ഒളിമ്പിക് ഉദ്ഘാടന ചടങ്ങുകള്‍ വെട്ടിക്കുറച്ചു

July 19, 2012 കായികം

ലണ്ടന്‍: ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങുകളോടനുബന്ധിച്ചുള്ള പരിപാടിയില്‍ അരമണിക്കൂര്‍ വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. മൂന്നരമണിക്കൂര്‍ നീണ്ട ഉദ്ഘാടന വിരുന്നാണ് സ്ലംഡോഗ് മില്യണയര്‍ സംവിധായകന്‍ ഡാനി ബോയ്‌ലിന്റെ നേതൃത്വത്തില്‍ തയ്യാറായിരുന്നത്.  ഉദ്ഘാടനച്ചടങ്ങിനുശേഷം മടങ്ങുന്ന വന്‍ ജനാവലിയെ നിയന്ത്രിക്കുന്നതിന് ഏറേസമയം വേണ്ടിവരുമെന്നതിനാല്‍, ചടങ്ങിലെ പല ഇനങ്ങളും ഒഴിവാക്കി സമയം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ജൂലായ് 27-ന് ലണ്ടന്‍ സമയം രാത്രി ഒമ്പതുമണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.  എണ്‍പതിനായിരത്തോളം പേരാണ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാനെത്തുക. ഇതിനുപുറമേ, 120-ഓളം രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പതിനായിരത്തോളം താരങ്ങളും അത്രതന്നെ കലാകാരന്മാരും ചടങ്ങിലെത്തും. ഇതിനുപുറമേയാണ് കലാപരിപാടികള്‍ക്കായി ഉപയോഗിക്കുന്ന എഴുപതോളം ആടുകളും 12 കുതിരകളും 10 കോഴികളും മൂന്ന് പശുക്കളുമൊക്കെയടങ്ങുന്ന മൃഗക്കൂട്ടവും. പാതിരാത്രിയില്‍ ഇവരെല്ലാം കൂടി ലണ്ടന്‍ തെരുവില്‍പ്പെട്ടാലുണ്ടാകാവുന്ന സുരക്ഷാ പ്രതിസന്ധിയും ഗതാഗതക്കുരുക്കുമോര്‍ത്താണ് പരിപാടികള്‍ നേരത്തേ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സുരക്ഷാ പാളിച്ചകളുടെ പേരില്‍ ഇതിനകംതന്നെ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് ഒട്ടേറെ വിമശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം