പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു പുറത്തേക്കെറിഞ്ഞു

July 25, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ബംഗ്ലൂര്‍: കര്‍ണാടകയില്‍ പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ നാലംഗ സംഘം സഞ്ചരിക്കുന്ന ട്രെയിനില്‍ നിന്നു പുറത്തെറിഞ്ഞു. മാധുറിനു സമീപമാണ് സംഭവം. അക്രമത്തിനിരയായ 19കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യശ്വന്ത്പൂര്‍ മൈസൂര്‍ എക്‌സ്പ്രസിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഷിംഷ നദി റെയില്‍പാലത്തിലൂടെ ട്രെയിന്‍ നീങ്ങുന്നതിനിടെയാണ് നാലംഗസംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ സംഘം നദിയിലേയ്ക്കു തള്ളിയിടുകയായിരുന്നു. നദി വറ്റി വരണ്ട നിലയിലായിരുന്നുവെന്നും 25 അടി താഴ്ചയിലേയ്ക്കാണ് പെണ്‍കുട്ടി വീണതെന്നും പോലീസ് അറിയിച്ചു. ട്രെയിനിലെ മറ്റൊരു യാത്രക്കാരനാണ് സംഭവം മാധുര്‍ പോലീസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്, ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ മാണ്ഡ്യ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തലയ്ക്കും കാലിനും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും നട്ടെല്ലിനു പൊട്ടലുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മാധുര്‍ സ്‌റേഷനോടു ട്രെയിന്‍ അടുക്കുന്നതിനിടെയാണ് നാലു യുവാക്കള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പോലീസിനെ വിവരം അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞതെന്നും ആക്രമണത്തിനു ഇരയായ പെണ്‍കുട്ടി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ട്രെയിനിലെ മറ്റു യാത്രക്കാര്‍ കാഴ്ചക്കാരായി ഇരിക്കുകയായിരുന്നുവെന്നും ആരും തന്നെ സഹായിക്കാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്‌റു ചെയ്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം