എല്ലാ പോലീസ് ഓഫീസുകളിലും സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ വരുന്നു

July 29, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ  പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കുന്നതിനായി സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2010-2011 സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പൊതുജനങ്ങള്‍ക്കു പോലീസ് സ്റേഷനുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് ഈ സംരംഭത്തിന്റെ സവിശേഷത. കേരള സംസ്ഥാന ഐടി മിഷനാണ് ഇതിനാവശ്യമായ സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തത്.

ഈ സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് ഏതു പോലീസ് ഓഫീസുകളിലേക്കുമുളള പരാതിയും സംസ്ഥാനത്തെ ഏത് പോലീസ് സ്റേഷനിലും സമര്‍പ്പിക്കാനാവും. പരാതികള്‍ക്കു രസീത് നല്‍കല്‍, പരാതി മറ്റ് ഓഫീസുകളിലേക്ക് അയയ്ക്കല്‍ എന്നിവ ഇതിലൂടെ ഓണ്‍ലൈനായി ചെയ്യാം. തങ്ങള്‍ നല്‍കിയ പരാതിയുടെ അന്വേഷണ പുരോഗതി രസീത് നമ്പര്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതു പോലീസ് സ്റേഷനില്‍നിന്നും ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്ന ടച്ച് സ്ക്രീന്‍ കിയോസ്കുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും.

പോലീസ് സ്റേഷനുകളില്‍നിന്ന് ഉയര്‍ന്ന ഓഫീസുകളിലേക്കുളള കത്തുകള്‍, പോലീസ് സ്റേഷനിലെ ഉദ്യോഗസ്ഥര്‍, മേലുദ്യോഗസ്ഥര്‍ക്ക് അയയ്ക്കുന്ന അപേക്ഷകള്‍ എന്നിവയും ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനായി അയയ്ക്കാം.

ഇതോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുളള ജില്ലാതല പരിശീലന പരിപാടികള്‍ നടന്നുവരുന്നു. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുളള ജില്ലകളിലെ പരിശീലനം പൂര്‍ത്തിയായി. മറ്റു ജില്ലകളിലെ പരിശീലന പരിപാടികള്‍ അടുത്തമാസം പൂര്‍ത്തിയാകും. പരിശീലന പരിപാടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനമൊട്ടാകെ ഈ സംവിധാനം നിലവില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം