടോ നടയരയാലിന്റെ ചുവട്ടിലിരുന്നൊരുത്തന്‍ കരയുന്നുണ്ട്, നീ ചെന്നവനെയിങ്ങോട്ട് വിളിച്ചോണ്ട് വാ, ഞങ്ങളു വിളിയ്ക്കുന്നെന്നു പറ”. ഞാന്‍ പുറത്തിറങ്ങി ആ മനുഷ്യനെ വിവരം ധരിപ്പിച്ചു.

ചാടിയെണീറ്റ അപ്പുക്കുട്ടന്‍നായര്‍ എന്നോടൊത്ത് അകത്തേക്കു വന്നു. സ്വാമിജി അപ്പോഴേക്കും സീതാരാമഹനുമല്‍ പ്രതിഷ്ഠയുള്ള ഇന്നത്തെ ശ്രീകോവിലിന്റെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. സാഷ്ടാംഗം പ്രണമിച്ച് വിമ്മിക്കരഞ്ഞ അപ്പുക്കുട്ടന്‍നായരെ അടുത്തുവിളിച്ച് വിഭൂതി നല്‍കി അനുഗ്രഹിച്ചിട്ട് സാധാരണക്കാരന്റെ ഭാവത്തില്‍ കുശലങ്ങള്‍ ചോദിച്ചു. നേരത്തെപറഞ്ഞ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റിവിടുകയായിരുന്നു സ്വാമിജിയുടെ ഉദ്ദേശ്യം. സ്വാമിജിക്കും അപ്പുക്കുട്ടന്‍നായര്‍ക്കും മാത്രമറിയാമായിരുന്ന ഈ വാര്‍ത്ത ആശ്രമത്തിനു വെളിയിലിറങ്ങിയപ്പോള്‍ ശ്രീ നായര്‍ തന്നെ പലരോടും പറയുകയുണ്ടായി.

ഈ വാര്‍ത്ത സ്വാമിജിയോട് പലരും പറഞ്ഞപ്പോള്‍ വളരെ അലക്ഷ്യമായി സ്വാമിജി പറഞ്ഞു. ” അവനോട് പോകാന്‍ പറ അവനീ കള്ളങ്ങളൊക്കെപ്പറഞ്ഞു നടക്കും, നിങ്ങളതു കേട്ടതെന്തിനാ?”. ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിട്ട് സ്വാമിജി തന്റെ സാധാരണത്വം പ്രകടമാക്കി. അത്ഭുതകരങ്ങളായ അനേകസംഭവങ്ങള്‍ ഭക്തജനങ്ങളുടെ അറിവില്‍പെടുമ്പോഴും സ്വാമിജിയിലേക്ക് ശ്രദ്ധതിരിയുമ്പോഴെല്ലാം അവസരത്തിനൊത്ത് സാധാരണത്വം പ്രകടമാകത്തക്കവണ്ണം എന്തെങ്കിലും മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. തന്റെ കഴിവുകളെക്കുറിച്ച് അറിയുന്നതോ പറയുന്നതോ അല്പംപോലും ഇഷ്ടപ്പെടാത്ത സംയമിയും അന്തര്‍മുഖനുമായിരുന്നു അത്ഭുതസിദ്ധിപ്രഭാവനായിരുന്ന സ്വാമിജി.

കൂടുതല്‍ വാര്‍ത്തകള്‍ - പാദപൂജ