പതിനൊന്നു തൂക്കുപാലങ്ങള്‍ നിര്‍മിക്കാന്‍ അനുമതി

July 19, 2012 കേരളം

തിരുവനന്തപുരം: പുതിയതായി പതിനൊന്നു തൂക്കുപാലങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ കാരിക്കടവ്, ബ്ളങ്ങാട് – ഒരുമനല്ലൂര്‍, തായിക്കോട്ടം കടവ്, പാലക്കാട് ജില്ലയില്‍ കാഞ്ഞിരയില്‍ കടവ്, കാസര്‍ഗോഡ് ജില്ലയില്‍ കനീലടുക്കം കടവ്, മലപ്പുറം ജില്ലയില്‍ ചാലിയാര്‍, പത്തനംതിട്ട ജില്ലയില്‍ തരിയാന്‍തോപ്പ് കടവ്, എറണാകുളം ജില്ലയില്‍ തൂമ്പത്തോട്, പാഴൂര്‍ പെരുംതൃക്കോവില്‍, ചിറയ്ക്കല്‍ പാറക്കടവ്, പെരുമ്പുഴ മൈലപ്പള്ളിക്കടവ് എന്നിവിടങ്ങളിലാണു തൂക്കുപാലങ്ങള്‍ പുതിയതായി നിര്‍മിക്കുന്നത്.

മലപ്പുറം ജില്ലയിലെ അരീക്കോട് മുര്‍ക്കോത്തു കടവില്‍ ബോട്ടപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ മരിക്കാനിടയായ പശ്ചാത്തലത്തില്‍ മുര്‍ക്കോത്തു കടവില്‍ അടിയന്തരമായി തൂക്കുപാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക തീരുമാനം സ്വീകരിച്ചിരുന്നു. തുടര്‍ന്നു വിവിധ ജില്ലകളിലായി 30 തൂക്കുപാലങ്ങള്‍ക്കുകൂടി അനുമതി നല്‍കി.

സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂടുതലായി ഉപയോഗിക്കുന്ന കടവുകളില്‍ കൂടുതല്‍ തൂക്കുപാലങ്ങള്‍ നിര്‍മിച്ചു യാത്രാദുരിതം പരിഹരിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണു പുതിയതായി 11 തൂക്കുപാലങ്ങള്‍ കൂടി നിര്‍മിക്കുന്നതെന്നു മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം