ഹെലികോപ്‌റ്റര്‍ ടൂറിസം കേരളത്തില്‍

October 11, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ഹെലികോപ്‌റ്റര്‍ ടൂറിസത്തിന്റെ ഭാഗമായി ശബരിമല നിലയ്‌ക്കലിലേക്കു കൊച്ചി കേന്ദ്രമാക്കി ആരംഭിച്ച ഹെലികോപ്‌റ്റര്‍ ടാക്‌സി ഘട്ടംഘട്ടമായി മുഴുവന്‍ സമയ ടൂറിസം സര്‍വീസായി വികസിപ്പിക്കാനാണു ഭാരത്‌ എയര്‍വെയ്‌സിന്റെ ശ്രമം. മൂന്നാറിലെ കുറിഞ്ഞിപ്പൂക്കളുടെ നാളുകളും ആകാശത്തുനിന്നുള്ള കുമരകത്തിന്റെ കാഴ്‌ചകളുമെല്ലാം ഹെലികോപ്‌റ്റര്‍ ടൂറിസത്തിലൂടെ കേരളത്തിനു നേട്ടമാകാനാണു വഴിയൊരുങ്ങുന്നത്‌. സംസ്‌ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുള്ള ഹെലി ടാക്‌സി സര്‍വീസ്‌ വിദേശികളെയും വടക്കേ ഇന്ത്യയില്‍ നിന്നുള്ള സമ്പന്നരായ വിനോദസഞ്ചാരികളെയും ആകര്‍ഷിക്കും എന്നാണു കണക്കുകൂട്ടല്‍. വയനാട്‌, ബേക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മലബാര്‍ കേന്ദ്രങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനാവും.
ആദ്യഘട്ടത്തില്‍ റിലിജിയസ്‌ ടൂറിസമാണു ലക്ഷ്യമിടുന്നതെന്ന്‌ ഭാരത്‌ എയര്‍വെയ്‌സ്‌ ഡയറക്‌ടര്‍മാരായ കേണല്‍ ശശികുമാര്‍, ഗിരീഷ്‌ നായര്‍ എന്നിവര്‍ പറയുന്നു. നിലയ്‌ക്കലില്‍ കോപ്‌റ്റര്‍ ഇറക്കാന്‍ ദേവസ്വം ബോര്‍ഡുമായി ധാരണയിലെത്തിയിട്ടുണ്ട്‌. നിലവില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന സ്‌ഥലത്ത്‌ ഹെലിപാഡിനുള്ള ഇടം പ്രത്യേകം തിരിച്ചെടുത്ത്‌ കോണ്‍ക്രീറ്റ്‌ ചെയ്‌താവും ഉപയോഗിക്കുക. മറ്റു ടൂറിസം കേന്ദ്രങ്ങളിലേക്ക്‌ ഉടനെ സര്‍വീസ്‌ ആരംഭിക്കാന്‍ പ്രായോഗികമായ തടസ്സങ്ങള്‍ പലതുണ്ട്‌. കുമരകത്ത്‌ ഹെലിപാഡ്‌ ഇല്ല. തേക്കടിയില്‍ ഹെലിപാഡ്‌ ഉണ്ടെങ്കിലും മോശം സ്‌ഥിതിയിലാണ്‌. മൂന്നാറില്‍ പറ്റിയൊരു സ്‌ഥലം കണ്ടെത്തേണ്ടിയിരിക്കുന്നു.
മറ്റു കേന്ദ്രങ്ങളെക്കുറിച്ചും പഠിച്ചശേഷം ഹെലിപാഡുകള്‍ നിര്‍മിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാല്‍)ക്കു പദ്ധതിയുണ്ട്‌. കൊച്ചി വിമാനത്താവളത്തില്‍ ഒരു വര്‍ഷത്തിനകം ഹെലിപോര്‍ട്ട്‌ പ്രവര്‍ത്തനമാരംഭിക്കുമെന്നാണു സിയാല്‍ എംഡി ഡോ. സി.ജി. കൃഷ്‌ണദാസ്‌ നായര്‍ പറയുന്നത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കാനും സിയാല്‍ ഉദ്ദേശിക്കുന്നു. ഇവയുടെ നടത്തിപ്പും സിയാലിന്റെ ചുമതലയില്‍ ആയിരിക്കും. ഭാരത്‌ എയര്‍വെയ്‌സിന്റെ ഹെലിടാക്‌സിക്ക്‌ ഒരു മണിക്കൂര്‍ പറക്കാന്‍ 90,000 രൂപയാണു നിരക്ക്‌. ആറുപേര്‍ക്കു യാത്ര ചെയ്യാം. `ബെല്‍ 407 കോപ്‌റ്ററുകളാണ്‌ ഉപയോഗിക്കുന്നത്‌. ഒരു കോപ്‌റ്ററിന്‌ 11.5 കോടി രൂപ വിലവരും. നിലയ്‌ക്കല്‍ സര്‍വീസിനു പുറമെ, ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും വ്യക്‌തികളുടെയും ആവശ്യം അനുസരിച്ചുള്ള യാത്രകള്‍ക്കും തയാറാണെന്നു കൊച്ചി വൈപ്പിന്‍ എടവനക്കാട്‌ സ്വദേശിയായ കേണല്‍ ശശികുമാര്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം