പാകിസ്താനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 26പേര്‍ കൊല്ലപ്പെട്ടു

July 22, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 26 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ കുറമില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗോത്രവര്‍ഗ മേഖലയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു.
പാകിസ്താനിലെ താലിബാന്‍ വിട്ട് സ്വന്തമായി സായുധ സംഘത്തിനു രൂപം നല്‍കിയ മുല്ലാ നബി എന്ന നേതാവിന്റെ വീട്ടുവളപ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഘടനയുടെ ക്യാമ്പും പാര്‍പ്പിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. അകത്തുകടക്കാന്‍ ശ്രമിച്ച ചാവേറിനെ കാവല്‍ക്കാര്‍ തടഞ്ഞപ്പോള്‍ ബോംബു പൊട്ടിക്കുകയാണുണ്ടായത്. മുല്ലാ നബിക്കു പരിക്കില്ല.
പോളിയോ മരുന്നു വിതരണത്തിനുപോയ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകനും ആറു കുട്ടികളും കലാപത്തില്‍ കൊല്ലപ്പെട്ടു.  കറാച്ചിയിലെ ഗദാപ് പട്ടണത്തിലാണ് പോളിയോനിര്‍മാര്‍ജന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാവിനെ വെടിവെച്ചുകൊന്നത്. ലോകാരോഗ്യ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന മുഹമ്മദ് ഇഷാഖ് എന്നയാളാണ് മരിച്ചത്. പാകിസ്താനിലെ പല മേഖലകളിലും പോളിയോ മരുന്നു വിതരണത്തിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം