സിറിയയില്‍ ചാവേറാക്രമണം: പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

July 19, 2012 രാഷ്ട്രാന്തരീയം

ദമാസ്‌കസ്:  സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലുണ്ടായ രൂക്ഷമായ ചാവേറാക്രമണത്തില്‍ പ്രതിരോധമന്ത്രി ദാവൂദ് രജ്ഹ കൊല്ലപ്പെട്ടു.  ഉപ പ്രതിരോധമന്ത്രിയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സഹോദരീഭര്‍ത്താവുമായ ജനറല്‍ അസഫ് ശെഖാവത്തും പ്രസിഡന്റിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ഓഫീസ് മേധാവി ജനറല്‍ ഹസന്‍ തുര്‍ക്കുമാനിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹിം അല്‍ ഷാര്‍, നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ മേധാവി ഹിഷാം ഇക്ത്യാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതന്മാര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.
നാഷണല്‍ സെക്യൂരിറ്റി ബ്യൂറോയുടെ ആസ്ഥാനത്ത് മന്ത്രിമാരും സുരക്ഷാ ഏജന്‍സികളുടെ തലവന്മാരും പങ്കെടുത്ത യോഗത്തിനിടെയായിരുന്നു സ്‌ഫോടനം. വിമത സൈനികര്‍ നേതൃത്വം നല്‍കുന്ന ഫ്രീ സിറിയന്‍ ആര്‍മിയും ഇസ്‌ലാമിക സംഘടനയായ ലിവാ അല്‍ ഇസ്‌ലാമും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സുരക്ഷാഭടന്മാരില്‍ ഒരാള്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതുന്നത്.
വിമതരുമായുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ സിറിയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതു സംബന്ധിച്ച് യു.എന്‍. നേതൃത്വം റഷ്യയോടും ചൈനയോടും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം