അജാമിള മോക്ഷം

July 20, 2012 സനാതനം

*ഗോപാലകൃഷ്ണന്‍ ആചാരി*

‘കന്യകബ്ജ’ എന്ന ദേശത്ത് അജാമിളന്‍ എന്ന ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ ഗ്രാമത്തിന്നധിപതിയായി പാര്‍ത്തിരുന്നു. അദ്ദേഹം തികഞ്ഞ ഈശ്വരഭക്തനും, ഗൃഹസ്ഥാശ്രമധര്‍മ്മിയും, വേദാന്തിയും ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു. ആചാര്യമര്യാദയോടുകൂടിയുള്ള സത്ക്കര്‍മ്മങ്ങളനുസരിച്ച് അജാമിളന്‍ ജീവിച്ചുവരവേ! ഒരു നാള്‍ അദ്ദേഹം ചമത, ദര്‍ഭ, എന്നിവ ശേഖരിച്ചുകൊണ്ടുവരുവാന്‍ അകലെയുള്ള ഒരു വനത്തിലേക്കു യാത്രതിരിച്ചു. യാത്രാമദ്ധ്യേ അജാമിളന്‍ യൗവ്വനയുക്തയും സൗന്ദര്യവതിയുമായ ഒരു ശൂദ്രവനിതയെ കാണുവാനിടയായി. ആരേയും അമ്പരിപ്പിക്കത്തക്ക സൗന്ദര്യമുള്ള പ്രസ്തുത യുവതിയുടെ ആകാര സൂഷമയില്‍ അജാമിളന്‍ അമ്പരന്നുപോയി. ഏതു വിധേനയും ഇവളെ ഭാര്യയാക്കണമെന്നദ്ദേഹം ഉറച്ചു. കുശലങ്ങള്‍ ചോദിച്ചു. എന്തിന് അവസാനം അജാമിളന്‍ എല്ലാംമറന്ന് അവളെ പാണിഗ്രഹണം ചെയ്യുകയാണുണ്ടായത്.

അങ്ങനെ ബ്രാഹ്മണശ്രേഷ്ഠനായ അജാമിളന്‍ കുലമര്യാദകളേയും, ആചാരവിധിയേയും പരിത്യജിച്ച് സുന്ദരിയായ ആ ശൂദ്രസ്ത്രീയോടൊത്ത് ജീവിതം ആരംഭിച്ചു. നാളുകള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിവ കാറ്റില്‍പ്പെട്ട കരിയിലമാതിരി പറന്നുപോയി. അതോടൊപ്പം തന്റെ ഭാരിച്ച സ്വത്തുക്കള്‍ നഷ്ടപ്പെടുകയും ആറേഴു കുട്ടികളുടെ പിതാവായിത്തീരുകയും ചെയ്തു. ഭാര്യയേയും കുട്ടികളേയും വളര്‍ത്താന്‍വേണ്ടി അവസാനം അനവധി ദുഷ്‌ക്കര്‍മ്മങ്ങള്‍വരെ അജാമിളന്‍ ചെയ്തുകഴിഞ്ഞു. അവസാനമിതാ വാര്‍ദ്ധക്യം, ജരാനര, രോഗം, എന്നിവ പിടിപെട്ട് മരണത്തോട് വളരെ അടുത്തുകഴിഞ്ഞു. കൂടാതെ അധര്‍മ്മമാകുന്ന ഭയങ്കരനീര്‍ച്ചുഴിയില്‍ ജീവിതത്തിന്റെ മുക്കാല്‍ഭാഗവും മുങ്ങിക്കഴിഞ്ഞു. അതാ! നോക്കൂ! ആരും ആശ്രയമില്ലാതെ കാട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ആ! കേള്‍ക്കുന്നത് മരണവലിവാണ്. ഇനി അല്പനിമിഷമേയുള്ളൂ – ദേഹത്തില്‍നിന്ന് ദേഹിപോകുവാനുള്ള അവസരം അടുത്തു!

അതാ യമകിങ്കരന്മാരിങ്ങെത്തിക്കഴിഞ്ഞു. അവരുടെ അട്ടഹാസങ്ങള്‍ ഹ..ഹ…ഹ…. നാലുപേരിലൊരുവന്‍ അജാമിളന്റെ ജീവന്‍ അപഹരിക്കുവാനുള്ള പാശം എറിയുന്നു. ഹ….ഹ….ഹ…. മറ്റൊരുവന്‍… പിടിച്ച് ബലമായികെട്ടുന്നു! ഈ അധര്‍മ്മിയേ! അജാമിളന്‍ ഭയപരിഭ്രമം കൊണ്ട് ഞെരിപിരികൊള്ളുന്നു. അതാ! എന്തോ പറയുകയാണല്ലോ: ആരെയോ വിളിക്കുന്നു.

‘രക്ഷിച്ചുകൊള്ളുക നാരായണാ! നീയൊഴി-
ഞ്ഞിക്കാല മുറ്റവരില്ലിനിക്കാരുമേ!
ചിത്തേ വിചാരമൊന്നേതുമില്ലെങ്കിലു-
മിത്ഥമിവന്‍ വിളിച്ചോരളവന്തികേ!….’

അജാമിളന്റെ ഹൃദയം പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ആ വിളി അന്തരീക്ഷത്തില്‍ക്കൂടി അതാ! ഭഗവാന്‍ വൈകുണ്ഠവാസനേ ഉണര്‍ത്തിക്കഴിഞ്ഞു. ‘ ആരാണ് തന്നേച്ചൊല്ലി വിലപിക്കുന്നത്’ ഭഗവാന്‍ ജ്ഞാനദൃഷ്ടിയില്‍ വീക്ഷിച്ചപ്പോള്‍ കാര്യം മനസ്സിലായി. ചില നിമിഷങ്ങള്‍ക്കകം ഭഗാവാന്റെ ആജ്ഞാപ്രകാരം മൂന്നു വിഷ്ണു ദൂതന്മാര്‍ അതിവേഗം അജാമിളന്റെ സമീപം ഓടിയെത്തിക്കഴിഞ്ഞു.

യമദൂതന്മാരിലൊരുവന്‍ …. ഹാ! എന്തു നല്ലവാസന! രണ്ടാമന്‍, അതെ, ചന്ദനം, കസ്തൂരി, തുളസി, കര്‍പ്പൂരം എന്നിവയുടെയെല്ലാം മണം വരുന്നുണ്ടല്ലോ ‘മൂന്നാമന്‍’ അതെ യതെ! ഹാ…. നാലാമന്‍:- അതാ! അരോ വരുന്നുണ്ടല്ലോ. യമദൂതര്‍ ഒരു ഭാഗത്തേക്കു മാറി.

മധുരമായ പുഞ്ചിരിയോടും സൗമ്യവചസ്സോടുംകൂടി വിഷ്ണുദൂതന്മാര്‍ അജാമിളനെ സമീപിച്ചു! അജാമിള! ഭയപ്പെടാതെ അങ്ങയേ ഞങ്ങള്‍ രക്ഷിച്ചുകൊള്ളാം. വിഷ്ണു ദൂതിലൊരാള്‍:- യമദൂതരെ! നിങ്ങള്‍ യമധര്‍മ്മന്റെ ആജ്ഞപ്രകാരം വന്നവരല്ലേ. ആ ! ബന്ധനമഴിക്കൂ!

യമദൂതര്‍:- പ്രഭോ! ക്ഷമിക്കണം. ഈ അജാമിളന്‍ വലിയ പാപിയാണ്. ഗൃഹസ്ഥാശ്രമധര്‍മ്മത്തേയും ആചാരങ്ങളേയും മാനിക്കാതെ കുലടയായ ഒരുത്തിയേ കാമിക്കയും ഭാര്യയായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിഷ്ണുദൂതന്‍:- ഇത്രയേ ഉള്ളോ തെറ്റ്

യമ:- അല്ല പ്രഭോ, ഭാര്യാപുത്രാദികളെ തീറ്റിപ്പോറ്റുവാന്‍വേണ്ടി ഈ ദുഷ്ടന്‍ ബ്രാഹ്മണ്യത്തെ മാനിക്കാതെ അനവധി പക്ഷിമൃഗാദികളെ കെണിവച്ചു പിടിക്കുകയും, മദ്യപാനവും, ചതിയും വ്യഭിചാരവും അനവധി ചെയ്തിട്ടുള്ള പാപിയും, ദുഷ്‌ക്കര്‍മ്മിയുമാണ്. അശേഷം ഈശ്വരചിന്തയില്ലാത്തവനുമായതുകൊണ്ടാണ് ഞങ്ങള്‍ ബന്ധിച്ചത്.

വിഷ്ണുദൂതന്‍:- അനവധി അധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച വ്യക്തിയാണ് ഈ അജാമിളന്‍ അല്ലേ! എന്നാല്‍ ‘ നാരായണാ’ എന്ന മന്ത്രോച്ചാരണം അവസാനനിമിഷത്തില്‍ വിളിക്കുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച പുണ്യപുരുഷന്‍കൂടിയാണ് ഈ വ്യക്തി. അപ്പോള്‍ അജാമിളന്റെ സകല പാപങ്ങളും വേരോടു നശിച്ചുകഴിഞ്ഞു. മരണസമയത്ത് നാരാണനാമം ഉച്ചരിക്കുക എല്ലാവര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് നിങ്ങള്‍ തിരിച്ചുപോവുക. ഞങ്ങള്‍ ഭഗവാന്റെ ആജ്ഞാനുസരണം അജാമിളനേ കൊണ്ടുപോവുകയാണ്.

അജാമിളന്റെ ആത്മാവ് വിഷ്ണുദൂതരാല്‍ അനുഗതനായി വൈകുണ്ഠപദം പൂകുകയാണ്. യമദൂതര്‍ നിശ്ചലരായി ഈ രംഗംകണ്ട് നിന്നുപോയി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം