വിതുരയിലെ ഐസര്‍ നിര്‍മ്മാണ പ്രദേശം സ്പീക്കര്‍ സന്ദര്‍ശിച്ചു

July 28, 2012 കേരളം

തിരുവനന്തപുരം: വിതുര ഐസര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, എഡ്യൂക്കേഷന്‍ & റിസര്‍ച്ച്) നിര്‍മ്മാണ മേഖല സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഇന്ന് സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ലന്നും, ഇത് പരിശോധിക്കാന്‍ ഐസര്‍ ഭാരവാഹികള്‍ക്ക് ബാധ്യതയുണ്ടെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. തൊഴിലാളികള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് താമസിക്കുന്നത് എന്നറിഞ്ഞാണ് സ്പീക്കര്‍ സന്ദര്‍ശനം നടത്തിയത്.

ഭാവിയില്‍ ലോക പ്രശസ്തമായ ഒരു സ്ഥാപനമായി മാറാവുന്ന ഐസര്‍ വിതുരയില്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിനായുള്ള സംവിധാനം ഒരുക്കികൊടുക്കേണ്ടതുമുണ്ട്. എന്നാല്‍, അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് അനാരോഗ്യകരമായ ചുറ്റുപാടില്‍ താമസിക്കേണ്ടി വരുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ കരാറുകാര്‍ക്ക് നല്‍കി എന്നതിനാല്‍ ഐസര്‍ ഭാരവാഹികള്‍ക്ക് അതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിയാനുമാവില്ല. നിരന്തരമായ മേല്‍നോട്ടവും സൂക്ഷ്മമായ വിലയിരുത്തലും ഓരോ ഘട്ടത്തിലും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയില്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.  താമസിക്കുന്നവരുടെ എണ്ണത്തിനനുസരിച്ചുള്ള താമസസൗകര്യം തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്.  അവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കികൊടുക്കാന്‍ കരാറുകാരും ഐസര്‍ ഭാരവാഹികളും ബാധ്യസ്ഥരാണെന്നകാര്യം മറന്നുപോകുന്നതാണ് പ്രശ്‌നമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.  ഇത് മാറിയേ പറ്റൂ. കൂടുതല്‍ തൊഴിലാളികളെ ഇനിയും നിയോഗിക്കണമെങ്കില്‍, അവരുടെ താമസ സൗകര്യങ്ങള്‍ പ്രത്യകിച്ചും അടുക്കളയും ശൗചാലയങ്ങളും ആവശ്യത്തിന് ഉണ്ടായിട്ടു മാത്രമേ അങ്ങിനെ ചെയ്യാവൂ എന്ന് സ്പീക്കര്‍  നിര്‍ദ്ദേശിച്ചു.

ഇപ്പോഴുള്ള തൊഴിലാളികളുടെ അടിസ്ഥാനസൗകര്യങ്ങള്‍, പൂര്‍ണ്ണമായും കുറ്റമറ്റതാക്കണമെന്നും ഐസര്‍ ഭാരവാഹികള്‍ ഇത് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐസറിന്റെ നിര്‍മ്മാണ കാര്യങ്ങളും തൊഴിലാളികളുടെ താമസ പ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍, ഐസര്‍ ഭാരവാഹികളുടെ ഉന്നതതലയോഗം ഉടനെ വിളിക്കുമെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം