ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 32 പേര്‍ മരിച്ചു

July 30, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് ട്രെയിനിനു തീപിടിച്ചു 32 പേര്‍ മരിച്ചു. ചെന്നൈ – ന്യൂഡല്‍ഹി തമിഴ്നാട് എക്സ്പ്രസിലെ എസ് 11 കോച്ചിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 4.28ഓടെയാണ് സംഭവം. അപകടമുണ്ടാകുമ്പോള്‍ യാത്രക്കാരില്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. അഗ്നിബാധയില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 72 യാത്രക്കാരാണ് തീപിടിച്ച ബോഗിലിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്സും റെയില്‍വേ സുരക്ഷ സേനയുമായുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപകടമുണ്ടായ ശേഷം നിരവധി യാത്രക്കാര്‍ പുറത്തിറങ്ങാനാകാതെ കോച്ചിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്. നെല്ലൂര്‍ റെയില്‍വേ ഡപ്യൂട്ടി സ്റേഷന്‍ മാസ്ററാണ് ട്രെയിനിന്റെ തീപിടുത്തം ആദ്യം കാണുന്നത്. കോച്ചിന്റെ ടോയ് ലറ്റിന്റെ ഭാഗത്തുനിന്നാണ് തീപിടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു ഉടന്‍തന്നെ ട്രെയിനില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശിക എംഎല്‍എ അടക്കമുള്ള ജനനേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

തീപിടിച്ച കോച്ച് ട്രെയിനില്‍ നിന്നു വേര്‍പെടുത്തിയതായി ജില്ലാ കലക്ടര്‍ ഇ ശ്രീധര്‍ അറിയിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. തലനാരിഴയ്ക്കാണ് താന്‍ രക്ഷപെട്ടതെന്നും തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് ട്രെയിനില്‍ നിന്നു പുറത്തേയ്ക്കു ചാടുകയായിരുന്നുവെന്നും എസ് 11 കോച്ചുകളിലെ യാത്രക്കാരിലൊരാളായ സുധീര്‍ പറഞ്ഞു. തനിക്കു രക്ഷപെടാന്‍ കഴിഞ്ഞെങ്കിലും നിരവധി യാത്രക്കാര്‍ കോച്ചിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നും സുധീര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. അപ്പര്‍ ബെര്‍ത്തില്‍ ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ അപകടത്തില്‍ മരിച്ചതായാണ് ലഭിക്കുന്ന സൂചന. ഗ്യാസ് കട്ടറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോഗി അറുത്തുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഹെല്‍പ്ലൈന്‍: 04027786723, 27700868(സെക്കന്തരാബാദ്), 08662345863, 2345864(വിജയവാഡ), 08612331477, 2576924(നെല്ലൂര്‍).

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം