ഭക്തിരോവ ഗരീയസി

July 28, 2012 സനാതനം

*പി.എം. പശുപതിനാഥന്‍*

ഭഗവാന്‍ പറഞ്ഞു:- ‘കര്‍മ്മബന്ധത്തോടു ചേര്‍ന്ന ആത്മാവാണ് ജീവന്‍. ജീവന്റെ മാനസിക ഔന്നത്യത്തെ അടിസ്ഥാനമാക്കി ഭക്തിക്ക് വൈവിദ്ധ്യം കല്പിക്കപ്പെട്ടിട്ടുണ്ട്. പരോപദ്രവത്തിനും അന്യരുടെ നാശത്തിനുമായി എന്ന ഭജിക്കുന്നവരുണ്ട്. അന്യരോടുള്ള ഒടുങ്ങകാത്ത ആസൂയകൊണ്ട്, അവരുടെ വിനാശം ലാക്കാക്കിയും എന്നെ ചിലര്‍ ഭജിക്കാറുണ്ട്. മറ്റു ചിലര്‍ തങ്ങള്‍ വലിയ ഭക്തന്മാരാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായി പ്രദര്‍ശന ഭക്തിയുമായി രംഗത്തുണ്ട്. ഇതിന്ന് താമസഭക്തി എന്നാണ് പേര്. ഭസ്മാസുരാദികള്‍ ഇത്തരം ഭക്തിക്കുള്ള ഉദാഹരണമാണ്.

മറ്റു ചിലരുണ്ട്. പേരിന്നും പെരുമയ്ക്കുമായി എന്നെ ഭജിക്കുന്നവരായിട്ട്, എന്റെ പ്രതിമകളെ അവര്‍ പൂജിക്കുന്നു. എന്നെ അവരില്‍ നിന്നും വിഭിന്നനായിക്കണ്ടുകൊണ്ടാണവരുടെ ആരാധന. ഇതിന് രാജസ ഭക്തിയെന്നാണ് പേര്.

പാപങ്ങള്‍ പോക്കാനും, പൂജിക്കുന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്നു വരുത്താനുമായി എന്നെ ആരാധിക്കുന്ന വേറൊരു വിഭാഗമുണ്ട്. അവരെന്നെ അവരില്‍ നിന്നും അഭിന്നനായിക്കരുതുന്നു. ഇത്തരത്തിലുള്ള ഭക്തിയാണ് സാത്വികം.

മറ്റൊരു വിഭാഗം ഭക്തരുമുണ്ട്. അവര്‍ എന്നെ സര്‍വഭൂതങ്ങളുടെയും ഹൃദ്ദേശത്തില്‍ കുടികൊള്ളുന്നവനായിക്കാണുന്നു. എന്നെ എല്ലാറ്റിലും എല്ലാറ്റിനേയും എന്നിലും കാണുന്ന സമദര്‍ശികളാണവര്‍. അവരുടെ ചിന്തയും ഭാവനയും അനുസ്യുതമായി, ഗംഗാപ്രവാഹംപോലെ, എന്നിലെക്കുതന്നെ പ്രവഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ക്കു എന്നെ നേടുകയെന്നതില്‍ക്കവിഞ്ഞ ലക്ഷ്യങ്ങളൊന്നുമുണ്ടാവില്ല. ഇതിനെയാണ് യഥാര്‍ത്ഥവും നിഷ്‌കളങ്കവുമായ ഭക്തിയായി പ്രകീര്‍ത്തിക്കുന്നത്. നിര്‍ഗുണ ഭക്തിയെന്നും ഇതറിയപ്പെടുന്നു. ശ്രേഷ്ഠമായ അത്യുത്തമമായ – നിലയാണിത്. ഇത്തരം ഭക്തര്‍ മുക്തിപോലും ആഗ്രഹിക്കാറില്ല. എന്നും എന്റെ പരിചരണത്തില്‍ മുഴുകിക്കഴിയാനാണവരുടെ അഭിലാഷം. ഈശ്വരസേവയില്‍ മുഴുകുന്ന ഇവര്‍ക്ക് മുക്തി നല്കപ്പെട്ടാലും വേണ്ട എന്നതാണവസ്ഥ. ഉന്നതാവസ്ഥയിലുള്ള ഭക്തിയത്രേ ഇത്.

ഇത് എങ്ങനെ കരഗതമാകുമെന്നുകൂടി പറയാം. എന്റെ പ്രതിമയ്ക്കു മുന്‍പില്‍ നമസ്‌ക്കരിച്ചും പ്രതിമകളെ ഈശ്വര പ്രതീകങ്ങളെന്നു കരുതി പൂജിച്ചും, സര്‍വ്വഭൂതങ്ങളേയും ഈശ്വരാവാസ കേന്ദ്രങ്ങളായിക്കരുതി അവയെ ആദരിച്ചും, അനുഭുതിയിലൂടെ ഈശ്വരസാക്ഷാത്കാരം നേടിയ സിദ്ധന്മാരെ ആരാധിച്ചും, ദുഃഖതപ്തരായ പ്രാണികളുടേയെല്ലാം ആര്‍ത്തിനാശനം ആഗ്രഹിച്ചും, സഹജീവികളോട് കാരുണ്യം പ്രദര്‍ശിപ്പിച്ചും എന്റെ കഥകള്‍ ശ്രവിച്ചും ഉരുക്കഴിച്ചും കഴിയുന്നവര്‍ക്ക് മേല്‍പ്രസ്താവിച്ച ഉത്തമ ഭക്തിയുടെ അത്യുന്നത ഗോപുരത്തില്‍ ചെന്നു ചേരാന്‍ സാധിക്കും.

സര്‍വ ചരാചരങ്ങളിലും ഞാന്‍ വ്യാപിച്ചിരിക്കുന്നു. ഈ സത്യമറിയാതെ, കേവലം പ്രതിമകളെ ആരാധിക്കുന്നതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമില്ല. അവിഹിതമാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ച പണം ചെലവാക്കി വാങ്ങുന്ന പൂജാദ്രവ്യങ്ങള്‍ കൊണ്ട് പ്രതിമാരാധനം നടത്തുന്നവരോട് എനിക്ക് ഒട്ടും താല്പര്യമില്ല. സ്വന്തം ഹൃദയത്തിലും സര്‍വ്വഭൂതങ്ങളിലും ഒരുപോലെ ഞാന്‍ നിവസിക്കുന്നുണ്ടെന്ന സത്യബോധം ഉദിക്കുമാറുവേണം പ്രതിമാരാധനയും കര്‍ത്തവ്യകര്‍മ്മ നിര്‍വ്വഹണവും ഒരുത്തന്‍ നടത്താന്‍ സര്‍വ്വവ്യാപിയായ പരമാത്മാവിന്റെ അംശം തന്നെയാണ് തന്നില്‍ കുടികൊളളുന്ന ജീവാത്മാവെന്ന സത്യം ഗ്രഹിക്കാത്തവര്‍ക്ക് ജന്മമരണ ക്ലേശങ്ങള്‍ പൗന പുന്യേന അനുഭവിക്കേണ്ടിവരുന്നുണ്ടെന്നതാണ് സത്യം. അതുകൊണ്ട് എന്നെ തന്നിലും സഹജീവികളിലും ഒരുപോലെ നിവസിക്കുന്നവനായി കാണുന്നവരാണ് എന്റെ യഥാര്‍ത്ഥഭക്തര്‍. അതിനാല്‍ പ്രണിപാതം, പരിപ്രശ്‌നം, സേവനം, ശ്രദ്ധായുക്തമായ ആത്മസമര്‍പ്പണം തുടങ്ങിയ പ്രക്രീയകളിലൂടെ ശ്രമിക്കുകയാണ് യഥാര്‍ത്ഥഭക്തന്മാരുടെ കര്‍ത്തവ്യം.

ഇക്കാണുന്ന സര്‍വ്വവും ഈശാവാസ്യമാണെന്ന് കരുതിയും, ജീവാത്മാവിന്റെ രൂപത്തില്‍ പരമാത്മാവ് എല്ലാറ്റിനും അദിവ്യാപിച്ച് സ്ഥിതിചെയ്യുന്നുണ്ടെന്ന് തോന്നിയും, സര്‍വാന്തര്‍യാമിയായി വര്‍ത്തിക്കുന്നത് ഞാനല്ലാതെ മറ്റൊന്നുമല്ലെന്ന് മനസ്സിലാക്കിയും എന്നെ മനസാ ആരാധിച്ച് നിര്‍വൃതിനേടിയും കഴിയുകയെന്നതാണ് ഒരു യഥാര്‍ത്ഥഭക്തന്റെ ജീവിത സായൂജ്യം. അവരെത്ര ധന്യരും ഭാഗ്യവാന്മാരും. അത്തരക്കാരത്രേ എനിക്ക് ഏറ്റവും പ്രിയരായിട്ടുള്ളവര്‍. ഞാന്‍ കാലസ്വരൂപനാണ്. ലോകക്ഷയകൃത്താണ് ഞാന്‍. എല്ലാ വസ്തുക്കളേയും ജന്തുക്കളേയും ഞാന്‍ സംഹരിക്കുന്നുണ്ട്. എന്നോടുള്ള ഭയം കൊണ്ടാണ് വായു വീശുന്നത്. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും എന്നോടുള്ള ഭീതികൊണ്ടാണ്. വൃക്ഷതലതാദികള്‍ കാലാകാലങ്ങളില്‍ പുഷ്പിക്കുന്നതും ഫലിക്കുന്നതും ഇതേ ഭീതികൊണ്ടാണ്.

നദികള്‍ പ്രവഹിക്കുന്നതും സമുദ്രങ്ങള്‍ വേലോല്ലംഘനത്തിന് തുനിയാതിരിക്കുന്നതും എന്നോടുള്ള ഭീതികൊണ്ടുമാത്രമാണ്. ഞാന്‍ സൃഷ്ടാവാണ് സംഹര്‍ത്താവുമാണ്. കാലാത്മകനായ ഞാനാണ് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും, സംരക്ഷിക്കുന്നതും സംഹരിക്കുന്നതും, മാതൃപിതൃപരമ്പരകളിലൂടെ ജീവരാശികളുടെ അനുസ്യൂതവും അപ്രതീഹതവുമായ ജന്മമരണപ്രവാഹത്തെ നിയന്ത്രിക്കുന്നതും ഞാന്‍തന്നെ. മൃത്യുദേവനായ യമനെപോലും ഞാന്‍ നിഹനിക്കുന്നു. നിത്യനും സര്‍വ്വഗതനും, സ്ഥാണുവും അചലനും സനാതനുമാണ് ഞാന്‍. സര്‍വ്വരക്ഷകനും അതുപോലെ സര്‍വ്വഭക്ഷകനുമാണ് ഞാന്‍. ഞാന്‍ നിത്യനും നിരാമയനും നിരീഹനും നിഷ്‌കളങ്കനുമാണ്. ഈ പ്രപഞ്ചം എന്റെ വിഭൂതി വിസ്താരമാണ്. ഞാനില്ലെങ്കില്‍ പ്രപഞ്ചമില്ല. പ്രപഞ്ചമില്ലെങ്കിലും ഞാനുണ്ടാവും.

അചഞ്ചലമായ ചേതോവൃത്തി എന്നിലേക്ക് അപ്രതിഹതമായി തിരിയുമ്പോള്‍ അതിനെ ഉത്തമഭക്തിയെന്ന് പറയുന്നു. അതാണ് ഞാന്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നതും’.

അതെ, മോക്ഷസാധനസാമഗ്രികളില്‍ ഭക്തിതന്നെയാണ് പ്രമുഖമായിട്ടുള്ളത്.

ഭക്ത്യാത്വനന്യയാ ശക്യഃ
അഹമേവം വിധോfര്‍ജ്ജുന!
ജ്ഞാതും ദ്രഷ്ടുംചതത്ത്വേന
പ്രവേഷ്ടം ച പരംതപ’

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം