തങ്കത്താഴികക്കുടം മോഷ്ടിച്ച കേസില്‍ മൂന്നംഗ സംഘവും സഹായിയും അറസ്റ്റില്‍

July 21, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

മല്ലപ്പള്ളി: കല്ലൂപ്പാറ ദേവീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി തങ്കത്താഴികക്കുടം മോഷ്ടിച്ച കേസില്‍ തമിഴ്നാട്ടുകാരുള്‍പ്പെടെ മൂന്നംഗസംഘത്തെയും പ്രദേശവാസിയായ സഹായിയെയും പോലീസ് അറസ്റ്റു ചെയ്തു.

കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന കന്യാകുമാരി കുലശേഖരം ഇടവഴിത്തല സ്വദേശി ശേഖര്‍ (35) കന്യാകുമാരി കുലശേഖരം ചെറുപ്പാലൂര്‍ വിളയാട്ടുവിള പുത്തന്‍വീട്ടില്‍ അയ്യപ്പന്‍ (രഞ്ജിത്- 40), നെയ്യാറ്റിന്‍കര മണ്ണാംകോണം തെറ്റിയ സ്വദേശിയും കൊട്ടാരക്കര പുത്തൂര്‍ പൊരീക്കല്‍ വാടകയ്ക്കു താമസിക്കുന്നയാളുമായ മണിക്കുട്ടന്‍ (22) ഇവര്‍ക്കു സഹായം ചെയ്തു നല്കിയതായി പറയുന്ന കല്ലൂപ്പാറ ചാക്കോഭാഗം നെടുമ്പാറ തെക്കേമുറിയില്‍ വര്‍ഗീസ് ജോണ്‍ (ജിജോ -28) എന്നിവരാണ് അറസ്റ്റിലായത്. ശേഖ റിന്റെ കൂട്ടാളികളായ റെജി, അജി എന്നിവര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ നാലിനു പുലര്‍ച്ചെയാണു കല്ലൂപ്പാറ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന തങ്കത്താഴികക്കുടം കവര്‍ന്നത്. ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്കാരനായ ചന്ദ്രശേഖരപ്പണിക്കരെ ബന്ധനസ്ഥനാക്കുകയും ക്ഷേത്രത്തില്‍ ഇദ്ദേഹത്തിന്റെ സഹായിയും അന്തേവാസിയുമായി കഴിഞ്ഞിരുന്ന കുന്നന്താനം താന്നിക്കാട്ട് ജി. ഗോപാലകൃഷ്ണപിള്ള(കൈമള്‍ -65) യെ കൊലപ്പെടുത്തുകയും ചെയ്തശേഷമായിരുന്നു മോഷണം.

പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്‍, ടെമ്പിള്‍സ്ക്വാഡ് എസ്പി ഉണ്ണിരാജ എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘവും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ അന്വേഷ ണത്തിലൊടുവിലാണു പ്രതികള്‍ പിടിയിലായത്. പ്രദേശവാസികളായ ക്രിമിനലുകളെയും സ്ഥലത്ത് അടുത്തകാലത്തു താമസിച്ചിരുന്നവരും ഇപ്പോള്‍ മാറിത്താമസിക്കുന്നവരുമായ ആളുകളെ സംബന്ധിച്ചും വിവരശേഖരണം നടത്തിയ അന്വേഷണം കുപ്രസിദ്ധ കുറ്റവാളിയായ ശേഖറില്‍ ചെന്നെത്തുകയായിരുന്നു. മാര്‍ത്താണ്ഡത്തുനിന്ന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞതോടെ കേസിന്റെ ചുരുള്‍ നിവര്‍ന്നതായി പോലീസ് പറഞ്ഞു.

അതേസമയം ജനുവരിയില്‍ ക്ഷേത്രത്തിലെ താഴികക്കുടം പുനഃപ്രതിഷ്ഠിച്ചതു മുതല്‍ സംഘം മോഷണം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കന്യാകുമാരിയിലെ വിവിധ പോലീസ് സ്‌റേഷനുകളില്‍ മോഷണം, കൊലപാതകക്കേസുകളില്‍ പ്രതിയായ ശേഖര്‍ കേരളത്തിലെത്തി വിവിധ സ്ഥലങ്ങളില്‍ താമസിച്ചു മോഷണം നടത്തിയിരുന്നു. കല്ലൂപ്പാറയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായി എത്തി നെടുമ്പാറയിലുള്ള കൂനംമുരുപ്പേല്‍ ബേബിയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാലയളവിലാണു ക്ഷേത്രത്തിലെ താഴികക്കുടം പ്രതിഷ്ഠയും വിവരങ്ങളും ശ്രദ്ധയില്‍ പെട്ടതെന്നു ശേഖര്‍ പോലീസിനോടു പറഞ്ഞു.

പൂര്‍ണമായും സ്വര്‍ണം പൊതിഞ്ഞതാണു താഴികക്കുടം എന്ന നിഗമനത്തിലായിരുന്നു മോഷണം. കല്ലൂപ്പാറയില്‍നിന്നു മാറിയ മൂവരും ഇപ്പോള്‍ വെവ്വേറെ സ്ഥലങ്ങളിലാണു താമസിക്കുന്നതെങ്കിലും തെങ്ങണ കേന്ദ്രീകരിച്ച് ഇവര്‍ക്കുള്ള സങ്കേതത്തില്‍ ഇടയ്‌ക്കെത്തിയാണു കല്ലൂപ്പാറയിലെ മോഷണം ആസൂത്രണം ചെയ്തത്. ക്ഷേത്രത്തിലും പരിസരങ്ങളിലും ഇടയ്‌ക്കെത്തിയതായും അറസ്‌റിലായവര്‍ മൊഴി നല്കി. മൂന്നിനു രാത്രി മൂന്നംഗസംഘം ഇരവിപേരൂരില്‍ കേന്ദ്രീകരിച്ചശേഷം കാല്‍നടയായി കല്ലൂപ്പാറ ക്ഷേത്രത്തിലെത്തി. പട്രോളിംഗിനെത്തിയ പോലീസ് സംഘത്തെ കണ്ടപ്പോള്‍ ഒളിച്ചിരുന്ന മൂവരും പോലീസ് പോയെന്നു മനസിലായപ്പോള്‍ തിരിച്ചിറങ്ങി കാവല്‍ക്കാരനെ ബന്ധനസ്ഥനാക്കി അല്പം അകലെയായുള്ള കനാലിന്റെ കരയില്‍ എത്തിച്ചു തൂണില്‍ ബന്ധിച്ചു. കൈമള്‍ കൂടി ക്ഷേത്രപരിസരത്തുണ്ടെന്നു മനസിലാക്കി തിരിച്ചെത്തിയസംഘം ഇയാളെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ബലപ്രയോഗമുണ്ടായി. കൈമള്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണു സംശയം.

തോര്‍ത്തും മറ്റും ഉപയോഗിച്ചാണ് ഇയാളെയും തൂണില്‍ ബന്ധിച്ചത്.പിന്നീടു ക്ഷേത്രത്തില്‍ തിരിച്ചെത്തി നാലമ്പലത്തിന്റെ അകത്തുകയറിയശേഷം ശ്രീകോവിലിനു മുകളിലെത്തി മോഷണം നടത്തുകയായിരുന്നു. ശേഖറാണു താഴികക്കുടം എടുത്തിറങ്ങിയതെന്നും അറസ്‌റിലായവര്‍ പറഞ്ഞു. രക്ഷപ്പെടാനായി വാഹനം ഇല്ലാതിരുന്നതിനാല്‍ സമീപത്തെ വീടുകളില്‍ നിന്നു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടു ചൈതന്യ ജംഗ്ഷനിലെത്തി അവിടെ ഒരു വീട്ടില്‍നിന്നു സ്‌കൂട്ടര്‍ മോഷ്ടിച്ചു മൂവരും ഇതില്‍ രക്ഷപ്പെടുകയായിരുന്നു. തെങ്ങണയിലെത്തി അവിടെ ഒരു വീട്ടില്‍ താഴികക്കുടം സൂക്ഷിച്ചശേഷം ശേഖറിനെ ബസില്‍ കോഴിക്കേട്ടേക്ക് അയച്ചു. സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാകത്താനത്തിനു സമീപത്തുനിന്നു നേരത്തെ കണ്ടെത്തിയിരുന്നു.പിന്നീടു മൂവരും മാര്‍ത്താണ്ഡത്ത് ഒത്തുകൂടി താഴികക്കുടം വില്ക്കുന്നതിനുള്ള ചര്‍ച്ച നടത്തിയതായും പ്രതികള്‍ പോലീസിനോടു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം