ലോക കായിക മാമാങ്കത്തിന് ലണ്ടനില്‍ വര്‍ണാഭമായ തുടക്കം

July 28, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ലണ്ടന്‍: നാലു വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന ഒളിമ്പിക്‌സ് മാമാങ്കത്തിന് ലണ്ടനില്‍ വര്‍ണാഭമായ തുടക്കം. ഗ്രീസില്‍ വളര്‍ന്ന് ഇടയ്ക്കു തളര്‍ന്നും പിന്നീടു മുഖം മിനുക്കിയും നൂറ്റാണ്ടുകള്‍ പിന്നിട്ട് വന്‍മതിലും തേംസ് നദിയും കടന്ന് ഒളിമ്പിക്‌സ് എന്ന കായിക സംസ്‌കാരം ലണ്ടന്റെ തിരുമുറ്റത്തെ വിസ്മയച്ചെപ്പില്‍. ലണ്ടന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ബിഗ്‌ബെന്നിലെ മണിമുഴക്കത്തോടെയാണ് ലണ്ടന്‍ ഒളിമ്പിക്‌സിനു തുടക്കമായത്. മൂന്നു മിനിറ്റിനുള്ളില്‍ 40 തവണ തുടര്‍ച്ചയായി മുഴങ്ങിയ മണി, സര്‍വ കായിക സംഗമത്തിന്റെ മണിമുഴക്കമായി. തുടര്‍ന്ന് ഒളിമ്പിക് സ്‌റേഡിയത്തില്‍ ബ്രിട്ടീഷ് സംവിധായകന്‍ ഡാനി ബോയിലിന്റെ മനസില്‍ ഇതള്‍വിരിഞ്ഞ വിസ്മയച്ചെപ്പ് ലോകത്തിനു മുന്നില്‍ തുറന്നു.

ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ ഇനി ലണ്‌നിലേക്ക്. അഞ്ഞൂറു ദിവസമായി നടന്ന കൌണ്ട്‌ഡൌണ്‍ ഇന്നു പുലര്‍ച്ചെ അവസാനിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്കു തുടക്കമായത്. 69 ദിനങ്ങളായി നടന്ന ദീപശിഖാ പ്രയാണം ഒളിമ്പിക് സ്‌റേഡിയത്തിലെത്തിയതോടെയാണ് 2012 ലണ്ടന്‍ ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരിതെളിഞ്ഞത്.

എണ്ണായിരത്തോളം ആളുകളുടെ കൈമറിഞ്ഞശേഷമാണ് ദീപശിഖ ഒളിമ്പിക് സ്‌റേഡിയത്തിലെത്തിയത്. ലണ്ടന്‍ ഒളിമ്പിക് സ്‌റേഡിയത്തില്‍ വര്‍ണ പ്രപഞ്ചത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. പാരമ്പര്യവും പരിസ്ഥിതി സൌഹാര്‍ദവും സമ്മേളിക്കുന്ന തരത്തിലായിരുന്നു തുടക്കം. ഓസ്‌കര്‍ ജേതാവ് ഡാനി ബോയില്‍ ഒരുക്കിയ വിസ്മയമായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. ഇംഗ്‌ളീഷ് സാഹിത്യകുലപതി വില്യം ഷേക്‌സ്പിയറുടെ ടെംപസ്‌റ് എന്ന നാടകത്തെ ആസ്പദമാക്കിയായിരുന്നു ഐല്‍സ് ഓഫ് വണ്ടര്‍ എന്നു പേരിട്ട ഉദ്ഘാടനച്ചടങ്ങ് ആവിഷ്‌കരിച്ചത്.

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ വിപ്‌ളവത്തിന്റെ ഓര്‍മകള്‍ ഉയര്‍ത്തിയ കലാസൃഷ്ടി ലോകം അത്ഭുതത്തോടെ നോക്കിനിന്നു. ഒളിമ്പിക് പാര്‍ക്കിലേയ്ക്കു എലിസബത്ത് രാജ്ഞി എത്തിയതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ബ്രിട്ടന്റെ ദേശീയ പതാക റോയല്‍ എയര്‍ഫോഴ്‌സ്, നേവി സേനാംഗങ്ങള്‍ സ്‌റേഡിയത്തിലേയ്ക്കു വഹിച്ചു. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ബ്രിട്ടീഷ് പതാക സ്‌റേഡിയത്തില്‍ ഉയര്‍ന്നു പാറിക്കളിച്ചു. തുടര്‍ന്ന് നടന്ന നയനമനോഹരമായ കലാവിരുന്നിനു സ്‌റേഡിയത്തിലെ പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്.

കുട്ടികളുടെ സ്വന്തം മിസ്‌റന്‍ ബീന്‍ എത്തിയതോടെ സ്‌റേഡിയം ആരവത്തില്‍ മുങ്ങി. സംഗീതത്തിന്റെ അകമ്പടിയില്‍ മിസ്‌റര്‍ ബീന്‍ അവതരിപ്പിച്ച കോമഡി രംഗങ്ങള്‍ ഗാലറിയില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. ഇതിനു പിന്നാലെ നൂറുകണക്കിനു കലാപ്രതിഭകള്‍ അരങ്ങിലെത്തി ദൃശ്യവിരുന്ന് ഒരുക്കി. ഇതിനു ശേഷം താരങ്ങളുടെ മാര്‍ച്ച് പാസ്‌റ്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ താരങ്ങള്‍ തനതു വേഷവിധാനങ്ങളോടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടന്റെ ഗ്രാമീണ സൌന്ദര്യത്തിന്റെ പ്രതിഫലനമായിരുന്നു ചടങ്ങുകള്‍. പരമ്പരാഗത വസ്ത്രങ്ങളിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തിതാരം സുശീല്‍ കുമാറിനു കീഴില്‍ ചുടവുവച്ചു. ഇന്ത്യന്‍ വനിതാ ടീം മഞ്ഞ നിറമുള്ള സാരിയായിരുന്നു ധരിച്ചത്.

നീലനിറത്തിലുള്ള ഓവര്‍കോട്ടും ഇളം നീലനിറമുള്ള ടൈയും മഞ്ഞ തലപ്പാവും ക്രീം കളര്‍ പാന്റ്‌സും ധരിച്ചാണ് പുരുഷ ടീം മാര്‍ച്ചുപാസ്‌റില്‍ സംബന്ധിച്ചത്. ഏറ്റവുമൊടുവില്‍ ലോകം കാത്തിരുന്ന നിമിഷം വന്നടുത്തു. തേംസ് നദിയിലൂടെ പ്രകാശത്തില്‍ മുങ്ങിയ രാജകീയനൌക ഒഴുകി വന്നു. അതില്‍ ഒളിമ്പിക് ദീപശിഖ ജ്വലിച്ചുനിന്നു. ഇവിടെ നിന്നു ഡേവിഡ് ബെക്കാം പകര്‍ന്നു നല്‍കിയ ദീപപ്രഭയുമായി സര്‍ സ്‌റീവ് റെഡ്‌ഗ്രേവ് നേരെ ഒളിമ്പിക് സ്‌റേഡിയത്തിലേയ്ക്ക്. ഇതിനിടെ എലിസബത്ത് രാജ്ഞിയുടെ ഉദ്ഘാടനപ്രസംഗം.

ഏറ്റവുമൊടുവില്‍ അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തിയ ദീപശിഖ തെളിയിക്കല്‍ കര്‍മം. ഏഴു യുവ ബ്രിട്ടീഷ് അത്‌ലറ്റുകള്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. ഏഴു ജ്വാലയില്‍ നിന്നു പകര്‍ന്ന അഗ്‌നി 204 ദീപശിഖയിലേയ്ക്കു ഒന്നൊന്നായി പടര്‍ന്നു. പിന്നെയായിരുന്നു ശരിക്കും വിസ്മയക്കാഴ്ച. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന 204 രാജ്യങ്ങളുടെ പ്രതിനിധികളായി ഓരോ ദീപശിഖകളും ആകാശത്തേയ്ക്കു ഉയര്‍ന്നു ഒരൊറ്റ ശിഖയ്ക്കു തുല്യമായി. ഈ പ്രകാശത്തില്‍ ഒളിമ്പിക് സ്‌റേഡിയം ജ്വലിച്ചുനിന്നു. ഇതു മൂന്നാം തവണയാണ് ലോക കായിക മേളയ്ക്കു ലണ്ടന്‍ വേദിയാകുന്നത്. 204 രാജ്യങ്ങളില്‍നിന്നുള്ള 10490 അത്‌ലറ്റുകളും ഇനി ലണ്ടന്റെ വിശാലമായ ആകാശത്തിനു താഴെ 39 ഇനങ്ങളിലായി മത്സരത്തിനിറങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം