യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസം നേടി

October 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: നാടകീയ സംഭവവികാസങ്ങള്‍ക്കിടെ കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. കോണ്‍ഗ്രസ്-ജനതാദള്‍ അംഗങ്ങളുടെയും വിമതരുടെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ശബ്ദവോട്ടോടെ സര്‍ക്കാര്‍ വിശ്വാസം നേടിയത്. വിമത എം.എല്‍.എമാരെ സഭയ്ക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. പ്രവേശനകവാടത്തില്‍ വിമതരെ സെക്യൂരിറ്റി തടയുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റിവലയം ഭേദിച്ച് വിമതര്‍ സഭയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ വിധാന്‍ സൗധയിലെ ജനാലയുടെ ചില്ല് തകര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ തളര്‍ന്നു വീണു.
വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് നാല് മണിക്കൂര്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായ നടപടിയിലൂടെ 16 വിമതരെ അയോഗ്യരാക്കിയ സ്​പീക്കറുടെ നടപടിയാണ് സര്‍ക്കാരിനെ രക്ഷച്ചത്. 11 ബി.ജെ.പി എം.എല്‍.എമാരെയും അഞ്ച് സ്വതന്ത്രരേയുമാണ് ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് സ്​പീക്കര്‍ കെ.ജി ബോപ്പയ്യ അയോഗ്യരാക്കിയത്. വരും ദിവസങ്ങളില്‍ സ്​പീക്കറുടെ നടപടി നിയമപ്രശ്‌നത്തിന് വഴിതെളിക്കുമെന്ന് ഉറപ്പാണ്. തിങ്കളാഴ് ച രാവിലെ മാത്രം അയോഗ്യരാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനാല്‍ കോടതിയെ സമീപിക്കാനുള്ള അവസരവും വിമതര്‍ക്ക് ലഭിച്ചില്ല. വിമതര്‍ക്ക് നേതൃത്വം നല്‍കിയ ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ നീക്കങ്ങളെ കൂറുമാറ്റ നിരോധന നിയമത്തിന്റെ വാളോങ്ങിയാണ് ബി.ജെ.പി നേരിട്ടത്. ഗോവയില്‍ തടങ്ങിയ വിമത എം.എല്‍.എമാരുമായി റോഡുമാര്‍ഗമാണ് കുമാരസ്വാമിയും കൂട്ടരും വിധാന്‍ സൗധയിലെത്തിയത്. സ്​പീക്കറുടെ നടപടിയെ കോടതിയില്‍ നേരിടുമെന്ന് ജനതാദളും, കോണ്‍ഗ്രസും വിമതരും അറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് സഭ പിരിയുകയാണെന്ന് സ്​പീക്കര്‍ അറിയിച്ചു. അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് താക്കീത് നല്‍കിയെങ്കിലും സ്​പീക്കര്‍ അത് അംഗീകരിച്ചില്ല. നിര്‍ദേശം അവഗണിച്ച് സഭാംഗങ്ങളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വിശ്വാസവോട്ടു തേടുന്ന തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. നിര്‍ദേശം അവഗണിച്ച് സഭാംഗങ്ങളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ തന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വിശ്വാസവോട്ടു തേടുന്ന തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. 224 അംഗ നിയമസഭയില്‍ ബി.ജെ.പി.ക്ക് 117ഉം കോണ്‍ഗ്രസ്സിന് 73ഉം ജനതാദള്‍ എസ്സിന് 28ഉം അംഗങ്ങളാണുള്ളത്. ആറുപേര്‍ സ്വതന്ത്രരും. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് 113 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. സ്വതന്ത്രരടക്കം 19 അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ന്യൂനപക്ഷമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം