മര്യാദപുരുഷോത്തമനായ ശ്രീരാമന്‍

July 27, 2012 സനാതനം

*സ്വാമി ജ്ഞാനനിഷ്ഠാനന്ദ സരസ്വതി*
മാനവരാശിക്കു മുഴുവന്‍ എല്ലാ സ്വഭാവങ്ങള്‍ക്കും, ആചാരമര്യാദകള്‍ക്കും മാതൃകയായിട്ടാണ് വാത്മീകിമഹര്‍ഷി ശ്രീരാമനെ നമുക്ക് പരിചയപ്പെടുത്തുന്നത്. വാത്മീകിയെപ്പോലെ ഒരു ഋഷിയുടെ വാക്ക് തെറ്റാവുകയില്ല. അവര്‍ വാക്തപസ്സുള്ളവരും, അതുകൊണ്ടുതന്നെ പറയുന്നതിന്റെ അര്‍ത്ഥം ശരിക്കും അറിഞ്ഞു കൊണ്ടുതന്നെ പദപ്രയോഗങ്ങള്‍ നടത്തുന്നവരുമാകുന്നു. കാവ്യഭംഗിയ്ക്കുവേണ്ടിയുള്ള വര്‍ണനകളും അതിശയോക്തികളും ഇതില്‍ പെടുകയില്ലെന്ന് ഓര്‍മിക്കേണ്ടതുണ്ട്. ദൈവീകമായ ഔന്നിത്യത്തില്‍ ഉയര്‍ത്തി നിര്‍ത്താതെ വാത്മീകി ശ്രീരാമനെ ഒരു മനുഷ്യനായിതന്നെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. അങ്ങനെയായാല്‍ മാത്രമല്ലെ ആളുകള്‍ക്ക് അദ്ദേഹത്തെ അനുകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ധര്‍മാധര്‍മ്മങ്ങള്‍ കൂട്ടിമുട്ടുന്ന ചിന്തകള്‍ നമ്മെ വട്ടം കറക്കുമ്പോള്‍ നമുക്ക് ആ ‘രാവണങ്കോട്ടയില്‍’ നിന്ന് രക്ഷപ്പെടുവാന്‍ രാമന്റെ മാതൃക മാത്രമേ ശരണമായുള്ളൂ. അതുകൊണ്ടാണല്ലോ മര്യാദാപുരുഷോത്തമന്‍ എന്ന് രാമനെ വിശേഷിപ്പിച്ചിട്ടുള്ളത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമനില്‍ ചില പോരായ്മകള്‍ ഉള്ളതുപോലെ ചിലര്‍ക്ക് തോന്നിയേക്കാം. അതിനു ഉദാഹരണമായി അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. ബാലിയെ ശ്രീരാമന്‍ കാരണമൊന്നുമില്ലാതെ ഒളിയമ്പെയ്തുകൊന്നു. സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. ലക്ഷ്മണനെ വധശിക്ഷയ്ക്കു വിധിച്ചു. തപസ്സുചെയ്ത ശൂദ്രനെ വധിച്ചു. ഇവയെല്ലാം നീതിയ്ക്കുതകുന്ന വസ്തുക്കളാണോ? ഇവയെ നമുക്കനുകരിക്കാമോ? അവയെക്കുറിച്ച് അല്പം ചിന്തിച്ചേ മതിയാവൂ.

ക്ഷത്രിയന് അല്ലെങ്കില്‍ ഭരണാധിപതിക്ക് അയാളുടെ പ്രത്യേക ധര്‍മമുണ്ട്. ഒരു ഗൃഹസ്ഥന് അയാളുടെ സ്വന്തം ധര്‍മവുമുണ്ട്. ഇവ രണ്ടും ഗൃഹസ്ഥനായ ഭരണാധിപതിയ്ക്ക് ഉണ്ടാവണം. ക്ഷത്രിയന്റെ ധര്‍മം ദുഃഖം അനുഭവിക്കുന്നവരെ രക്ഷിക്കുക എന്നതാണ്. ഈ ധര്‍മാനുഷ്ഠാനത്തില്‍ വ്യക്തിബന്ധങ്ങള്‍ക്കോ മറ്റു താല്പര്യങ്ങള്‍ക്കോ സ്ഥാനമില്ല. ആരണ്യകാണ്ഡത്തില്‍ ശ്രീരാമന്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. രാക്ഷസന്മാരെ നിഗ്രഹിച്ച് താപസന്മാരെ രക്ഷിക്കാമെന്ന് ശ്രീരാമന്‍ ദണ്ഡകാരണ്യത്തില്‍വച്ച് അവര്‍ക്ക് വാക്കുകൊടുക്കുന്നു. ഈ വിവരം അറഞ്ഞ സീതാദേവി അതുവേണ്ടായിരുന്നു, വെറുതെ ആപത്തു വലിച്ചു വയ്ക്കലായിപ്പോയി എന്നു ശ്രീരാമനോടു പ്രതിവചിക്കുകയുണ്ടായി. അതിനു ശ്രീരാമന്‍ കൊടുത്ത മറുപടി ഇപ്രകാരമാണ്:

കിം നുവക്ഷ്യാമ്യഹം ദേവീ
ത്വയൈവോക്തമിദം വചഃ
ക്ഷത്രിയൈര്‍ധാര്യതേ ചാപഃ
നാര്‍ത്തശബ്ദോഭവേഭിതി    (ആരണ്യകാണ്ഠം)

അല്ലയോ ദേവീനിന്നാല്‍ ഈ വാക്കുകള്‍ പുറപ്പെട്ടുവല്ലോ? ഞാന്‍ എന്തുപറയണം? ആര്‍ത്തശബ്ദം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണ് ക്ഷത്രിയന്‍ ചാപം ധരിച്ചിരിക്കുന്നത്. ശ്രീരാമന്‍ തുടര്‍ന്നു പറയുന്നു.

അപ്യഹം ജീവിതം ജഹ്യാം
ത്വാംവാസീതേ സലക്ഷ്മണം
നതു പ്രതിജ്ഞാംസംശ്രുത്യ
ബ്രാഹ്മണേഭ്യോ വിശേഷതഃ

ഞാന്‍ എന്റെ ജീവിതം വേണമെങ്കില്‍ ഉപേക്ഷിക്കാം. അഥവാ ലക്ഷ്്മണനോടൊപ്പം സീതയെയും പരിത്യജിക്കാം. ഒരിക്കലും പ്രതിജ്ഞ ലംഘിക്കുകയില്ല. പ്രത്യേകിച്ചും ബ്രഹ്മണരോട് നല്‍കിയ പ്രതിജ്ഞ. ഈ വാക്കുകള്‍ ശ്രീരാമന്‍ സ്വന്തം ജീവിതത്തില്‍ അക്ഷരം പ്രതി അനുഷ്ഠിച്ചിരിക്കുന്നു.

ഇനി ശ്രീരാമനില്‍ ആരോപിതമായിരിക്കുന്ന തെറ്റുകളെ നമുക്കൊന്നു വിലയിരുത്താം. ബാലിയെ ശ്രീരാമന്‍ കൊന്നത് ഉചിതമാണോ? ബാലി ശ്രീരാമന് യാതൊരു ഉപദ്രവവും ചെയ്തിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ശ്രീരാമന്‍ മുന്‍പ് പറഞ്ഞ ക്ഷത്രിയധര്‍മത്തെ കുറിച്ച് നാമോര്‍ക്കണം. ബാലിയും സുഗ്രീവനും പരസ്പരം ശത്രുക്കളായിരിക്കുന്നു. സുഗ്രീവനെ ബാലി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ഋഷ്യമൂകാചലത്തില്‍ നിന്നും സുഗ്രീവനു താഴെ ഇറങ്ങുവാന്‍ സാധ്യമല്ല. വാസ്തവത്തില്‍ അതിനുതക്കവണ്ണം സുഗ്രീവന്‍ തെറ്റു ചെയ്തിട്ടുമില്ല. ഒരു തെറ്റിദ്ധാരണയില്‍നിന്നുണ്ടായ വിരോധമാണ് ശത്രുതയ്ക്ക് ഹേതു. ഒരുപക്ഷേ, ദേഷ്യംകൊണ്ട് തല്ക്കാലം വിരോധം തോന്നിയെങ്കിലും ക്രമേണ സത്യാവസ്ഥമനസ്സിലാക്കി ബാലിക്ക് സുഗ്രീവന്റെ തെറ്റു പൊറുക്കാമായിരുന്നു. പക്ഷെ ബാലി അത്തരക്കാരനല്ല. അഹങ്കാരിയും വൈരാഗ്യബുദ്ധിയുമാണ്. അതിനാല്‍ ഇവരിലൊരാള്‍ക്ക് മാത്രമെ സ്വതന്ത്രമായി ജീവിച്ചിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ശ്രീരാമന്‍ ആരുടെ പക്ഷമാണ് ചേരേണ്ടത്?

ഇന്നത്തെ നേതാക്കന്മാരുടെ രീതി അനുസരിച്ചാണെങ്കില്‍ ശക്തിയുള്ളവനോട് ചേരണം. ആദര്‍ശം തല്ക്കാലം മാറ്റി നിര്‍ത്തിയാലും അതാണ് വേണ്ടത്. അങ്ങിനെയാണല്ലോ ഇന്നും നാം കാണുന്നത്. ബാലിയോട് സഖ്യം ചെയ്യുന്നതായിരുന്നു ശ്രീരാമന് നല്ലത്. പക്ഷെ, ശ്രീരാമന്‍ തന്റെ സ്വാര്‍ത്ഥമായ നന്മയെയല്ല മുന്‍നിര്‍ത്തിയത്. ആദര്‍ശത്തെയാണ്. സുഗ്രീവനാണ് ഇവിടെ ആര്‍ത്തന്‍. ദുഃഖം അനുഭവിക്കുന്നവന്‍. അതിനാല്‍ സുഗ്രീവനാണു സഹായത്തിനര്‍ഹതയുള്ളവന്‍. മാത്രമല്ല ബാലി ജീവിച്ചിരുന്നാല്‍ അയാള്‍ അക്രമസ്വഭാവമുള്ളവനാകകൊണ്ട് മേലിലും മറ്റുള്ളവര്‍ക്ക് അകാരണമായി ദുഃഖമുണ്ടാകുവാനിടയുണ്ട്. അതുകൊണ്ട് ധര്‍മമനുസരിച്ച് ശ്രീരാമന് സുഗ്രീവനെ സഹായിക്കുകയേ നിര്‍വാഹമുള്ളൂ. ബാലിയെ നേരിട്ടു കൊല്ലാന്‍ സാധ്യമല്ല. കാരണം ബാലിയുടെ വരബലം അതാണ്. അതിനാല്‍ ഒളിഞ്ഞുനിന്നു തന്നെ അതു ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. ആധുനിക രാജനീതിയും ദുര്‍ബലരെ സഹായിക്കുക എന്ന ഈ ധര്‍മത്തെതന്നെയാണ് പിന്തുടരുന്നത് എന്ന് കാണാം. ബംഗ്ലാദേശിന്റെ ആവീര്‍ഭാവകാലത്ത് ഭാരതം പാകിസ്ഥാനെതിരായി ആ ദേശത്തെ സഹായിച്ചതും. ശ്രീലങ്കയില്‍ ഒളിപ്പോരാളികള്‍ക്കെതിരായി പട്ടാളത്തെ അയച്ചതും ഇതേ ആദര്‍ശത്തെ തന്നെയാണ് വ്യക്തമാക്കുന്നത്. ദുര്‍ബലരെ അക്രമികളില്‍ നിന്നും രക്ഷിക്കുക എന്ന് എന്നത്തെയും രാജധര്‍മ്മമാണ്.

രാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്. രഘുവംശത്തെകുറിച്ച് കാളിദാസന്‍ പറഞ്ഞിരിക്കുന്നത്. നോക്കുക.

ത്യാഗായസംഭൃദാര്‍ത്ഥാനാം
സത്യായമിതഭാഷിണാം
യശസേവിജിഗീഷൂണാം
പ്രയായൈഗൃഹമേധിനാം

ശൈശവേഭ്യസ്തവിദ്യാനാം
യൗവനേ വിഷയൈഷിണാം
വാര്‍ദ്ധകേമുനിവൃത്തീനാം
യോഗേനാന്തേതനുംത്യജാം

അവരുടെ ജീവിതം മുഴുവനും ആദര്‍ശത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. സ്വാര്‍ത്ഥതയ്‌ക്കോ സ്വാര്‍ത്ഥപരമായ ഉദ്ദേശ്യങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. അതിനാല്‍ പ്രജകളുടെ ഹിതവും വര്‍ത്തമാനകാലത്തിലെ ആചാരവുമനുസരിച്ചു മാത്രമേ നൃപന് രാജ്യം ഭരിക്കാന്‍ പാടുള്ളൂ. സീത കളങ്കരഹിതയാണെന്ന് ശ്രീരാമന് അറിയാമായിരുന്നു. എങ്കിലും ജനങ്ങള്‍ക്ക് സീതയില്‍ അവിശ്വാസമുണ്ടെന്ന് ചാരന്മാര്‍മുഖേന മനസ്സിലായപ്പോള്‍ സീതയെ തന്റെ രാജപത്‌നീസ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തേണ്ടതായിവന്നു. ജനാധിപത്യമര്യാദയില്‍ അതാവശ്യമാണ്. രഘുവംശത്തിലെ രാജാക്കന്മാര്‍ പരമ്പരാഗതമായി ജനഹിതമനുസരിച്ചുമാത്രം രാജ്യം ഭരിച്ചവരാണ്.

രാജാവിന്റെ ആജ്ഞ ലംഘിക്കുന്നവര്‍ക്ക് മരണശിക്ഷയാണ് ശ്രീരാമന്റെ ഭരണകൂടം നിശ്ചയിച്ചിരുന്നത്. ലക്ഷ്മണന് ശ്രീരാമന്റെ ആജ്ഞ ലംഘിക്കേണ്ടതായി വന്നു. അതിനാല്‍ ലക്ഷ്മണന്‍ ശിക്ഷാര്‍ഹനാണ്. തന്റെ അനുജന്‍ എന്ന നിലയ്ക്ക് സ്വന്തംവ്യക്തിസ്വാധീനമുപയോഗിച്ച് ശ്രീരാമന് ലക്ഷ്മണനെ വേണമെങ്കില്‍ ശിക്ഷയില്‍നിന്ന് ഒഴിവക്കാമായിരുന്നു. പക്ഷെ അത് അധര്‍മമാണ് നിയമത്തിന്റെ മുമ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കു സ്ഥാനമില്ല. അതുകൊണ്ടാണ് ലക്ഷ്മണനെ വധശിക്ഷയ്ക്ക് വിധിച്ചത്. കാലദേശപരിച്ഛിന്നതയില്ലാതെ ഈ ധര്‍മ്മം അനശ്വരമായി വിളങ്ങുന്നു.

തപസ്സുചെയ്ത ശൂദ്രനെ വധിച്ചത് മറ്റൊരപവാദമായി കരുതിപ്പെടുന്നു. ശ്രീരാമന്‍ അയാളെ വധിച്ചത് ശൂദ്രനായതുകൊണ്ടല്ല. ശ്രീരാമന് ശൂദ്രവിരോധമുണ്ടായിരുന്നതായി രാമരായണത്തില്‍ നിന്നു മനസ്സിലാക്കുവാന്‍ സാധ്യമല്ല. കാരണം ശൂദ്രരായ ഗുഹനെയും ശബരിയെയും സ്‌നേഹിച്ചവനാണ് ശ്രീരാമന്‍. മനുഷ്യരെ മാത്രമല്ല വാനരന്മാരായ സുഗ്രീവാദികളെയും. ജടായു തുടങ്ങിയ പക്ഷികളെയും, രാക്ഷസനായ വിഭീഷണനെയും സ്‌നേഹിക്കാന്‍ കഴിഞ്ഞ ശ്രീരാമന് ശൂദ്രനായതുകൊണ്ട് വിരോധമുണ്ടായി എന്നത് വിരോധാഭാസമാണ്. തപസ്സില്‍ രണ്ടുദ്ദേശമാണുള്ളത്. ഒന്ന് അദ്ധ്യാത്മികമായ ഉന്നതിയ്ക്കുവേണ്ടിയുള്ളത്. മറ്റൊന്ന് മനശ്ശക്തിയില്‍കൂടി ഭൗതികമായ നേട്ടങ്ങള്‍ കൈവരിക്കാനും. മറ്റുള്ളവരെ അപായപ്പെടുത്തുവാനും.

മുന്‍കാലങ്ങളില്‍ തപസ്സില്‍ കൂടിയാണ് പലരും ശക്തിയാര്‍ജിച്ചിരിന്നത്. അസുരന്മാര്‍ എല്ലാവരും തപസ്സുചെയ്ത് ശക്തികള്‍ നേടിയ കഥകള്‍ ഉണ്ടല്ലോ. അതിനാല്‍ ദുഷ്ടബുദ്ധികള്‍ ജനദ്രോഹത്തിനായി കഠിനമായ തപസ്സുകള്‍ ചെയ്തിരുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അത് ഒരുതരം ആയുധസംഭരണം തന്നെയായിരുന്നു. മേല്പറഞ്ഞ വ്യക്തി തപസ്സുചെയ്തത് സദുദ്ദേശ്യത്തോടുകൂടിയായിരുന്നില്ല. അയാള്‍ തപസ്സുചെയ്യുമ്പോള്‍തന്നെ ജനങ്ങള്‍ക്ക് ഉപദ്രവങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. അപ്രകാരം നാട്ടുകാരുടെ പരാതി അനുസരിച്ചാണ് ശ്രീരാമന്‍ ശൂദ്രനെ വധിച്ചത്. ആധുനിക ഭരണകൂടത്തിന്റെ നിയമവും ഇതേ നീതി തന്നെയാണ് അനുവര്‍ത്തിക്കുന്നത്. ഒരു വ്യക്തിക്കോ സമൂഹത്തിനോ ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ ആയുധങ്ങള്‍ കൈവശം വയ്ക്കുവാനോ, പരീശീലനം നടത്തുവാനോ ഇന്നും നിയമം അനുവദിച്ചിട്ടില്ല. കാരണം അത് സമാജത്തിലെ മറ്റുള്ളവര്‍ക്ക് ഭാവിയില്‍ ഭീഷണിയുണ്ടാക്കാന്‍ ഇടനല്‍കിയേക്കാം എന്നതുകൊണ്ടാണ്. ഇതേ നയം തന്നെയാണ് ശ്രീരാമനും അന്ന് അനുവര്‍ത്തിച്ചത്. ഭരണാധിപന്‍ എന്ന നിലയില്‍ ശ്രീരാമന്റെ ആ പ്രവൃത്തി ധര്‍മ്മത്തിനു നിരക്കുന്നതുതന്നെയാണെന്നു കാണാം.

വാല്മീകിയുടെ രാമായണം ധര്‍മ്മത്തിന്റെ വ്യാഖ്യാനമാണ്. ശ്രീരാമന്‍ ധര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവവും. കാലത്തിന്റെയും ദേശത്തിന്റെയും സീമകളെ ഉല്ലംഘിച്ചുകൊണ്ട് രാമായണകഥ നിലനില്‍ക്കുന്നത് അതുകൊണ്ടുതന്നെയാണ്. രാമായണം മാനവരാശിക്ക് ആചന്ദ്രതാരം മാതൃകയാണ്.

യാവത് സ്ഥാസ്യന്തിഗിരിയഃ
സരിതശ്ചമഹീതലേ
താവത് രാമായണകഥാ
ലോകേഷുപ്രചരിഷ്യതി

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം