പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 25, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റീസ് എസ്.എച്ച്. കപാഡിയ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ താല്‍ക്കത്തോറ റോഡിലെ വസതിയില്‍ നിന്ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിനു ആദരമര്‍പ്പിച്ച ശേഷമാണ് പ്രണാബ് സത്യപ്രതിജ്ഞയ്ക്കായി പാര്‍ലമെന്റിലേക്കു പുറപ്പെട്ടത്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനേയും നിയുക്ത രാഷ്ട്രപതിയായ പ്രണാബിനെയും സെന്‍ട്രല്‍ ഹാളിലേക്കു ആനയിച്ചതോടെ ചടങ്ങിനു തുടക്കമായി.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും സ്വീകരിച്ചത്. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് പ്രണാബിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം വായിച്ചു. തുടര്‍ന്ന് ചീഫ് ജസ്റീസ് എസ്.എച്ച്. കപാഡിയ ചൊല്ലിക്കൊടുത്ത ഇന്ത്യന്‍ ഭരണഘടനയെയും നിയമങ്ങളെയും കാത്തുസൂക്ഷിക്കുമെന്നും സംരക്ഷിക്കുമെന്നും പ്രതിരോധിക്കുമെന്നുമുള്ള സത്യവാചകം ഏറ്റുപറഞ്ഞ് പ്രണാബ് ഇന്ത്യയുടെ പ്രഥമപൌരനായി അധികാരമേറ്റു. തുടര്‍ന്ന് പുതിയ രാഷ്ട്രപതിക്ക് സുരക്ഷാഭടന്‍മാര്‍ ഗണ്‍സല്യൂട്ട് അര്‍പ്പിച്ച് 21 ആചാരവെടികള്‍ മുഴക്കി. ഇതിനുശേഷം ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റുകൊണ്ട് പ്രണാബ് രജിസ്ററില്‍ ഒപ്പുവെച്ചു.

ആധുനിക ഇന്ത്യയുടെ നിഘണ്ടുവില്‍ നിന്ന് ദാരിദ്യ്രം തുടച്ചുമാറ്റണമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രണാബ് പറഞ്ഞു. വികസിക്കുന്ന ഇന്ത്യയുടെ ഭാഗമെന്ന കരുതല്‍ ദരിദ്രര്‍ക്കിടയിലും ഉണ്ടാകണം. വികസനം അത്യാഗ്രഹികള്‍ തട്ടിയെടുക്കാന്‍ അവസരമുണ്ടാകരുതെന്നും പ്രണാബ് വ്യക്തമാക്കി. ഇതിനുശേഷം രാഷ്ട്രപതിയുടെ പ്രസംഗം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ഇതിനുശേഷം സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിക്കൊപ്പം പ്രണാബ് രാഷ്ട്രപതി ഭവനിലേക്ക് പോയി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പ്രണബിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങിനെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം