പകര്‍ച്ചവ്യാധികള്‍ തടയാന്‍ കര്‍മ്മപദ്ധതി: വി.എസ്.ശിവകുമാര്‍

July 20, 2012 കേരളം

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ നവീകരിച്ച ഓര്‍ത്തോപീഡിക്‌സ് വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: കാലവര്‍ഷത്തോടനുബന്ധിച്ച് വര്‍ഷംതോറുമുണ്ടാകുന്ന പകര്‍ച്ചപനിയും മറ്റ് പകര്‍ച്ചവ്യാധികളും തടയുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുളള ഒരു കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

സാമൂഹ്യക്ഷേമ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാത്യശിശു സംരക്ഷണ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജ്ജന യത്‌നങ്ങളിലും ആരോഗ്യ -സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിസ്തുലമായ പങ്കാണ് വഹിക്കാനുളളതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹകരണങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തില്‍പരം അംഗന്‍വാടി പ്രവര്‍ത്തകര്‍ അവരുടെ അംഗബലംകൊണ്ട് ആരോഗ്യ-സാമൂഹിക രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അഭ്യര്‍ത്ഥിച്ചു.  മാത്യശിശു സംരക്ഷണത്തിനും അനുബന്ധ ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ ജ്ഞാനം സ്വാംശീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം പ്രതിരോധ കുത്തിവയ്പുകള്‍, പെന്റാവാലന്റ് വാക്‌സിന്‍, മാത്യ-ശിശു സംരക്ഷണം, പകര്‍ച്ചപ്പനി നിയന്ത്രണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്‌ളാസ്സെടുത്തു.  സ്‌കൂള്‍ കുട്ടികള്‍ അഭിമൂഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളും പ്രതിവിധികളും അടങ്ങിയ തളിര് മാസികയുടെ പ്രകാശനം മന്ത്രി വി.എസ്.ശിവകുമാര്‍ മന്ത്രി ഡോ.എം.കെ.മുനീറിന് നല്‍കി നിര്‍വ്വഹിച്ചു.

സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എം.എസ്.ജയ സ്വാഗതമാശംസിച്ച ചടങ്ങില്‍ വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം