അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 6)

July 22, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

6.ലോകാഭിരാമന്‍

സീതാഭിരാമനെയാണ് ശ്രീരാമചന്ദ്രനെ ലോകാഭിരാമനാക്കിത്തീര്‍ത്തത്. ലോകത്തോടൊപ്പം ആനന്ദിക്കുന്നവനാണു ലോകാഭിരാമന്‍. ലോകരുടെ മനസ്സുകളെ ആകര്‍ഷിക്കുന്ന സൗന്ദര്യത്തിന്റെ ഉടമ എന്നും അതിന് അര്‍ത്ഥമുണ്ട്. രണ്ടിനും ആധാരം ഒന്നുതന്നെ. പ്രപഞ്ചത്തെ മുഴുവന്‍ താനായി കാണാനാകുമ്പൊഴാണ് ആരും ലോകാഭിരാമനായിത്തീരുന്നത്.

മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രസമൂഹങ്ങളും മഹാനദികളും മഹാപര്‍വതങ്ങളും മഹാസമുദ്രങ്ങളും പുല്ലും പുഴുവും മണല്‍ത്തരിയുമെല്ലാം ഞാന്‍തന്നെയാണെന്ന് അറിയുന്നവനാണല്ലൊ ലോക നിര്‍മ്മാതാവായ ശ്രീരാമചന്ദ്രന്‍. ഈ വക എല്ലാറ്റിന്റെയും ഉള്ളിലും പുറത്തും നിറഞ്ഞുനില്ക്കുന്നത് താനും സീതയുമാണെന്നറിഞ്ഞുകൊണ്ട് സൃഷ്ടി സ്ഥിതി സംഹാര കര്‍മ്മങ്ങള്‍ ലീലയായി ചെയ്കയാല്‍ രാമന്‍ ലോകാഭിരാമനായിത്തീര്‍ന്നു. ഏവര്‍ക്കും പ്രിയങ്കരനായി ശോഭിച്ചു. നാമോരോരുത്തരുടെയും ഹൃദയാന്തര്‍ഭാഗത്തു വസിക്കുന്ന ആനന്ദസ്വരൂപനായ ബോധവസ്തുവാണ് ലോകാഭിരാമനെന്നറിഞ്ഞുകൊള്‍ക. അതിനെ വിളിച്ചുണര്‍ത്തുകമാത്രമേ വേണ്ടു.

വയോവൃദ്ധനായ ദശരഥ മഹാരാജാവ് പട്ടണവാസികളുടെയും ഗ്രാമവാസികളുടെയും സാമന്തന്മാരുടെയും മഹാസഭവിളിച്ചുകൂട്ടി രാമനെ യുവരാജാവാക്കുന്നതിനെപ്പറ്റി അഭിപ്രായമാരാഞ്ഞു. എത്രയും വേഗം യൗവരാജ്യാഭിഷേകം രാമനു നടത്തണമെന്നതായിരുന്നു അവരുടെ ഏകകണ്ഠമായ അഭിപ്രായം. കേള്‍ക്കാനുള്ള കൗതുകംമൂലം അവരുടെ ഉത്സാഹത്തിനു പിന്നിലുള്ള കാരണം ദശരഥന്‍ ആരായുന്ന ഭാഗം വാല്മീകിരാമായണത്തിലുണ്ട്. അതിനു അവര്‍ നല്‍കുന്ന വ്യക്തമായ വിശദീകരണത്തില്‍ രാമന്റെ ലോകാഭിരാമതയുടെ ചിത്രം ലഭിക്കും. അവര്‍ പറഞ്ഞു:

”അല്ലയോ മഹാരാജാവേ! മംഗളമയമായ അനേകമനേകം ഗുണങ്ങളുടെ ഉടമയാകകൊണ്ടാണ് രാമനെ ഞങ്ങള്‍ യുവരാജാവായി കാണാനാഗ്രഹിച്ചത്. ദേവതുല്യനായ ആധീമാന്റെ ആനന്ദജനകമായ പ്രിയഗുണങ്ങള്‍ സമ്പൂര്‍ണ്ണമായി ഞങ്ങള്‍ അങ്ങയെ കേള്‍പ്പിക്കാം. മഹിതഗുണശാലികളായ സൂര്യവംശ രാജാക്കന്മാരില്‍ ഒന്നാമനാണ് ശ്രീരാമചന്ദ്രന്‍. സത്യപരാക്രമിയായ ശ്രീരാമചന്ദ്രനില്‍ നിന്നാണ് ഐശ്വര്യത്തോടൊപ്പം ധര്‍മ്മവും ഉത്പന്നമായത്.

പ്രജകളെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ രാമന്‍ ചന്ദ്രനാണ്. ക്ഷമാഗുണത്തിലാണെങ്കില്‍ ശ്രീരാമന്‍ ഭൂമി ദേവിക്കു തുല്യനത്രെ. അറിവിന്റെയും ബുദ്ധിശക്തിയുടെയും കാര്യത്തില്‍ കുമാരന്‍ ബൃഹസ്പതിസമനും പരാക്രമത്തില്‍ ദേവേന്ദ്രപ്രഭനുമാകുന്നു. ധര്‍മ്മജ്ഞനും പരാക്രമത്തില്‍ ദേവേന്ദ്രനുമാകുന്നു. ധര്‍മ്മജ്ഞനും സത്യസന്ധനും ശീലവാനും അസൂയ ഇല്ലാത്തവനുമായ ശ്രീരാമചന്ദ്രന് മറ്റുള്ളവരുടെ ദുഃഖം സഹിക്കുവാന്‍ കഴിയുകയില്ല. മറ്റുള്ളവര്‍ക്കു സന്തോഷമുണ്ടാകുന്നത് മഹോത്സവമായാണ് രാമന്‍ കൊണ്ടാടുക….. ഇങ്ങനെ തുടരുന്നു അവരുടെ വാക്കുകള്‍. ഏവരിലും തന്നെത്തന്നെ കാണുന്ന മനോഗുണമാണ് രാമരാജകുമാരനെ ലോകാഭിരാമനാക്കിത്തീര്‍ത്തതെന്നു ചുരുക്കം.

പക്ഷേ എല്ലാപേരെയും മൃഗപക്ഷിതലാദികളെയും താനായിക്കാണാനുള്ള ഹൃദയവിമലത പൂതുയുഗത്തില്‍ മനുഷ്യന്‍ തീരെ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ എന്നും എന്റേതെന്നും, ശത്രുവെന്നും ശത്രുവിന്റേതെന്നും, അവ രണ്ടുമല്ലാത്ത ഉദാസീനന്‍ എന്നും ഉദാസീനന്റേതെന്നും മൂന്നുവിധമുള്ള ബന്ധങ്ങളാരോപിച്ച് എന്തിനെയും ഏതെങ്കിലും വിഭാഗത്തില്‍പെടുത്തി വിലയിരുത്തുന്ന സ്വഭാവമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

കാമക്രോധലോഭ മോഹമദമത്സര്യങ്ങളും കലാപകാലുഷ്യങ്ങളുമാണ് അതിന്റെ പരിണതഫലം. രാക്ഷസഭാവമെന്നു രാമായണാദി ഗ്രന്ഥങ്ങള്‍ വിവരിക്കുന്നത് ഇതിനെയാണ്. അതാണല്ലൊ രാവണാദികളുടെ അടിസ്ഥാന സ്വഭാവം. അതു വ്യക്തിക്കും സമൂഹത്തിനും ലോകത്തിനും ദുഃഖത്തെ ഉത്പാദിപ്പിക്കുന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. ലോകചരിത്രവും ദൈനംദിന സംഭവങ്ങളും അതിനു സാക്ഷ്യം വഹിക്കുന്നു.

ഈ ദോഷം പരിഹരിക്കാന്‍ വേണ്ടിയാണ് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തിലൂടെ മാലോകരെക്കൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിപ്പിച്ചത്.

”ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ മരദ നാരായണായ നമഃ

എല്ലാം ഞാനാണെന്ന അറിവ് ബൗദ്ധികതലത്തിലെങ്കിലുമുദിച്ചാല്‍ മദമത്സരാദികളവസാനിക്കും. ശാന്തിയുടെ ഒരു പുതുയുഗം പിറക്കും. അതു പ്രത്യക്ഷാനുഭൂതിയായിത്തീര്‍ന്നാല്‍ ലോകാഭിരാമനായം വളരും. തന്റേതായ കഴിവുകള്‍ ലോകനന്മയ്ക്കായി സേവനരൂപത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ഭഗവാന്റെ പ്രപഞ്ചലീലയില്‍ പങ്കാളിയായിത്തീരുമ്പോള്‍ ഓരോ അണുവിലും ആനന്ദം അലയടിക്കുന്നത് അനുഭവപ്പെടും. അതാണു രാമായണം മുന്നോട്ടു വയ്ക്കുന്ന ജീവിതതത്ത്വശാസ്ത്രം. വ്യക്തികള്‍ക്കു സൗഖ്യമുണ്ടാകാനും വിശ്വശാന്തികൈവരിക്കാനും വേറൊരു മാര്‍ഗ്ഗവുമില്ല. അയോദ്ധ്യാധിപനായ ശ്രീരാമചന്ദ്രന്‍ ഇതിനു ഉത്തമദൃഷ്ടാന്തമായതിനാല്‍ അദ്ദേഹത്തെ കിളിമകള്‍ ലോകാഭിരാമനെന്നു വിളിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം