അയോദ്ധ്യാ രാമനും ആത്മാരാമനും

July 25, 2012 സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ  (ഭാഗം 9)

9. അയോദ്ധ്യാ രാമനും ആത്മാരാമനും

ശ്രീരാഘവാത്മാരാമ എന്നി സംബോധനകളിലൂടെ ആര്‍ക്കും കണ്ണുകൊണ്ടുകാണാനാവുന്ന സഗുണസാകാരമൂര്‍ത്തിയായ അയോദ്ധ്യാരാമനും കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാകാത്ത നിര്‍ഗുണ നിരാകാരനായ ആത്മാരാമനും ഒന്നാണെന്നും കിളിമകള്‍ വ്യക്തമാക്കിയിരിക്കുന്നു. ഉത്തരകോസലത്തിലെ അയോദ്ധ്യാനഗരിയിലിരുന്നകൊണ്ടു സമുദ്രം വരെയുള്ള ഭൂമി സംരക്ഷിച്ച രാജര്‍ഷിമാരുടെ പരമ്പരയാണു സൂര്യവംശം. ഇക്ഷ്വാക വംശമെന്നും രഘുവംശമെന്നുമെല്ലാം അതിനു പേരുണ്ട്. രാഘവശബ്ദത്തിനു രഘുകുലത്തില്‍ പിറന്നവനെന്നര്‍ത്ഥം. വാല്മീകി രാമായണം ബാലകാണ്ഡത്തിലെ എഴുപതാം സര്‍ഗ്ഗത്തില്‍ സീതാവിവാഹത്തിന് മുന്നോടിയായി വസിഷ്ഠന്‍ സൂര്യവംശ രാജാക്കന്മാരുടെ പരമ്പരവര്‍ണ്ണിക്കുന്നതു കേള്‍ക്കാം.

അവ്യക്തത്തില്‍ നിന്നു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും അദ്ദേഹത്തില്‍ നിന്നു മരീചി ഋഷിയും  മരീചിയില്‍ നിന്നും കശ്യപനും അദ്ദേഹത്തില്‍നിന്നു വിവസ്വാന്‍ അഥവാ സൂര്യനും ജനിച്ചു. വിവസ്വാന്റെ പുത്രനാണു പ്രജാപതിയായ മനു. ആദ്യമായി അയോദ്ധ്യയിലിരുന്നു നാടുവാണ ചക്രവര്‍ത്തി മനുവിന്റെ മകനായ ഇക്ഷ്വാകുവായിരുന്നു. തുടര്‍ന്നു ശ്രീരാമന്‍ വരെയുള്ള പേരുകള്‍ വസിഷ്ഠമഹര്‍ഷി യഥാക്രമം നല്‍കുന്നുണ്ട്. അവരെല്ലാം പ്രശസ്തരാണെങ്കിലും ത്രിശങ്കു, യുവനാശ്വന്‍, മാന്ധാതാവ്, സഗരന്‍, അംശുമാന്‍, ദിലീപന്‍, ഭഗീരഥന്‍, കുകുസ്ഥന്‍, രഘു, അംബരീക്ഷന്‍, നാഭാഗന്‍, അജന്‍, ദശരഥന്‍ എന്നിവര്‍ വളരെ പ്രസിദ്ധരാണ്.

ജനിച്ച നാള്‍മുതല്‍ തന്നെ പരിശുദ്ധന്മാരും ലക്ഷ്യത്തിലെത്തിച്ചേരും വരെ വീരതയോടെ പ്രയത്‌നിക്കുന്നവരും ദേവലോകത്തിലെ പടക്കളങ്ങളെപ്പോലും ഇളക്കിമറിച്ചവരും പരോപകാരാര്‍ത്ഥമുപയോഗിക്കാന്‍ വേണ്ടി മാത്രം ധനം സമ്പാദിക്കുന്നവരും സത്യം മാത്രം പറയുന്നവരും യശസ്സിനായി മാത്രം യുദ്ധം ജയിക്കാനാഗ്രഹിക്കുന്നവരും ശൈശവത്തിലേ വേദാദികളെല്ലാം പഠിച്ചവരും യൗവനത്തില്‍ ലോകരക്ഷചെയ്യുന്നവരും വാര്‍ദ്ധക്യത്തില്‍ തപസ്സിലേര്‍പ്പെടുന്നവരും യോഗശക്തിയാല്‍ അവസാനം ശരീരം ത്യജിക്കുന്നവരുമൊക്കെയായ സൂര്യവംശരാജാക്കന്മാരുടെ മഹത്വം രഘുവംശാദിയില്‍ കാളിദാസന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹിതമായ ആ വംശത്തില്‍ സര്‍വഗുണങ്ങളും തികഞ്ഞ് വിഷ്ണുസദൃശനായി ജന്മംകൊണ്ട മഹാപുരുഷനാണ് ശ്രീരാമചന്ദ്രന്‍. രാമായണമെന്നു പേര്‍കൊണ്ട ആദികാവ്യത്തിന്റെ പ്രമേയമാകാന്‍ തക്കവിധം ശ്രേഷ്ഠമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതു ലോകത്തിനു മുഴുവന്‍ ഉദാത്തമായ മാതൃകയാണ്. മനുഷ്യജീവിതത്തിലെ വിവിധങ്ങളായ സന്ദര്‍ഭങ്ങളില്‍ എങ്ങനെ ചിന്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നെല്ലാം അതു പഠിപ്പിക്കുന്നു.

ധര്‍മ്മത്തിന്റെ വ്യാഖ്യാനമാണ് രാമചരിതം. ഇന്നു ലോകത്തു ജീവിച്ചിരിപ്പുള്ള സര്‍ഗുണസമ്പന്നനായ മനുഷ്യനാരാണെന്ന് വാല്മീകി ചോദിക്കുമ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യം നാരദനുണ്ടായില്ല. അദ്ദേഹത്തിന് അത്രമാത്രം ഉറപ്പുണ്ടായിരുന്നു. ഇക്ഷ്വാകു വംശത്തില്‍ പിറന്ന രാമനാണു സര്‍വഗുണസമ്പന്നന്‍ എന്നായിരുന്നു നാരദന്റെ മറുപടി.

ത്രേതായുഗത്തില്‍ ദശരഥനു മകനായി പിറന്ന ഈ അയോദ്ധ്യാരാമന്‍ തന്നെയാണു സര്‍വചരാചരങ്ങള്‍ക്കുമുള്ളില്‍ വസിക്കുന്ന ആത്മാരാമന്‍. കണ്ണിനു കാണുവാനുള്ള ശക്തിയായും കാതിനു കേള്‍ക്കുവാനുള്ള ശക്തിയായും മൂക്കിനു മണക്കുവാനുള്ള ശേഷിയായും നാക്കിനു രുചിക്കുവാനുള്ള വൈഭവമായും ത്വക്കിനു തൊട്ടറിവാനുള്ള ശക്തിയായും വാഗിന്ദ്രിയത്തിനു പറയാനുള്ള കഴിവായും മനസ്സിനു ചിന്തിക്കുവാനുള്ള ശക്തിയായും യാതൊരു ചൈതന്യമാണോ നമുക്കുള്ളില്‍ കുടികൊള്ളുന്നത് അതാണു ആത്മാവ് അതാണു രാമന്‍ അഥവാ ആത്മാരാമന്‍.

ദുഃഖദൗര്‍ബല്യാദികളോ ജനനമരണാദികളോ രോഗവാര്‍ദ്ധക്യാദികളോ അതിനില്ല. അതെല്ലാം ജഡമയമായ ശരീരത്തിന്റെ ധര്‍മ്മങ്ങളാണ്. അല്ലാതെ ആത്മാരാമന്റേതല്ല. കാലദേശപരിമിതികള്‍ യാതൊന്നും അതിനം തീണ്ടുന്നില്ല. അനശ്വരവും അലൗകികവുമായ ആനന്ദമാണ് അതിന്റെ സ്വരൂപം. അതു ബോധസ്വരൂപം അഥവാ ചിത്സ്വരൂപവും മാറ്റങ്ങളില്ലാത്തത് അഥവാ സത്‌സ്വരൂപവുമാകുന്നു. അതിനാലാണ് ആത്മാരാമനെ ശ്രീരാമനെന്നും ശ്രീരാമചന്ദ്രനെന്നും ശ്രീരാമഭദ്രനെന്നും സീതാഭിരാമനെന്നും ലോകാഭിരാമനെന്നും രാവണാന്തകനെന്നുമെല്ലാം എഴുത്തച്ഛന്‍ ആദ്യമേ വിശേഷിപ്പിച്ചത്.

സച്ചിദാനന്ദസ്വരൂപമായ ആത്മാരാമന്‍ അണുവിനെക്കാള്‍ അണുവും മഹത്തിനെക്കാള്‍ മഹത്തുമാണ്. അതിലാണ് ഈ ലോകം ഉണ്ടാകുന്നത്. നിലനില്ക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, ലയിക്കുന്നത്. അതിനാല്‍ ഈ ലോകത്തില്‍ കാണപ്പെടുന്ന സമസ്ത പദാര്‍ത്ഥങ്ങളുടെയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന തത്ത്വം ആത്മാരാമനാകുന്നു. തിരമാലയിലും ചുഴിയിലും നുരിലും പതയിലുമെല്ലാം സമുദ്രജലമാണല്ലോ ഉള്ളത്. യഥാര്‍ത്ഥത്തില്‍  ആത്മാരാമന്‍ മാത്രമേ ഉള്ളു. അതാണു നാമോരോരുത്തരും. നമ്മുടെ ഉള്ളില്‍ ഞാന്‍ ഞാന്‍ എന്ന അറിവിനെ അനുഭവപ്പെടുത്തുന്നത് അഥവാ ഞാനെന്ന അറിവായി അനുഭവപ്പെടുന്നത് ആത്മാരാമനാകുന്നു. തത്ത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍ ഇതാകുന്നു. അത്-ആത്മാരാമന്‍-നീ ആകുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. ആത്മാരാമനില്‍ അദ്ദേഹത്തിന്റെ തന്നെ ശക്തി പ്രവര്‍ത്തിച്ച് താല്‍ക്കാലികമായി ഉണ്ടാക്കിക്കാണിക്കുന്ന ജഡദൃശ്യങ്ങളാണ് ഈ പ്രപഞ്ചം. (ശ്രീരാമശബ്ദം വിശദീകരിച്ച ഭാഗം നോക്കുക). ഈ ലോകത്തു കാണപ്പെടുന്ന പദാര്‍ത്ഥങ്ങളെല്ലാം ആത്മാരാമന്റെ  ഭിന്നരൂപങ്ങളാണെന്നിരിക്കെ ദശരഥപുത്രനായ അയോദ്ധ്യാരാമന്‍ ആത്മാരാമനാണെന്നു പറഞ്ഞിരിക്കുന്നതില്‍ സംശയത്തിനെന്തിരിക്കുന്നു. രാമന്‍ എന്ന പേരില്‍ത്തന്നെ ഈ സത്യം അന്തര്‍ഭവിച്ചിരിക്കുന്നു. അയോദ്ധ്യാരാമന്റെ രൂപത്തില്‍നിന്നു വ്യക്തമാകുന്ന പൊരുളും വേറൊന്നല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം