മന്ത്രിസഭയിലെ ചിലര്‍ ഒന്നിനും കൊള്ളാത്തവരെന്ന് സുധീരന്‍

July 30, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും, മന്ത്രിമാരില്‍ പലരും പേഴ്സണല്‍ സ്റാഫിന്റെ പിടിയിലാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എന്നാല്‍, മന്ത്രിമാരെല്ലാം മികച്ച പ്രവര്‍ത്തനശേഷിയുള്ളവരാണെന്നും ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന സുധീരന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടിയായി പറ ഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പില്‍ വ്യത്യസ്ത ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. മന്ത്രിമാരില്‍ കഴിവുള്ളവരുണ്ടെ ങ്കിലും ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്നായിരുന്നു വി.എം സുധീരന്റെ പ്രസ്താവന. നാട്ടില്‍ എന്തു സംഭവിക്കുന്നുവെന്ന് അറിയാത്ത മന്ത്രിമാരുമുണ്ട്. പലരും പേഴ്സണല്‍ സ്റാഫിന്റെ പിടിയിലാണ്. പേഴ്സണല്‍ സ്റാഫിന്റെ നിര്‍ദേശമനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ നല്‍കേണ്ട നിര്‍ദേശങ്ങള്‍ ചില പേഴ്സണല്‍ സ്റാഫംഗങ്ങള്‍ നല്‍കുന്നു.

മുഖ്യമന്ത്രി നന്നായി അധ്വാനിക്കുന്നുണ്ട്. എന്നാല്‍, മറ്റുള്ളവരും ഇതേപോലെ അധ്വാനിക്കാതെ പ്രയോജനമില്ല. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പല തെറ്റുകളും യുഡിഎഫും ആവര്‍ത്തിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കെതിരേയും സുധീരന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം