വി.എസിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനം

July 22, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പരസ്യപ്രസ്താവനകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി.എസ്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടത്തിയ ചിലപ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്നും പാര്‍ട്ടിയെ ആക്രമിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം നല്‍കിയെന്നും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ ചില പ്രസ്താവനകളും നടപടികളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വി.എസ്.തന്നെ കേന്ദ്ര കമ്മിറ്റിയില്‍ സമ്മതിച്ചു.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി. ഇത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോകാന്‍ വി.എസ്.മുന്‍കൈയെടുക്കുമെന്നും പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.എസ്.തുടരുമെന്നും കാരാട്ട് വ്യക്തമാക്കി. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കാരാട്ട് ആവര്‍ത്തിച്ചു പറഞ്ഞു. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. എങ്കിലും ഇക്കാര്യം ഉറപ്പുവരുത്താന്‍ പാര്‍ട്ടി തന്നെ അന്വേഷണം നടത്തും. അന്വേഷണത്തില്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സമിതിയോട് ശിപാര്‍ശ ചെയ്യുമെന്നും കാരാട്ട് പറഞ്ഞു. വിഎസിനെതിരെ കടുത്ത നടപടി എടുക്കുന്നതിനെ സിപിഎം ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നടപടി ഒഴിവാക്കണമെന്ന നിലപാട് ആരും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഎസിനെതിരായ നടപടി പരസ്യശാസനയില്‍ ഒതുക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

അതേസമയം തന്റെ ആവശ്യങ്ങളില്‍ ചിലത് കേന്ദ്രകമ്മിറ്റി അംഗീകരിച്ചതായി യോഗത്തിനു ശേഷം പുറത്തുവന്ന വി.എസ്. മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യോഗത്തില്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. യോഗം വിളിച്ചതും അജന്‍ഡ നിശ്ചയിച്ചതും പാര്‍ട്ടി സെക്രട്ടറിയാണ്. അതുകൊണ്ട് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നുമായിരുന്നു വി.എസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം