പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു

July 19, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നിലമ്പൂരിലെ 1163 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള കോടതി വിധിയെക്കുറിച്ചുള്ള  കെ.രാജുവിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
ജുഡീഷ്യറിയിലെ ഒരു വിഭാഗവുമായി ബന്ധപ്പെട്ട് വനം മാഫിയ ഒത്തുകളിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന പറഞ്ഞ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വനഭൂമി സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയാണെന്ന് അറിയിച്ചു. വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എന്നാല്‍ ആ ബാധ്യത സര്‍ക്കാരിന് നിറവേറ്റാനാകുന്നില്ലെന്നും നേരത്തെ കെ.രാജു കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ പ്ലീഡറും വനംവകുപ്പും ഗൗരവമായിട്ടെടുക്കാത്തതിനാലാണ് ഇത്തരത്തില്‍ കോടതി വിധിയുണ്ടായതെന്നും കെ.രാജു ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായിട്ടില്ലെന്നും വനംവകുപ്പിനെ കക്ഷിചേര്‍ക്കാതെ രണ്ട് സ്വകാര്യ വ്യക്തികള്‍ നല്‍കിയ അന്യായത്തിലാണ് കോടതി വിധിയുണ്ടായതെന്നും വനംമന്ത്രി ഗണേഷ്‌കുമാര്‍ മറുപടി നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം