അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 5)

July 21, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

5. സീതാഭിരാമന്‍

സീതാദേവിയോടൊപ്പം ആനന്ദിക്കുന്നവനാണു സീതാഭിരാമന്‍. ലോകസൃഷ്ടിക്കായി ആഗ്രഹിക്കുന്ന രാമന്‍ അതിനായി പ്രവര്‍ത്തനക്ഷമമാകുന്ന തന്റെതന്നെ ശക്തിവിശേഷമാണു സീതയെന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ മൂലപ്രകൃതിയെന്നും മഹാമായയെന്നും രാജരാജേശ്വരിയെന്നും ലളിതാംബികായെന്നുമെല്ലാം ബഹുവിധനാമങ്ങളില്‍ വേദാന്തശാസ്ത്രവും പുരാണകൃതികളും സീതയെ പരാമര്‍ശിക്കുന്നുണ്ട്. അത്തരം പേരുകള്‍ക്കുള്ളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ശാസ്ത്രതത്ത്വം ഒന്നൊന്നായി അദ്ധ്യാത്മരാമായണത്തില്‍നിന്നു ക്രമേണ ഗ്രഹിക്കാം. ഇക്കാണായ ജഡചേതനമായ ലോകം ജനിക്കുന്നത് സീതയില്‍നിന്നാകുന്നു. അതിനാല്‍ സീത ലോകമാതാവും ശ്രീരാമന്‍ ലോകപിതാവുമായിരിക്കുന്നു. സമസ്തചരാചരങ്ങളും അവരുടെ സന്താനങ്ങളാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല.

ഭാരതീയ ജീവിതത്ത്വശാസ്ത്രം ഈ ഒരൊറ്റ സംബോധനയില്‍ അടങ്ങിയിരിപ്പുണ്ട്. ജീവിതം എന്തിനു വേണ്ടിയിട്ടുള്ളതാണ്? സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനോ? സ്വന്തം അധികാരം സ്ഥാപിച്ചെടുക്കാനോ? മറ്റുള്ളവരെ കീഴമര്‍ത്തി അടിമകളാക്കാാനോ? ഒന്നിനുമല്ലെന്നു സീതാഭിരാമശബ്ദം പരിശോധിച്ചാലറിയാം. ആനന്ദിക്കാന്‍ വേണ്ടിമാത്രുമുള്ളതാണു ലോകസൃഷ്ടി. സീതയോടൊപ്പം ആനന്ദിക്കുന്നവനാണ് ലോകസ്രഷ്ടാവായ രാമചന്ദ്രന്‍. പ്രപഞ്ചസൃഷ്ടിയിലൂടെയും തുടര്‍ച്ചയായ പ്രപഞ്ചപ്രവര്‍ത്തനങ്ങളിലൂടെയും ആനന്ദന പ്രക്രിയതന്നെ തുടര്‍നനു നടക്കുന്നു. ഇതിലൂടെ ശ്രീരാമനു പുതുതായൊന്നും നേടാനില്ല. യാതൊന്നും നഷ്ടപ്പെടാനുമില്ല. ഭഗവാനിലുള്ള അനന്തമായ സൃഷ്ട്യുന്മുഖ ശേഷിയാണ് അനന്തകോടി നക്ഷത്രങ്ങളായും ഭൂമണ്ഡലങ്ങളായും ചരാചരജന്തുക്കളായും സമ്പത്തായും സാമ്രാജ്യമായുമെല്ലാം കലാകാലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും കുറേക്കാലം നിലനിന്നു പ്രവര്‍ത്തിച്ചശേഷം ലയിച്ചടങ്ങുന്നതും. അവ നിലനില്‍ക്കുന്നതും വിലയം പ്രാപിക്കുന്നതും രാമനില്‍ തന്നെയാണെന്ന കാര്യവും മറക്കാതിരിക്കുക. ഇവിടെ യാതൊന്നും പുറമേ നിന്നു വരുന്നില്ല. യാതൊന്നും പുറമേയ്ക്കു പോകുന്നുമില്ല. ആനന്ദമൂര്‍ത്തിയായ രാമനല്ലാതെ മറ്റൊന്നും തന്നെ ഇല്ലായാകയാല്‍ പുറമേയ്ക്ക് എന്നൊരു വിചാരത്തിനുപോലും പ്രസക്തിയില്ല. അതിനാല്‍ ഇവിടെ നേടലും നഷ്ടപ്പെടലുമില്ല.

പ്രപഞ്ച പ്രവര്‍ത്തനം സീതാസമേതനായ രാമന്റെ ലീലയാണ്. ആനന്ദജനകമായ പ്രവര്‍ത്തിക്കാണു ലീലയെന്നു പറയുന്നു. ആഹ്ലാദമല്ലാതെ മറ്റൊന്നും ലീലയില്‍ ലക്ഷ്യമായുണ്ടാവുകയില്ല. കൊച്ചുകുഞ്ഞുങ്ങള്‍ വീട്ടുമുറ്റത്തും കടല്‍ത്തീരത്തെ മണല്‍പ്പരപ്പിലുമെല്ലാം കളിവീടുണ്ടാക്കാറുണ്ട്. ചിലപ്പോള്‍ അവര്‍ കോട്ടകൊത്തളങ്ങളും കൊട്ടാരങ്ങളും നഗരികളുമെല്ലാം നിര്‍മ്മിക്കും. വളരെ ശ്രദ്ധയോടെയും ശില്പവൈദഗ്ധ്യത്തോടെയും ശുഷ്‌കാന്തിയോടെയുമാണ് അവര്‍ അതു നിര്‍വഹിക്കുക. അതൊന്നും വീടോ കൊട്ടാരമോ നഗരമോ അല്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. എങ്കിലും ഏതൊരു ശില്പകലാവിദഗ്ധനെയും വെല്ലുന്ന ഏകാഗ്രതയോടെ അവര്‍ അതു നിര്‍മ്മിക്കുന്നു. മറ്റുള്ളവര്‍ അതിനെപ്പറ്റി എന്തു പറയുന്നു എന്ന് അപ്പോള്‍ അവര്‍ ശ്രദ്ധിക്കാറില്ല. ചുറ്റിനും എന്തെല്ലാം സംഭവിക്കുന്നു എന്നു നോക്കാനും അവര്‍ മിനക്കെടാറില്ല. സ്വന്തം കര്‍മ്മമണ്ഡലത്തില്‍ അവര്‍ ലയിച്ചുപോയിരിക്കുന്നു. അതാണവര്‍ക്കു വലുത്. ശേഷമെല്ലാം മണ്‍കട്ടപോലെ നിസ്സാരം. നഗരം നിര്‍മ്മിച്ച് ആസ്വദിക്കുന്ന കുട്ടികള്‍ ചിലപ്പോള്‍ അതു തട്ടിയെറിഞ്ഞും ആനന്ദിക്കും. വീണ്ടും പുതുതായൊന്നിന്റെ നിര്‍മ്മാണത്തിലേര്‍പ്പെടും. ഇതിലൊന്നും മറ്റുള്ളവര്‍ ഇടംകോലിടുന്നത് അവര്‍ സഹിക്കുകയില്ല. സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തിമാര്‍ക്കുപോലും കളിവീടുതകര്‍ന്ന കുട്ടിയുടെ ദുഃഖമുണ്ടാവുകയില്ല.

ഇതാണു ലീല. കുഞ്ഞുങ്ങള്‍ ഇവിടെ കളിക്കുക മാത്രമാണ്. അതില്‍നിന്ന് അവര്‍ നിസ്സീമമായ അനന്ദം അനുഭവിക്കുന്നു. മറ്റൊന്നും അവര്‍ക്കു നേടാനില്ല. നഷ്ടപ്പെടാനുമില്ല.

പണമോ പ്രതാപമോ സ്ഥാനമാനങ്ങളോ യാതൊന്നും അവരുടെ ചിന്തയെ ഉന്മഥിക്കുന്നില്ല. അതിനൊന്നിനും അപ്പോള്‍ അവരില്‍ യാതൊരു പ്രസക്തിയുമില്ല. അതിനാല്‍ പൊരിവെയിലത്ത് മഹാനഗരി നിര്‍മ്മിക്കുന്നതിന്റെ ശാരീരികാധ്വാനം പോലും അവര്‍ക്കു മധുരമായനുഭവപ്പെടുന്നു. മുതിര്‍ന്നവരുടെ മനസ്സിനെ ഭ്രമിപ്പിക്കുന്ന കാമക്രോധ ലോഭമോഹമദമാത്സര്യാദികള്‍ക്ക് അവിടെ പ്രവേശനമേ ലഭിക്കുന്നില്ല. അതിനാല്‍ ആനന്ദിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അഭിരാമന്മാരായി അവര്‍ ഉയരുന്നു.

സീതാസമേതനായ ശ്രീരാമചന്ദ്രന്റെ പ്രപഞ്ച സൃഷ്ടി സ്ഥിതി ലയവ്യാപാരങ്ങള്‍ ഇതേവിധമുള്ള ലീലയാണ്. ആനന്ദംമാത്രമാണ് അതിന്റെ പ്രയോജനം അതാണ് അദ്ദേഹത്തെ സീതാഭിരാമനാക്കിത്തീര്‍ത്തത്. ലോകം മുഴുവന്‍ സീതാരാമമായമാകയാല്‍ ഈ വിധമായ അഭിരാമത സമസ്തചരാചരങ്ങളിളേക്കും വ്യാപിക്കുന്നു. അതു ഏവരുടെയും ജീവിതത്തെ ആനന്ദമായമാക്കിത്തീര്‍ക്കേണ്ടതാണ്. പക്ഷേ അജ്ഞാനത്താല്‍ കാമക്രോധ കലുഷിതമായ മനോബുദ്ധികള്‍കൊണ്ടു ചെറുതും വലുതുമായ നേട്ടങ്ങള്‍ സങ്കല്പിച്ച് പരസ്പരം മല്ലടിച്ച് മുതിര്‍ന്നവരിലധികംപേരും സ്വജീവിതങ്ങളെ ദുഃഖഭൂയിഷ്ഠമാക്കിത്തീര്‍ക്കുന്നു. അഭിരാമത നഷ്ടപ്പെടുത്തുന്നു.

കൊച്ചുകുഞ്ഞുങ്ങളും മുതിര്‍ന്നവരില്‍ സാത്വികബുദ്ധികളായ ആളുകളും മാത്രമേ അഭിരാമത നിലനിര്‍ത്തുന്നുള്ളു. സത്വബുദ്ധിയുള്ളവരുടെ സംഖ്യ ഇക്കാലത്ത് പരിമിതമാണെന്നതും മറക്കാതിരിക്കുക. അതിന്റെ പ്രതിഫലനം എമ്പാടും നമുക്കു കാണാം. കലാപങ്ങളെല്ലാം അഭിരാമത നഷ്ടപ്പെടുത്തിയതിന്റെ ഫലമാകുന്നു. ആത്മപരിശോധന നടത്തുന്നവര്‍ക്ക് വളരെ പെട്ടെന്ന് അഭിരാമമായ ജീവിതക്രമം നേടിയെടുക്കാനാകുമെന്നതാണ് ഒരേയൊരു ഭാഗ്യം.

പ്രപഞ്ച ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും വ്യാപിക്കുന്ന മഹാനുഗ്രഹമാണ് അഭിരാമപദവി. അതു കൈവരിക്കാന്‍ സ്വന്തം ഹൃദയത്തിനുള്ളിലിരിക്കുന്ന സീതാഭിരാമനെ ഉപസിച്ചാല്‍ മതി. ജീവിതം ആനന്ദമയമായിത്തീരുമെന്നതിനു സംശയം വേണ്ട.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം