തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നു

July 30, 2012 കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം ഭൂമി ആദായകരമായ രീതിയില്‍ വിനിയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചു. അതിന്റെ ഭാഗമായി ശംഖുംമുഖം, കഴക്കൂട്ടം, വണ്ടാനം, അരൂര്‍, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആധുനിക രീതിയിലുള്ള പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുടങ്ങുന്നുതുടങ്ങാന്‍ ദേവസ്വം ബോര്‍ഡ്‌ ആലോചിക്കുന്നു.

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിലയ്ക്കലില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റുസ്ഥലങ്ങളില്‍ പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നും നിര്‍ദേശം ക്ഷണിക്കും.

ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിട്ടുണ്ട് എന്നും ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു.

പമ്പയില്‍ വഴിപാടുസാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ദേവസ്വം ജീവനക്കാരുടെ താമസത്തിനുമായി ഒരു ബഹുനിലക്കെട്ടിടം നിര്‍മിക്കും.

കണ്ടെയ്‌നറുകളില്‍ അരവണ നിറയ്ക്കുന്നതിനും കണ്ടെയ്‌നര്‍ അടയ്ക്കുന്നതിനുള്ള യന്ത്രം എത്രയും പെട്ടെന്ന് പ്ലാന്റില്‍ സ്ഥാപിക്കും.

നിലയ്ക്കലില്‍ കുടിവെള്ളത്തിനായി ശുദ്ധീകരണ സംവിധാനം സ്ഥാപിക്കുന്നതാണ്. കുടിവെള്ളം സംഭരിക്കുന്നതിന് ശബരിമല പാണ്ടിത്താവളം ഭാഗത്ത് 20 ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള രണ്ട് വാട്ടര്‍ ടാങ്കുകളും സ്ഥാപിക്കും. കുമ്പളം തോട്ടില്‍ നിന്നും പാണ്ടിത്താവളം വാട്ടര്‍ ടാങ്കിലേക്ക് പുതിയ പൈപ്പ് ലൈന്‍ കൊണ്ടുവരും.

പാണ്ടിത്താവളത്തു നിന്നും ഡോണര്‍ ഹൗസ് നാലുവരെ കോണ്‍ക്രീറ്റ് പാത നിര്‍മ്മിക്കും. പമ്പ – മരക്കൂട്ടം പരമ്പരാഗത പാതയില്‍ പതിനാറു സ്ഥലത്ത് മേല്‍ക്കൂര നിര്‍മിക്കും. ഈ ജോലികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കും.

ശബരിമല ഇടത്താവളങ്ങള്‍ കൂടുതല്‍ ശുചിയായി സൂക്ഷിക്കാന്‍ ബോര്‍ഡ് പ്രത്യേകം ശ്രദ്ധിക്കും. അയ്യപ്പഭക്തര്‍ക്ക്‌ വിരിവയ്ക്കുന്നതിനും കുടിവെള്ളത്തിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും മെച്ചപ്പെട്ട സൗകര്യമേര്‍പ്പെടുത്തും.

കൂടാതെ, വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പന്മാര്‍ക്കുവേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം