പാപ്പാന്‍മാരുടെ മര്‍ദനത്തിനിരയായ അര്‍ജ്ജുനന്‍ ചരിഞ്ഞു

July 20, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

അര്‍ജ്ജുനന്‍ (ഫയല്‍ ചിത്രം)

ഗുരുവായൂര്‍: മദപ്പാടില്‍ അഴിക്കുന്നതിനിടെ പാപ്പാന്‍മാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മുന്‍കാലില്‍ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ അര്‍ജുന്‍ ചരിഞ്ഞു. രാവിലെ 10.05 ഓടെയാണ് ആന ചരിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍മാര്‍ എത്തുമ്പോള്‍ തളര്‍ന്നുവീണ് കിടക്കുകയായിരുന്ന അര്‍ജുനനെ പാപ്പാന്‍മാര്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഡോക്ടര്‍മാരെത്തി ആനയ്ക്ക് ഗ്‌ളൂക്കോസും മരുന്നും നല്കിയിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ ക്രയിന്‍ ഉപയോഗിച്ച് ആനയെ ഉയര്‍ത്തി ഇരുത്തിയെങ്കിലും ആന വീണ്ടും തളര്‍ന്നു വീഴുകയായിരുന്നു. രാത്രിയില്‍ ആന മരുന്നും വെള്ളവും എടുത്തിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആനയുടെ നില അതീവഗുരുതരമാകുകയും ഗ്‌ളൂക്കോസും മരുന്നും ആനയുടെ ദേഹത്തേക്ക് കയറാത്ത അവസ്ഥയിലെത്തുകയുമായിരുന്നു.

1997 സെപ്റ്റംബര്‍ 15ന് ഗോപു നന്തിലത്താണ് അര്‍ജുനനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ആറുവയസുള്ളപ്പോള്‍ ഗുരുവായൂരില്‍ എത്തിയ കുട്ടിക്കൊമ്പനായിരുന്ന അര്‍ജുന്‍ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. എഴുന്നള്ളിപ്പ് ആചരങ്ങളെല്ലാം ആനയ്ക്ക് വശമുണ്ടായിരുന്നു. മദപ്പാടില്ലാത്ത സമയങ്ങളിലൊക്കെ ഏതാണ്ട് എല്ലാ ദിവസങ്ങളിലും ശീവേലിക്ക് ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യവും അര്‍ജുന് ലഭിച്ചിരുന്നു.

രണ്ടരമാസം മുമ്പ് മദപ്പാടിലായിരുന്നപ്പോള്‍ അര്‍ജുനന്‍ പാപ്പാനെ കുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അയാള്‍ രക്ഷപ്പെടുകയായിരുന്നു. തുര്‍ന്നാണ് ആനയ്ക്കു ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നത്. മര്‍ദനത്തില്‍ ആനയുടെ മുന്‍കാലിലെ ചെറുമടക്കിന് ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് പരിക്ക് വൃണമായി പഴുപ്പുവ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുകയും കാലില്‍ ശസ്ത്രക്രിയ നടത്തി പഴുപ്പുനീക്കം ചെയ്യുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം